വാടകയ്ക്കെടുത്ത ബോട്ടുമായി കായല്‍ ടൂറിസത്തിലേക്കിറങ്ങിയ നിഷ്ജിത്ത് കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പല്‍ തിങ്കളാഴ്ച നീറ്റിലിറക്കും. 10 കോടിയിലേറെ രൂപ മുടക്കിയാണ് കൊച്ചിക്കാരന്‍ നിഷ്ജിത്ത് “ക്ലാസിക് ഇംപീരിയല്‍” നി‌ര്‍മ്മിച്ചത്. രാവിലെ 11ന് കൊച്ചി കായലിലെ രാമന്‍തുരുത്തിലാണ് നീറ്റിലിറക്കല്‍. ഇരുനില കപ്പലിന്റെ അവസാന വട്ട പെയിന്റിംഗ് ജോലികളും മറ്റും പൂര്‍ത്തിയാക്കാന്‍ 60ലേറെ തൊഴിലാളികള്‍ രാപകല്‍ ജോലിചെയ്യുകയാണ്.

കായലില്‍ സര്‍വീസ് നടത്തുന്ന നാല് ആഡംബര ബോട്ടുകളും ഒരു ചെറുകപ്പലും നിഷ്ജിത്തിന് നിലവില്‍ സ്വന്തമായുണ്ട്. മറൈന്‍ ഡ്രൈവിലെ സ്വന്തം ജെട്ടിയില്‍ നിന്നാകും നിഷ്ജിത്തിന്റെ കപ്പല്‍ സര്‍വീസ്. ഇതിനായി ഒമ്ബതു മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുള്ള ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മിച്ചു. 12 മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ഉയരവുമുള്ള ഉരുളന്‍ എയര്‍ബാഗുകള്‍ക്കു മുകളിലൂടെയാണ് കപ്പല്‍ നീറ്റിലിറക്കുക. ഇതിനുമാത്രം ലക്ഷങ്ങള്‍ ചെലവു വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീറ്റിലിറക്കി രണ്ടാഴ്ചയ്ക്കുശേഷം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. വല്ലാര്‍പാടത്തിനടുത്തുള്ള രാമന്‍തുരുത്തില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം 1,20,000രൂപ മാസവാട നല്‍കി എടുത്താണ് നിര്‍മ്മാണകേന്ദ്രം ഒരുക്കിയത്.2002ല്‍ ബോട്ട് വാടകയ്‌ക്കെടുത്താണ് നിഷ്ജിത്തും സുഹൃത്തും കായല്‍ ടൂറിസത്തിലേക്ക് ഇറങ്ങിയത്. ആദിത്യ ബോട്ട് ക്രൂസ് ആന്‍ഡ് ടൂര്‍സ് ഓപ്പറേറ്റേഴ്‌സ് എന്നായിരുന്നു രണ്ടു ബോട്ടുള്ള ആദ്യ കമ്ബനിയുടെ പേര്. പിന്നീട് സ്വന്തമായി രൂപം നല്‍കിയ നിയോ ക്ലാസിക് ക്രൂസ് ആന്‍ഡ് ടൂര്‍സ് നാല് ബോട്ടുകള്‍ നിര്‍മ്മിച്ചു.ജെന്‍സി ഫിലിപ്പാണ് ഭാര്യ. മക്കള്‍: നീരജ്, നിജില്‍.

  • സൗകര്യങ്ങള്‍: ഡി.ജെ,മ്യൂസിക് ബാന്‍ഡ്,ഡാന്‍സ്,കലാരൂപങ്ങള്‍,ഭക്ഷണശാല,ഫീഡിംഗ് റൂം
  • 1,500 രൂപ -ഭക്ഷണമുള്‍പ്പെടെ ഒരാള്‍ക്ക് 3 മണിക്കൂര്‍ യാത്ര
  • 3,000രൂപ: സണ്‍സെറ്റ് ക്രൂസ് (അഞ്ചര മണിക്കൂര്‍)അത്താഴം, ഹൈടീ എന്നിവ ഉള്‍പ്പെടെ.
  • റൂട്ട്:മറൈന്‍ ഡ്രൈവ് – പുറംകടല്‍
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക