നിശ്ചിത സമയവും അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലെത്തിയ തീപാറിയ പോരാട്ടം… ആവേശം വാനോളമുയര്‍ന്ന 2023 സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ സഡൻ ഡെത്തിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. കുവൈറ്റിന്റെ ആറാം കിക്ക് തട്ടിയകറ്റിയ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ വിജയനായകൻ. നിശ്ചിത സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ലാലിയാൻസുവാൻ ചങ്തെയും കുവൈത്തിനുവേണ്ടി അബീബ് അല്‍ ഖല്‍ദിയും ലക്ഷ്യം കണ്ടു. സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ നേടുന്ന ഒൻപതാം കിരീടമാണിത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യയാണ് കൂടുതല്‍ സമയം പന്തടക്കി വെച്ചതെങ്കിലും ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് കുവൈത്ത് ലീഡെടുത്തു. 15-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ പിറന്നത്. ഷബീബ് അല്‍ ഖാല്‍ദിയാണ് ടീമിനായി ഗോളടിച്ചത്.ശിഥിലമായിക്കിടന്ന ഇന്ത്യൻ പ്രതിരോധത്തെ അനായാസം മറികടന്ന് വലതുവിങ്ങിലൂടെ കുതിച്ച അല്‍ ബുലൗഷി ബോക്സിനകത്തേക്ക് പാസ് നല്‍കി. പ്രതിരോധതാരങ്ങള്‍ നിലയുറപ്പിക്കുംമുൻപ് പന്ത് സ്വീകരിച്ച കുവൈത്ത് മുന്നേറ്റതാരം അല്‍ ഖാല്‍ദി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ നിസ്സഹായനാക്കി പന്ത് വലയില്‍ കയറ്റി. ഇതോടെ ഇന്ത്യ പതറി.

തൊട്ടുപിന്നാലെ ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. ചാങ്തെയുടെ പാസില്‍ സുനില്‍ ഛേത്രി ബോക്സിന് പുറത്തുവെച്ച്‌ തകര്‍പ്പൻ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ കമീല്‍ ഒരുവിധം അത് തട്ടിയകറ്റി. 28-ാം മിനിറ്റില്‍ കുവൈത്ത് താരം ഹസൻ അല്‍ എനെസി പരിക്കേറ്റ് പുറത്തായി. പകരം ഹമദ് അല്‍ഹര്‍ബി ഗ്രൗണ്ടിലെത്തി. എന്നാല്‍ താരം ഗ്രൗണ്ടില്‍ വന്നയുടൻ ഇന്ത്യയുടെ സന്ദേശ് ജിംഗാന്റെ ഫൗളില്‍ നിലത്തുവീണു. ഇതോടെ ജിംഗാന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.

34-ാം മിനിറ്റില്‍ പ്രതിരോധതാരം അൻവര്‍ അലി പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. താരത്തിന് പകരം മെഹ്താബ് സിങ്ങാണ് ഗ്രൗണ്ടിലെത്തിയത്. 39-ാം മിനിറ്റില്‍ ബെംഗളൂരു സ്റ്റേഡിയത്തിനെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇന്ത്യ സമനില ഗോള്‍ നേടി. ലാലിയൻസുവാല ചങ്തെയാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. മികച്ച ടീം വര്‍ക്കിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ അതിമനോഹരമായ പാസ് ചങ്തെ അനായാസം വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ സമനില നേടി. പിന്നാലെ ഇരുടീമുകളും ഗോളടിക്കാനായി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ലീഡുയര്‍ത്താനായി ശ്രമിച്ചെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. 62-ാം മിനിറ്റില്‍ ചങ്തെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. പിന്നീട് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാൻ ഇരുടീമുകള്‍ക്കും സാധിച്ചില്ല. ഇരുടീമുകളിലെയും താരങ്ങള്‍ ശാരീരികപരമായി ഏറ്റുമുട്ടിയത് മത്സരത്തിന്റെ താളത്തെ പ്രതികൂലമായി ബാധിച്ചു. പിന്നാലെ രണ്ടാം പകുതിയും അവസാനിച്ചു. മത്സരം അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിലും കാര്യമായ അവസരങ്ങള്‍ പിറന്നില്ല. 119-ാം മിനിറ്റില്‍ ചങ്തെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി സുനില്‍ ഛേത്രിയാണ് ആദ്യം കിക്കെടുത്തത്. താരം അനായാസം വലകുലുക്കി. എന്നാല്‍ കുവൈത്തിന്റെ എമ്മെ ദഹം എടുത്ത ആദ്യ കിക്ക് ബാറിലിടിച്ച്‌ തെറിച്ചു. ഇന്ത്യയ്ക്കായി രണ്ടാം കിക്കെടുത്ത ജിംഗാനും ലക്ഷ്യം കണ്ടു. കുവൈത്തിനായി രണ്ടാം കിക്കെടുത്ത ഫവാസ് ലക്ഷ്യം കണ്ടതോടെ സ്കോര്‍ 2-1 ആയി. ചങ്തെയെടുത്ത ഇന്ത്യയുടെ മൂന്നാം കിക്കും വലതുളച്ചതോടെ ഇന്ത്യ ലീഡ് 3-1 ആക്കി ഉയര്‍ത്തി. എന്നാല്‍ കുവൈത്തിനായി മൂന്നാം കിക്കെടുത്ത അല്‍ ദഫൈരി ലക്ഷ്യം കണ്ട് ലീഡ് 3-2 ആക്കി കുറച്ചു.

ഇന്ത്യയുടെ നാലാം കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ചിപ്പ് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇതോടെ ഇന്ത്യ പതറി. അബ്ദൂള്‍ അസീസിലൂടെ കുവൈത്ത് നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോര്‍ 3-3 ആയി. ഇതോടെ മത്സരം ആവേശത്തിലായി. സുഭാശിഷാണ് ഇന്ത്യയ്ക്കായി അഞ്ചാം കിക്കെടുത്തത്. പന്ത് ഗോള്‍കീപ്പറെ മറികടന്ന് വലയിലെത്തി. കുവൈത്തിനായി അഞ്ചാം കിക്കെടുത്ത അല്‍ ഖല്‍ദിയും ലക്ഷ്യം കണ്ടതോടെ പെനാല്‍റ്റി ഷൂട്ടൗട്ടും സമനിലയായി.

മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. ഇന്ത്യയ്ക്ക് വേണ്ടി മഹേഷ് സിങ് നയോറമാണ് ആറാം കിക്കെടുത്തത്. ഇത് വലയില്‍ കയറി. കുവൈത്തിനായി ഇബ്രാഹിമെടുത്ത ആറാം കിക്ക് തട്ടിയകറ്റി ഗുര്‍പ്രീത് സിങ് സന്ധു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഇതോടെ 2023 സാഫ് കപ്പ് ഫുട്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക