കൈക്കൂലി കേസില്‍ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പര്‍വീന്ദര്‍ സിംഗിനെ പിടികൂടിയത് പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. കേരളാ വിജിലൻസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കൈക്കൂലി കേസില്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ പിടികൂടുന്നത്. ഒന്നര ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും സിംഗിനെ പിടികൂടിയ ശേഷം വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസ് വ്യക്തമാക്കി.

സെൻട്രല്‍ ടാക്‌സ് ആന്റ് എക്സൈസ് കല്‍പ്പറ്റ റെയ്ഞ്ച് സൂപ്രണ്ടാണ് കൈക്കൂലി കേസില്‍ പിടിയിലായ പര്‍വീന്ദര്‍ സിംഗ്. വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കരാറുകാരനായ വ്യക്തിയുടെ പരാതിയില്‍ ഇന്ന് ഉച്ചയ്ക്കാണ് പ്രതിയെ പിടികൂടിയത്. ഹരിയാന സ്വദേശിയായ പര്‍വീന്ദര്‍ സിംഗ് ഒരു ലക്ഷം രൂപ പരാതിക്കാരനോട് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്. റിമാൻഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം തിങ്കളാഴ്ച തന്നെ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കുമെന്ന് സിബി തോമസ് അറിയിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിക്കാരൻ സ്റ്റേഷനില്‍ വന്ന് പരാതി എഴുതി നല്‍കിയിരുന്നു. അപ്പോള്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് ലക്ഷം രൂപയാണ് ജിഎസ്ടി സൂപ്രണ്ട് പര്‍വീന്ദര്‍ സിംഗ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതിക്കാരൻ ഒന്നര ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞു. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച്‌ ഒരു ലക്ഷം രൂപയാണ് പരാതിക്കാരൻ കൊണ്ടുവന്നത്.

1.5 കോടി രൂപയുടെ പ്രവര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം ചെയ്തതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാല്‍ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോള്‍ അത് രണ്ട് കോടി രൂപയുണ്ടെന്ന് പറയുന്നു. ഇതില്‍ ഒൻപത് ലക്ഷം രൂപ നികുതി അടക്കാൻ കുടിശികയുണ്ടെന്നാണ് പരാതിക്കാരനോട് പര്‍വീന്ദര്‍ സിംഗ് പറഞ്ഞത്. അത് വേണമെങ്കില്‍ ഒഴിവാക്കാം, പക്ഷെ മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തെ അടച്ചിരുന്നുവെന്നും എന്നും ഡിവൈഎസ്‌പി സിബി തോമസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക