ബാലതാരമായി സിനിമയില്‍ എത്തിയ ഷെയ്ന്‍ നിഗം ഇന്ന് മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ്. 2016 ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ നായകനാവുന്നത്. പിന്നീടങ്ങോട്ട് നായകനും സഹനടനായുമെല്ലാം അഭിനയിച്ച ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഷെയ്ന്‍ അതിവേഗം മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഷെയ്‌നിന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നടനെ സിനിമയില്‍ നിന്ന് വിലക്കിയിരിക്കുകയാണ് സിനിമ സംഘടനകള്‍. ഷെയ്‌നിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ പരാതിയിന്മേലാണ് നടപടി.

നേരത്തെയും ഷെയ്‌നിനെതിരെ ഇത്തരം ആരോപണങ്ങളും പരാതികളും വന്നിട്ടുണ്ട്. സിനിമയുടെ ഷൂട്ടിനെ ബാധിക്കുന്ന വിധത്തില്‍ നടന്‍ മുടി മുറിച്ച്‌ മാറ്റിയതും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും വലിയ വാര്‍ത്തയായതാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ സംഭവവും. നിരവധി പേരാണ് ഷെയ്‌നിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്ബ്, കരിയറിന്റെ തുടക്ക കാലഘട്ടത്തിലും താരത്തിന്റെ നിസഹകരണം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്ത്. ഖുര്‍ബാനി സിനിമയുടെ നിര്‍മാതാവ് മഹാസുബൈറുമായി ഷെയ്ന്‍ നടത്തുന്ന ഫോണ്‍ സംഭാഷണം എന്ന പേരിലാണ് ഓഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷെയ്ന്‍ നിഗത്തിന്റെ ഫോണ്‍ സംഭാഷണം വൈറല്‍:

ഖുര്‍ബാനി എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ അടിമാലിയില്‍ ഷൂട്ട് പ്ലാന്‍ ചെയ്യുന്നതിന് ഷെയ്നിന്റെ സമ്മതം തേടിയാണ് ഷെയ്നിനെ ഫോണില്‍ വിളിക്കുന്നത്. ഇമോഷനല്‍ രംഗമായതിനാല്‍ അതു പെട്ടെന്നു വന്നു ചെയ്യാന്‍ കഴിയില്ലെന്നു ഷെയ്ന്‍ പറയുന്നു. “ആ മൂഡ് ആണെങ്കിലേ അഭിനയിക്കാന്‍ പറ്റൂ. സാധാരണ ഗതിയില്‍ ഒരു നടനും എടുക്കുന്ന എഫര്‍ട്ടല്ല, അതിനു പതിന്മടങ്ങ് എഫര്‍ട്ട് ഞാന്‍ ഇടുന്നുണ്ട്. അതെനിക്ക് കൃത്യമായി അറിയാം,” വോയ്സ് ക്ലിപില്‍ ഷെയ്ന്‍ പറയുന്നു.

രാത്രി 11 മണിക്കു ചെയ്യാമെന്നു ഷെയ്ന്‍ പറഞ്ഞു. പകല്‍ ചെയ്യേണ്ട രംഗമാണ്, രാത്രിയില്‍ പറ്റില്ലെന്നു നിര്‍മാതാവ്. എന്നാല്‍ നടന്‍ വഴങ്ങിയില്ല. നാളെ ചെയ്യാമെന്നായി‌. ‘എങ്ങനെയെങ്കിലും തീര്‍ക്കടാ.. പത്തു മിനിറ്റിലെ പണിയല്ലേ ഉള്ളൂ. എന്റെ പൈസയാണ് പോകുന്നതെന്നു’ നിര്‍മാതാവ് അപേക്ഷിച്ചു. ഇതോടെ ഷെയ്ന്‍ പൊട്ടിത്തെറിച്ചു. ഞാനൊരു മനുഷ്യനാണ് സുബൈര്‍ക്കാ. എനിക്കു മൂഡ് വന്നാലേ അഭിനയിക്കാനാകൂ. എന്റെ അധ്വാനത്തെക്കുറിച്ച്‌ എനിക്കറിയാം. ഒരാളുടെ വശത്തു നിന്നു മാത്രം ചിന്തിക്കരുത്. എനിക്കും കുടുംബമുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തുകയല്ലെന്നു മഹാസുബൈര്‍ പറഞ്ഞു. നൂറോളം പേര്‍ നിനക്കായി കാത്തിരിക്കുകയാണ്. ഇവര്‍ക്കൊക്കെ ബാറ്റ കൊടുക്കേണ്ടതല്ലേയെന്നു നിര്‍മാതാവ് പറഞ്ഞു.

എനിക്കു വേണ്ടി ആരും കാത്തിരിക്കേണ്ടെന്നായി നടന്‍. “എനിക്കു വേണ്ടി ആരും നില്‍ക്കണ്ട. ഇത്ര നാള്‍ ആരും കാത്തു നിന്നില്ലല്ലോ! എന്റെ വീട്ടില്‍ പ്രാരാബ്ദം പിടിച്ചു കിടന്നപ്പോള്‍ ആരും വന്നിട്ടില്ല. എനിക്കൊന്നും കേള്‍ക്കണ്ട. ഇന്ന് ഷൂട്ട് നടക്കില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സുബൈറിക്കായ്ക്ക് നാളെ സംസാരിക്കാം. ഇന്നെനിക്ക് സംസാരിക്കാന്‍ താല്‍പര്യവുമില്ല. സമയവുമില്ല,” എന്നു പറഞ്ഞാണ് വോയ്സ് ക്ലിപ് അവസാനിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക