തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ പ്രതികരിക്കുന്നതിനിടേയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ്. അതിനെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവര്‍ ആലോചിക്കണമെന്നാണ് കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്.

‘നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന സമാധരണീനയായ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആകസ്മികമായ നിര്യാണ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്നലത്തെ പ്രഭാതം എനിക്ക് തുടങ്ങേണ്ടി വന്നത്. പ്രതിപക്ഷ കക്ഷികളുടെ യോഗവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം രാത്രി ഏറെ വൈകിയാണ് ഉറങ്ങാന്‍ ചെന്നത്. അതിരാവിലെ ഞെട്ടിയുണര്‍ന്നത് ഈ വാര്‍ത്തയും കേട്ടുകൊണ്ടായിരുന്നു. വല്ലാതെ ഉലഞ്ഞു പോയി. ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞ് പോവുമെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല’ കെസി വേണുഗോപാല്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരം അറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തുകയും കാര്യങ്ങള്‍ ഏകോപിപ്പിക്കുയും ചെയ്തു. അപ്പുറത്ത് പ്രതിപക്ഷ കക്ഷികളുടെ യോഗവും തുടങ്ങാനിരിക്കുന്നു. ഈ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗ വാര്‍ത്ത കൂടി അറിഞ്ഞതോടെ മനസ്സ് ആകെ ഒന്ന് പ്രയാസത്തിലാണ്. അതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള നാക്കു പിഴ പലരും ചര്‍ച്ചയാക്കുന്നു എന്നതുകൊണ്ടാണ് ഇത്തരമൊരു പ്രതികരണം നടത്തേണ്ടി വന്നത്.

സമാനതകളില്ലാത്ത ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി. ഞങ്ങളുടെയെല്ലാം മനസ്സില്‍ അദ്ദേഹം ഒരു നേതാവ് മാത്രമല്ല വഴികാട്ടിയും ഗൂരുവും അതിലേറെ അഭിമാനസ്തംഭമായി നില്‍ക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ഞാനും. അങ്ങനെയുള്ള എന്നില്‍ നിന്നും ഉണ്ടായ നാക്കുപിഴയ ഈ രീതിയില്‍ ആഘോഷിക്കണമോയെന്ന് അത് ചെയ്യുന്ന ആളുകള്‍ തീരുമാനിക്കട്ടേയെന്നും കെസി വേണുഗോപാല്‍ പറയുന്നു.

മനുഷ്യ സഹജമായ ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ്. പറ്റിയ തെറ്റ് അപ്പോള്‍ തന്നെ തിരുത്തി. ആ തിരുത്തിയ ഭാഗം കാണിക്കാതെ ഇത് മാത്രം കാണിച്ച്‌ ഇങ്ങനെ മോശമാക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളുത്. എന്നെ കുറ്റപെടുത്തുമ്ബോള്‍ അതിലൂടെ മഹാനായ ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വത്തെ കൂടിയാണ് മോശമാക്കാനാണ് ഇവിടെ ശ്രമിക്കപ്പെടുന്നതെന്ന് അവര്‍ മനസ്സിലാക്കുക.ഉമ്മന്‍ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞ് പോയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളും ആശയങ്ങളും നമ്മെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും എന്നതില്‍ സംശയമില്ല. കേരളം ഒരിക്കലും മറക്കാത്ത ജനപ്രിയനായ നേതാവായിരിക്കും ഉമ്മന്‍ ചാണ്ടി എന്നതില്‍ സംശയമില്ലെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക