കോളജ് ജീവിതത്തിനിടയില്‍ ഒരു വട്ടമെങ്കിലും സംഘര്‍ഷത്തിനിടയിലൂടെ കടന്ന് പോകാത്തവര്‍ വളരെ കുറവായിരിക്കും. രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ സമയത്താണെങ്കില്‍ പ്രത്യേകിച്ചും. കോളേജുകളില്‍ സംഘര്‍ഷങ്ങള്‍ കൂടിയപ്പോഴാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം കോളേജുകളില്‍ വേണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ ശക്തമായതും സ്കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ടതും. എന്നാല്‍ അപ്പോഴും സംഘര്‍ഷത്തിന് കുറവ് വന്നില്ലന്നുള്ളത് വേറെ കാര്യം. കഴിഞ്ഞ അധ്യയനവര്‍ഷം കേരളത്തിലെ നിരവധി വിദ്യാലയങ്ങളില്‍ സംഘര്‍ഷമുണ്ടായതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ സര്‍വ്വകലാശാലയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നും പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദങ്കൗര്‍ പോലീസ് സ്ഥിരീകരിച്ചു. ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷനും ദങ്കൗര്‍ പോലീസും സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായി ഡിഎന്‍എ ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു, “വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിഫ്റ്റില്‍ കയറുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി, തുടര്‍ന്ന് തര്‍ക്കം അക്രമാസക്തമായി,” പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോളേജ് വളപ്പിലെ ഒരു ഇടനാഴിയില്‍ ഇരുസംഘം വിദ്യാര്‍ത്ഥികള്‍ പരസ്പരം ആക്രമിക്കുന്നത് കാണാമായിരുന്നുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

വീഡിയോയില്‍ കെട്ടിടത്തിന്‍റെ പല നിലകളിലൊന്നില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പരസ്പരം അക്രമിക്കുന്നത് കാണാമായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഇത് കണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പത്തൊമ്ബത് സെക്കന്‍റ് മാത്രമുള്ള വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക