വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ച്‌ സ്കൂള്‍ പ്രിൻസിപ്പലിനെ ക്രൂരമായി മര്‍ദിച്ച്‌ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ തലേഗാവിലാണ് സംഭവം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദബാഡെയിലെ ഡി.വൈ പാട്ടീല്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്കൂളിനുള്ളില്‍ പ്രവേശിച്ച്‌ മര്‍ദിച്ചത്.

ചില രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദനം. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയില്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്നും പെണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്നും രക്ഷിതാക്കള്‍ പരാതിയില്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിസ്ത്യൻ വിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് പ്രിൻസിപ്പല്‍ നടത്തുന്നതെന്ന് അക്രമികള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സ്കൂള്‍ മാനേജ്മെന്‍റ് നിഷേധിച്ചു. പ്രിൻസിപ്പലിനെ പിരിച്ചുവിടാൻ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്കൂള്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രിൻസിപ്പല്‍ അവധിയില്‍ പ്രവേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക