കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മാനേജ്‌മെന്റിനും അധ്യാപകര്‍ക്കുമെതിരെ ഗുരതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെല്ലാം തട്ടിമിട്ട ജിഹാദികളാണെന്ന് അധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ഥികള്‍ അരോപിച്ചു. ‘ഇവിടെ ഒരു പാര്‍ട്ടിക്കാരുമില്ല. അധ്യാപകരെ ബഹുമാനിച്ച്‌ മാത്രമേ ഞങ്ങളിവിടെ നിന്നിട്ടുള്ളൂ. എന്തിനാണ് പിള്ളാരുടെ ദേഹത്ത് കൈ വെക്കുന്നേ. ഞങ്ങളല്ല പ്രകോപനമുണ്ടാക്കിയത്. മാന്യമായി സംസാരിക്കാനാ ഞങ്ങള്‍ നോക്കിയത്. അവിടെ കുറച്ച്‌ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്യുന്നത് കണ്ടപ്പോള്‍ ഇവിടെ മൊത്തം ജിഹാദികളാണ്. തട്ടമിട്ട കുട്ടികളാ മൊത്തം എന്നാ ആ സാറ് പറഞ്ഞത്. ഇവിടെ ഒരെറ്റ മീഡിയക്കാരും വരാൻ പോകുന്നില്ലെന്നാ മാനേജര്‍ അച്ചൻ പറഞ്ഞത്’. വിദ്യാര്‍ഥികള്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രതികരണം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രൈസ്തവ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത സങ്കടകരമായ കാര്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍. അമല്‍ജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന തൃപ്പൂണിത്തുറ തിരുവാംകുളം സ്വദേശിനി ശ്രദ്ധ സതീഷ് കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ‍്യപ്പെട്ടു. തിങ്കളും ചൊവ്വയുമായി കോളജ് ക്യാമ്പസിൽ ചില തത്പരകക്ഷികളുടെ വ്യക്തമായ അജൻഡ നടപ്പാക്കത്തക്ക വിധത്തില്‍ ഒരുപാടു പേര്‍ കയറിയിറങ്ങി ബഹളങ്ങളുണ്ടാക്കുകയും അസഭ്യം പറയുകയും നാശന ഷ്ടങ്ങളുണ്ടാക്കുകയും കോളജിന്‍റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്ന വളരെ വിഷമകരമായ സാഹചര്യമാണുള്ളത്.

കേരളത്തിലെ ഏറ്റവും മുൻനിരയില്‍ നില്‍ക്കുന്ന, രാജ്യത്തുതന്നെ പേരുകേട്ട, വളരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെയുള്ള സാധാരണ മനുഷ്യരുടെകൂടി അധ്വാനത്തിന്‍റെ ഫലമാണ്. ഇതിനെ നശിപ്പിക്കാൻ ചില തത്പരകക്ഷികള്‍ കൃത്യമായ അജൻഡയോടുകൂടി പ്രവര്‍ത്തിക്കുന്നതായി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള മരണം ഇനിയും ആവര്‍ത്തിക്കപ്പെടാൻ പാടില്ല. അതുകൊണ്ടുതന്നെ ഇതിന്‍റെ കാര്യകാരണങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്; കോളജിനെ സംബന്ധിച്ചും കേരളത്തിലെ പൊതുസമൂഹത്തെ സംബന്ധിച്ചും. ഇതു തേഞ്ഞുമാഞ്ഞുപോയ ഒരു കേസാകാൻ പാടില്ല.

അതുകൊണ്ടുതന്നെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്പുതന്നെ ഈ കേസിനെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കോളജ് മാനേജ്മെന്‍റ് കോട്ടയം എസ്പിക്കു പ്രത്യേകം കത്ത് നല്‍കുകയും ഇതിന്‍റെ പ്രത്യേകതകള്‍ മനസിലാക്കി കൂടുതല്‍ ശ്രദ്ധയോടെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ ദാരുണമായ സംഭവമുണ്ടായത് ജൂണ്‍ രണ്ടിന് വൈകുന്നേരമാണ്. തലേദിവസമാണ് ഒരു മാസത്തെ അവധിക്കു ശേഷം കോളജ് ഹോസ്റ്റലില്‍ ഈ വിദ്യാര്‍ഥിനി മടങ്ങിയെത്തിയത്. അന്നേദിവസംതന്നെ യൂണിവേഴ്സിറ്റി തേര്‍ഡ് സെമസ്റ്ററിന്‍റെ റിസള്‍ട്ട് വന്നു. മൂന്നു സെമസ്റ്ററിലെ റിസള്‍ട്ടില്‍ 16 തിയറി പേപ്പറുകളില്‍ 12 എണ്ണത്തിലും ഈ കുട്ടി പരാജയപ്പെട്ടതായാണ് കാണുന്നത്.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ഒരു താമസവും വന്നിട്ടില്ല. ഡോക്ടര്‍മാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആ കാര്യം മാതാപിതാക്കളെ വിളിച്ചറിയിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.കോളജില്‍നിന്നു മാനേജരും അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ കുറേയധികം ആളുകള്‍ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് രണ്ടു ദിവസങ്ങള്‍ക്കുശേഷം കോളജില്‍ അരങ്ങേറിയ കാര്യങ്ങള്‍ വളരെ സങ്കടകരമാണെന്നും സന്ദേശത്തില്‍ പറയുന്നു.

ഇരു പക്ഷവും ഉയർത്തുന്നത് ഗുരുതരമായ ആരോപണങ്ങൾ; മതപരമായ ധ്രുവീകരണത്തിന് വഴിയൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജിൽ നിലവിൽ സ്ഫോടനാത്മകമായ സാഹചര്യമാണ്. ഒരു ഹിന്ദു പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളും മാനേജ്മെന്റും തമ്മിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ ക്രൈസ്തവ മുസ്ലിം ഭിന്നതയിലേക്ക് വഴിമാറുമോ എന്ന ആശങ്ക ശക്തമാണ്. ഇരുപക്ഷവും ഉയർത്തുന്ന ആരോപണങ്ങൾ വിരൽ ചൂണ്ടുന്നത് ഈ ദിശയിലേക്ക് തന്നെയാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഭരണനേതൃത്വവും സഭാ നേതൃത്വവും, കോളേജ് മാനേജ്മെന്റും വിദ്യാർത്ഥികളും സമചിത്തതയോടെ കാര്യങ്ങളെ സമീപിച്ചില്ലെങ്കിൽ വിഷയം ഗുണപരമല്ലാത്ത സാമൂഹ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നത് തീർച്ചയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക