വേനലവധി കഴിഞ്ഞ് പുത്തൻ പാഠപുസ്തകങ്ങളും കൈകളിലേന്തി കുരുന്നുകള്‍ സ്കൂളുകളിലെത്തി. കേരളത്തില്‍ ഇപ്പോള്‍ സ്കൂള്‍ തുറക്കലിന്റെ ആവേശഭരിതമായ അന്തരീക്ഷമാണെങ്കില്‍ ദേശീയതലത്തില്‍ സ്കൂള്‍ കുട്ടികളുടെ സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചുട്ടുപൊള്ളുകയാണ്. ഗുജറാത്ത് കലാപം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി സുപ്രധാനമായ ചില പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എൻ.സി.ഇ.ആര്‍.ടി. തീരുമാനം എടുത്തിരിക്കുകയാണ്.

ഈ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്.ഇതിനിടെയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന പാഠഭാഗത്തിന്റേതെന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഒരു പാഠഭാഗത്തിന്റേതാണ് ഈ വൈറല്‍ ചിത്രം. സംസ്ഥാന സര്‍ക്കാര്‍ അച്ചടിച്ച ടെക്സ്റ്റ്ബുക്കിലേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ യാഥാര്‍ഥ്യമെന്തെന്ന് അന്വേഷിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെയും വാട്സ്‌ആപ് സന്ദേശത്തിന്റെയും സ്ക്രീൻഷോട്ടുകള്‍ അന്വേഷണംമഴയെ കുറിച്ചുള്ള ഒരു പാഠഭാഗമാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. ഒരു ഉമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് ഇതില്‍. മഴയുമായി ബന്ധപ്പെട്ട മതപരമായ വിശ്വാസത്തെ ഉമ്മ തന്റെ മകന് പറഞ്ഞുകൊടുക്കുന്നതാണ് ഈ പാഠത്തിന്റെ ഉള്ളടക്കം. എത്രാമത്തെ ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള പുസ്തകത്തിലാണ് ഇങ്ങനെയൊരു പാഠമുള്ളതെന്ന പ്രചാരണങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആര്‍.ടി. പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, എസ്.സി.ഇ.ആര്‍.ടി.യുടെ പുസ്തകങ്ങളിലൊന്നും ഇത്തരത്തിലൊരു പാഠഭാഗമില്ല എന്നത് അന്വേഷണത്തില്‍ വ്യകതമായി.

എസ്.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കാം: https://samagra.kite.kerala.gov.in/#/textbook/page

തുടര്‍ന്നുള്ള പരിശോധനയില്‍, 2022-ലും ഇതേ ചിത്രം വിവിധ അവകാശവാദങ്ങളോടെ പ്രചരിച്ചിരുന്നതായി കണ്ടെത്തി. കേരള നദ്വത്തുല്‍ മുജാഹിദീൻ എന്ന ഇസ്ലാമിക സംഘടനയുടെ മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകത്തിലുള്ള പാഠഭാഗമാണിതെന്നാണ് അന്നത്തെ ചില ട്വീറ്റുകളില്‍ അവകാശപ്പെടുന്നത്. തുടര്‍ന്ന്, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള നദ്വത്തുല്‍ മുജാഹിദീന്റെ അധികൃതരുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന ചിത്രത്തിലെ പാഠഭാഗം തങ്ങളുടെ മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകത്തില്‍ നിന്നുള്ളതാണെന്ന് അവര്‍ സ്ഥിരീകരിച്ചു. മദ്രസ്സകളിലെ ഒന്നാം ക്ലാസ് കുട്ടികള്‍ക്കുള്ള ‘ഇസ്ലാമിക ബാലപാഠാവലി’ എന്ന പുസ്തകത്തിലാണ് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്ന ഭാഗമുള്ളത്. നദ്വത്തുല്‍ മുജാഹിദീന്റെ യൂട്യൂബ് ചാനലായ ‘റെനൈ ടിവി’യില്‍ ഈ പാഠം പഠിപ്പിക്കുന്ന വീഡിയോ ലഭ്യമാണ്. 2020 ജൂണ്‍ 20-ന് പ്രസിദ്ധീകരിച്ച വീഡിയോയില്‍, വൈറലായ പാഠഭാഗത്തിന്റെ ചിത്രവും കാണാം.

വാസ്തവം: സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുന്ന പാഠപുസ്തകങ്ങളില്‍ ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കേരള നദ്വത്തുല്‍ മുജാഹിദീൻ എന്ന ഇസ്ലാമിക സംഘടനയുടെ മദ്രസകളില്‍ പഠിപ്പിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക