// keralaspeaks.news_GGINT //

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാള സിനിമ വ്യവസായ മേഖലയിലെ ലഹരി ഉപയോഗം ഒരു പരസ്യമായ രഹസ്യമാണ്. ഇതിന്റെ വ്യാപ്തി എന്തുമാത്രം ഉണ്ട് എന്ന് ടിനി ടോം നടത്തിയ വെളിപ്പെടുത്തലുകളിലൂടെ കൂടുതൽ വ്യക്തമാവുകയാണ്. ഒരു സിനിമാതാരം എന്നതിലുപരി താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം. ഇത്തരത്തിൽ ഒരാൾ വളരെ ആധികാരികമായി തുറന്നു പറഞ്ഞിരിക്കുന്നത് മലയാളസിനിമ മേഖലയിൽ ലഹരിയുടെ ഉപയോഗം വ്യാപകമായി ഉണ്ട് എന്നാണ്. അതിലും ഗൗരവതരമായ വെളിപ്പെടുത്തൽ ലഹരി ഉപയോഗിക്കുന്ന സിനിമാ മേഖലയിൽ വ്യക്തികളുടെ പട്ടിക പോലീസിന്റെ പക്കൽ ഉണ്ടെന്നും, ഇത് ആന്റണി പെരുമ്പാവൂരിന് പോലീസ് കൈമാറിയിട്ടുണ്ട് എന്നുമുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലാണ്.

ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ വലംകൈയാണ്. മലയാള സിനിമ രംഗത്തെ ഏറ്റവും പ്രമുഖരായ നിർമ്മാതാക്കളിൽ ഒരാൾ ആണ്. തീയറ്റർ ഉടമകളുടെ സംഘടന ഭാരവാഹിയാണ്. പക്ഷേ ഇതിനെല്ലാം അപ്പുറം ഇപ്പോൾ കള്ളപ്പണ ഇടപാടുകളുടെ പേരിൽ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലുള്ള ആളാണ് ഇദ്ദേഹം എന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും ഒക്കെയായി പലവട്ടം കേന്ദ്ര ഏജൻസികളുടെ പരിശോധനയും നടന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു വ്യക്തിക്ക് മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക കേരള പോലീസ് കൈമാറിയത് എന്തിനാവും ?

പോലീസ് കണ്ണടയ്ക്കുന്നു: സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിന് നേരെ പോലീസ് കണ്ണടയ്ക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നുണ്ട്. കലാകാരന്മാരോടുള്ള ഇഷ്ടം കൊണ്ടാണ് പോലീസ് നടപടികൾ എടുക്കാത്തത് എന്നും ഇല്ലെങ്കിൽ എല്ലാ സെറ്റുകളിലും റെയ്ഡ് നടക്കും എന്നും ഷൂട്ടിങ്ങുകൾ നിരന്തരമായി തടസ്സപ്പെടും എന്നുമെല്ലാം ഒരു മുതിർന്ന താരം തന്നെ വെളിപ്പെടുത്തുമ്പോൾ അത് അത്യന്തം ഗൗരവകരമാണ്.

ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരി ഇടപാടുകൾക്ക് നേരെയാണ് ഇവിടെ പോലീസ് കണ്ണടയ്ക്കുന്നത് എന്ന് പോലീസിന്റെ തന്നെ ലഹരി വിരുദ്ധ ക്യാമ്പയിൻ അംബാസിഡർ കൂടിയായ സിനിമാതാരമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ അദ്ദേഹത്തിൻറെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി അദ്ദേഹത്തിൽ നിന്നും, ആന്റണി പെരുമ്പാവൂരിൽ നിന്നും എല്ലാം തെളിവ് ശേഖരണം നടത്തി, ലഹരി ഇടപാടുകളിൽ പങ്കാളികളായ താരങ്ങളുടെ പട്ടികയുണ്ടെങ്കിൽ അത് പിടിച്ചെടുത്ത് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. കലാകാരന്റെ ക്രിയേറ്റിവിറ്റിയും, പോലീസുകാർക്ക് താരങ്ങളോടുള്ള താരാരാധനയും, മലയാള സിനിമ വ്യവസായത്തിന്റെ നിലനിൽപ്പും ഒന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെ നിയമപാലകർ കണ്ണടയ്ക്കുന്നതിനുള്ള ന്യായീകരണങ്ങൾ അല്ല.

ലഹരി കേസിൽ ജയിൽവാസം അനുഷ്ഠിച്ച പ്രതിക്ക് കൈ നിറയെ അവസരങ്ങൾ; ലഹരിയുടെ ഉന്മാദത്തിൽ അഭിമുഖത്തിനെത്തുന്ന അവതാരകരെ തെറി പറയുന്ന യുവതാരങ്ങൾ

മലയാള സിനിമയിൽ ഇപ്പോൾ മിന്നും താരമാണ് ഷൈൻ ടോം ചാക്കോ. ലഹരി ഉപയോഗത്തിനിടയിൽ പോലീസ് പിടിയിലാകുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത താരമാണ് ഷൈൻ. എന്നാൽ പിന്നീട് കോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു. അത്തരത്തിൽ ഒരാളെ സിനിമാ വ്യവസായത്തിൽ നിന്നും മാറ്റി നിർത്തണം എന്നല്ല പറയുന്നത്. പക്ഷേ ദൃശ്യമാധ്യമങ്ങളിലൂടെ, അവയിൽ പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങളിലൂടെ അത്തരം പ്രത്യക്ഷപ്പെടലുകളിൽ ഇയാൾ പുറത്തെടുക്കുന്ന ചേഷ്ടകളിലൂടെ എല്ലാം സാമാന്യ ബുദ്ധിയുള്ളവർക്ക് ബോധ്യം വരുന്ന ചില കാര്യങ്ങളുണ്ട്. ഇയാൾ പലപ്പോഴും ലഹരിയുടെ ഉന്മാദത്തിലാണോ സംസാരിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയരാറുണ്ട്. വിമാനത്തിനുള്ളിൽ വച്ച് കോക്ക്പ്പിറ്റിൽ കയറി വെളിവില്ലാതെ ഇയാൾ കാട്ടിക്കൂട്ടിയ ചേഷ്ടകൾ വാർത്തകൾ ആയതാണ്.

സമാനമാണ് ശ്രീനാഥ് ഭാസി എന്ന യുവതാരത്തിന്റെ വിക്രിയകളും. അഭിമുഖത്തിനെത്തിയ അവതാരകയെ പുഴുത്ത അസഭ്യം പറയുകയും അതിൻറെ പേരിൽ ഇയാൾക്കെതിരെ കേസ് ഉണ്ടാകുകയും ചെയ്തപ്പോൾ പോലീസ് ചില നിർണായക നീക്കങ്ങൾ നടത്തിയിരുന്നു. ഇയാളുടെ രക്തവും,തലമുടി നാരുകളും, നഖവും എല്ലാം സാമ്പിളുകളായി ശേഖരിച്ച് ലഹരിയുടെ സാന്നിധ്യത്തിനായി പരിശോധനയ്ക്ക് അയക്കാനായിരുന്നു തീരുമാനം. എന്നാൽ അവതാരക പരാതി പിൻവലിച്ചതോടെ ഈ നീക്കങ്ങളിൽ നിന്നെല്ലാം പോലീസും പിന്മാറി.

ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിന് പണം

ഏതാനും മാസങ്ങൾക്കു മുമ്പ് മലയാളത്തിലെ എന്ന പ്രമുഖ വാർത്താമാധ്യമം റിപ്പോർട്ട് ചെയ്ത തലക്കെട്ടിന്റെ സാരാംശമാണ് ഇത്. ലഹരി ഉപയോഗം പ്രേക്ഷകരിൽ പ്രോത്സാഹിപ്പിക്കുവാൻ പര്യാപ്തമായ രംഗങ്ങൾ ചലച്ചിത്രങ്ങളിൽ ഉൾപ്പെടുത്തിയാൽ അതിനായി ലഹരി മാഫിയ ഫണ്ടിംഗ് നടത്തുമെന്നാണ് ആരോപണം ഉയർന്നത്. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് എല്ലാം വാർത്തയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് മറ്റു വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. സിനിമ മേഖലയിൽ ലഹരി വ്യാപാരം നടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന ആളുകളെ അറസ്റ്റ് ചെയ്തപ്പോഴും തുടരന്വേഷണങ്ങൾ ഉണ്ടാവുകയോ വമ്പൻ സ്രാവുകൾ ആകുലപ്പെടുകയോ ചെയ്തില്ല.

എത്തുമോ കേന്ദ്ര ഏജൻസികൾ

ടിനി ടോം നടത്തിയ വെളിപ്പെടുത്തലുകൾ കേരള പോലീസിന്റെ വിശ്വാസ്യതയെ തന്നെ സംശയ നിഴലിൽ ആക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ വെളിപ്പെടുത്തലുകളെ കുറിച്ച് കേരളത്തിലെ പോലീസ് അന്വേഷിക്കുന്നതിൽ വലിയ കാര്യവുമില്ല. ഈ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക