സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില അനുദിനം മുകളിലേക്ക് കുതിക്കുമ്ബോള്‍ ‘ഇറച്ചിക്കോഴി 87 രൂപയ്ക്ക്’ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ തുടക്കംകുറിച്ച ‘കേരള ചിക്കൻ പദ്ധതി’ ലക്ഷ്യത്തിലെത്താതെ മുടന്തുന്നു. ഇറച്ചിക്കോഴിക്ക് ഇപ്പോള്‍ 160 – 175 രൂപയാണ് വില. കോഴിയിറച്ചിക്കാകട്ടെ കിലോയ്ക്ക് 240 രൂപയ്ക്കു മുകളിലും. കോഴിയുത്പാദനം കുറഞ്ഞു, വിലയും കൂടി. ഒരു കിലോ കോഴിയുത്പാദിപ്പിക്കാൻ ആകെ 95 – 105 രൂപയോളം ചെലവാകും.

കൊവിഡിനുശേഷം തീറ്റവിലയിലുണ്ടായ വര്‍ദ്ധന ഏകദേശം 700 – 750 രൂപയാണ്. 50 കിലോ കോഴിത്തീറ്റയ്ക്ക് 1400 – 1500 രൂപയായിരുന്നത് ഇപ്പോള്‍ 2100 – 2200 രൂപയായി ഉയര്‍ന്നു. 1000 കോഴികളെ വളര്‍ത്തുന്ന ഫാമില്‍ 40 ദിവസം കുഞ്ഞുങ്ങള്‍ക്ക് നല്‍കാൻ ആകെ 50 കിലോയുടെ 70 ചാക്ക് തീറ്റ വേണ്ടിവരും. അതായത് 3500 കിലോയോളം. 1000 കുഞ്ഞുങ്ങളെ 40 ദിവസം വളര്‍ത്തുമ്ബോള്‍ ഒരു കോഴി ശരാശരി 2 കിലോ തൂക്കമെത്തും. അങ്ങനെ വരുമ്ബോള്‍ 2000 കിലോ കോഴി 40 ദിവസംകൊണ്ട് ലഭിക്കും. ഒരു കിലോ കോഴിത്തീറ്റയ്ക്ക് ഇപ്പോഴത്തെ നിരക്കനുസരിച്ച്‌ 42 രൂപ വില വരും. അപ്പോള്‍ 3500 കിലോ തീറ്റയ്ക്ക് 1,47,000 രൂപ. വൈദ്യുതി, വെള്ളം, ലേബര്‍ ചാര്‍ജ്, വാഹനച്ചെലവ്, വിരിപ്പ്, മരുന്ന്, സപ്ലിമെന്റുകള്‍ എന്നിവയിലും ചെലവുണ്ട്. ചുരുക്കത്തില്‍ ഒരു കിലോ കോഴി ഉത്പാദിപ്പിക്കാൻ 95 – 105 രൂപ ചെലവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഉപഭോഗത്തിന് ആവശ്യമായ കോഴിയിറച്ചി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബര്‍ 30നാണ് മുഖ്യമന്ത്രി മലപ്പുറത്ത് കേരള ചിക്കൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗള്‍ട്രി മിഷൻ, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി നല്‍കുകയും 40 ദിവസം വളര്‍ച്ചയെത്തുന്ന മുറയ്ക്ക് കോഴികളെ തിരികെ വാങ്ങി പരിപാലനച്ചെലവായി കിലോഗ്രാമിന് എട്ടു മുതല്‍ 11 വരെ രൂപ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി.

സാദ്ധ്യതാപഠനം നടത്താതെ കമ്ബനി രൂപീകരിച്ചതും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നത് പുറംവിപണിയെ ആശ്രയിച്ചും തിരിച്ചടിയായി. കൂടാതെ വിപണി പഠിക്കാതെയും ആസൂത്രണമില്ലാതെയുമുള്ള പ്രവര്‍ത്തനം, ബ്രീഡര്‍ഫാമുകള്‍, ഹാച്ചറി, തീറ്റ വിതരണ യൂണിറ്റുകള്‍ തുടങ്ങിയവ ആരംഭിക്കാനാകാത്തതും പദ്ധതി പരാജയപ്പെടാനും പ്രതിസന്ധിയുടെ ആഴംകൂട്ടാനും ഇടയാക്കി.നോഡല്‍ ഏജൻസിയായിരുന്ന ബ്രഹ്മഗിരി വിപണന രംഗത്തുനിന്നു മാറിയിരുന്നു. പിന്നീട് സ്വന്തം ബ്രീഡര്‍ ഫാമും ഹാച്ചറിയും ബ്രോയ്ലര്‍ ഫാമും സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും അതൊന്നും നടന്നില്ല. തമിഴ്നാട്ടില്‍ നിന്നു കുഞ്ഞുങ്ങളും തീറ്റയും വാക്സീനും വരുത്തി കര്‍ഷകര്‍ക്കു നല്‍കിയാണു ഇപ്പോഴും പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ നിയന്ത്രണം പരോക്ഷമായി സ്വകാര്യ മേഖലയുടെ കൈകളില്‍ത്തന്നെയാണ്.

സര്‍ക്കാരിന് നഷ്ടം കോടികള്‍: കേരള ചിക്കൻ സംവിധാനം സര്‍ക്കാര്‍ ഖജനാവിന് വരുത്തിവച്ചത് 16.07 കോടിയുടെ നഷ്ടം. സി.എ.ജി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് കുടുംബശ്രീ അയല്‍ക്കൂട്ട സംവിധാനം മുഖേന ആവിഷ്‌കരിച്ച പദ്ധതി പാളിയത് ചൂണ്ടിക്കാട്ടിയത്. പദ്ധതിയിലൂടെ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്താതായതോടെ ഇതിനായി രൂപീകരിച്ച കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയത്. മൂന്ന് ജില്ലകളിലും ബ്രീഡര്‍ഫാമുകളും മാംസ സംസ്‌കരണ പ്ലാന്റുകളും സ്ഥാപിക്കാനായി 2019ല്‍ 6 കോടിയും 2020ല്‍ 10.07 കോടിയും അനുവദിച്ചു. എന്നാല്‍, കുടുംബശ്രീക്കോ കെ.ബി.എഫ്.പി.സി.എല്ലിനോ നിര്‍മ്മാണപ്രവര്‍ത്തനത്തിന് അനുയോജ്യമായ ഭൂമി പോലും കണ്ടെത്താനായിട്ടില്ല.

കര്‍ഷകര്‍ കടക്കെണിയില്‍: കേരള ചിക്കൻ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ നിലവില്‍ ലക്ഷങ്ങള്‍ കടത്തിലാണ്. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് കീഴില്‍ കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകരാണ് തുക ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിത്തുധനം, പരിപാലന ചെലവ് ഇനങ്ങളില്‍ മൂന്നരക്കോടിയിലധികം രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റി നല്‍കാനുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

ജനുവരി 23ന് സമരം ചെയ്തപ്പോള്‍ മാര്‍ച്ച്‌ അവസാനത്തോടെ തുക ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, മുഴുവൻ തുകയും നല്‍കാൻ സൊസൈറ്റിക്ക് സാധിച്ചിട്ടല്ല. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പവാങ്ങി വിത്തുധനം നല്‍കുകയും പരിപാലനച്ചെലവ് വഹിക്കുകയും ചെയ്ത കര്‍ഷകര്‍ കടക്കെണിയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക