പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍ നിന്ന് 108 കോടി രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹഫീസ് (30) ആണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് ഗോവ ക്രൈംബ്രാഞ്ചാണ് ഹഫീസിനെ അറസ്റ്റ് ചെയ്തത്. യുഎഇയില്‍ സ്‌കൂളുകളും കണ്‍സ്ട്രക്ഷൻ ബിസിനസും നടത്തുന്ന ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്ന് 2018 ജൂലൈയ്ക്കും 2022 മാര്‍ച്ചിനും ഇടയില്‍ 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ്‌ കേസ്.

കൊച്ചി മരടിലെയും ബെംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരില്‍ വ്യാജ രേഖകള്‍ നല്‍കി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഇതിനായി വൻകിട സ്വത്ത് ഇടപാടുകളുടെയും ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകളുടെയും വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നാണ് ആരോപണം. ഗോവയിലെ ആദായനികുതിവകുപ്പ് ചീഫ് കമ്മീഷണറുടെ വ്യാജകത്ത് തയാറാക്കി പണം തട്ടിയ കേസിലാണ് ഇപ്പോള്‍ ഹഫീസിനെ അറസ്റ്റ് ചെയ്തതെന്ന് ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടര്‍ നരൈൻ ചിമുല്‍കര്‍ പറഞ്ഞു. ആദായനികുതി ചീഫ് കമ്മീഷണറുടെ പേരിലുള്ള വ്യാജ ഒപ്പും സീലും പതിച്ച്‌ കത്ത് തയാറാക്കി ഒരുകോടി രൂപ തട്ടിയെടുത്തതായാണ് ഗോവയിലെ കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ഹാഫിസിനെതിരേ ആലുവ പൊലീസില്‍ ലാഹിര്‍ പരാതി നല്‍കിയത്. 108 കോടി രൂപയും സ്വര്‍ണാഭരണവും തട്ടിയെടുത്തെന്നായിരുന്നു പരാതി. പിന്നീട് അന്വേഷണം ആലുവ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വ്യാജ രേഖകള്‍ നിര്‍മിക്കാൻ സഹായിച്ചെന്ന കുറ്റത്തിന് എറണാകുളം ജില്ലയിലെ അക്ഷയ് എന്നയാളും കേസില്‍ പ്രതിയാണ്. ഇതിനിടെയാണ് ഗോവയിലെ കേസില്‍ ഇപ്പോള്‍ ഹഫീസ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച യുവാവിനെ കോടതില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടര്‍ നരൈൻ ചിമുല്‍കര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക