കേരളത്തിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തിലെയും കേന്ദ്ര ഭരണത്തിന്റെയും ഉന്നത പദവികളിലേക്ക് എത്തിച്ചേരുകയും ദീർഘകാലം അത് നിലനിർത്തുകയും ചെയ്ത നേതാവാണ് എ കെ ആന്റണി. മക്കൾ രാഷ്ട്രീയത്തെയും പാരമ്പര്യ രാഷ്ട്രീയത്തെയും നിശിതമായി വിമർശിച്ചാണ് തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വളക്കൂർ ഉണ്ടാക്കിയ ആദർശ പരിവേഷം ആന്റണി സൃഷ്ടിച്ചെടുത്തത്. എന്നാൽ ഈ അടുത്തകാലത്തായി എ കെ ആന്റണിയുടെ മകൻ എന്ന ഒറ്റ മേൽവിലാസത്തിന്റെ ബലത്തിൽ അനിൽ ആന്റണി എന്ന എ കെ ആന്റണി എലിസബത്ത് ദമ്പതികളുടെ കടിഞ്ഞൂൽ പുത്രൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആകുന്നതും നാളെകളിലെ കോൺഗ്രസിന്റെ യുവ നേതൃനിരയിലേക്ക് സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതും കോൺഗ്രസ് രാഷ്ട്രീയത്തിൽ നാം കണ്ടതാണ്.

എന്നാൽ രാഷ്ട്രീയം മാറ്റി നിർത്തിയാൽ, കുറുക്കുവഴികളിലൂടെ സ്ഥാനമാനങ്ങളിൽ എത്തിച്ചേരാനുള്ള രാഷ്ട്രീയം മോഹങ്ങൾ മാറ്റി നിർത്തിയാൽ സ്വന്തം നിലയിൽ ജീവിതത്തിൽ വിജയിച്ച ഒരു യുവ ടെക്കിയാണ് അനിൽ ആന്റണി എന്ന യാഥാർത്ഥ്യവും തമസ്കരിക്കാനാവില്ല. ഐടി ബിസിനസ് രംഗത്ത് വിജയം കൈവരിച്ച വ്യക്തി, ഡേറ്റ അനലിറ്റിക്സ് മേഖലയിൽ പ്രാവീണ്യമുള്ള യുവാവ്, ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ലോകം കണ്ടിട്ടുള്ള ഒരു ചെറുപ്പക്കാരൻ എന്നെല്ലാം ഇയാളെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിബിസി ഡോക്യുമെൻററിയും അനിൽ ആൻറണിയുടെ ട്വീറ്റും

കേരളത്തിലെ യൂത്ത് കോൺഗ്രസ് ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കൈകൊണ്ട നിലപാടിന് വിരുദ്ധമാണ് വിഷയത്തിലുള്ള അനിലിന്റെ നിലപാട്. എന്നാൽ അത് ബിജെപി അനുകൂലമല്ല. ആ സന്ദേശത്തിൽ അയാൾ പങ്കുവെച്ചിരിക്കുന്നത് ബിബിസി എന്ന അന്താരാഷ്ട്ര വാർത്താമാധ്യമത്തിന്റെ ഇന്ത്യ വിരുദ്ധ അജണ്ടകളെ കുറിച്ചുള്ള ചരിത്രവും അതിനെ ചൊല്ലിയുള്ള ആശങ്കയുമാണ്. തൻറെ ബിജെപി വിരുദ്ധത വ്യക്തമാക്കി കൊണ്ട് തന്നെയാണ് ഈ സന്ദേശം അയാൾ പൂർത്തിയാക്കുന്നത്. സന്ദേശത്തിന്റെ തർജിമ താഴെ പറയുന്ന രീതിയിലാണ്

“ബിജെപിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഞാൻ കരുതുന്നത് ഇന്ത്യ വിരുദ്ധം മുൻവിധികളുടെ നീണ്ട ചരിത്രമുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സ്‌പോൺസേർഡ് ചാനലായ ബിബിസിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും കാഴ്ചപ്പാടുകൾ ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുന്ന ഇന്ത്യക്കാർ രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയർത്തുന്ന അപകടകരമായ നിലപാടാണ് കൈക്കൊള്ളുന്നത്.”

അനിലിനെ തള്ളി ഷാഫിയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടവും

താൻ പറയുന്നത് കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ നിലപാടാണെന്ന് ഒരിക്കൽപോലും അനില്‍ ആന്റണി പറഞ്ഞിട്ടില്ല. അങ്ങനെയാണ് കാര്യങ്ങൾ എങ്കിലും ഷാഫി പറമ്പിൽ നടത്തിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞത് കേരളത്തിലെ യൂത്ത് കോൺഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് ആണെന്നാണ്… ആരാണ് സംസ്ഥാന പ്രസിഡന്റ് എന്ന് ചോദിച്ചാൽ അത് ഷാഫി പറമ്പിൽ തന്നെയാണ്… ഈ ഷാഫി പറമ്പിലിനെ കുറിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായമെന്താണെന്ന് വെച്ചാൽ അയാൾ ഷാഫി അല്ല വെറും ഷോഫി (ഷോ കാണിച്ച് നടക്കുന്നവൻ) ആണെന്നാണ്.

രാഹുൽ മാങ്കൂട്ടം നിശിതമായ ഭാഷയിലാണ് അനിലിനെ വിമർശിച്ചത്. അനിൽ ആന്റണി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയത് താൻ വാർത്താമാധ്യമങ്ങളിലൂടെ വായിച്ചാണ് അറിഞ്ഞതെന്നും, അയാളെ ആസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും, ഒരു കോൺഗ്രസുകാരനായി തുടരാൻ പോലും എ കെ ആന്റണിയുടെ മകന് അർഹതയില്ല എന്നുമാണ് രാഹുൽ പറഞ്ഞത്.

വ്യക്തിത്വത്തിന് വിലകൽപ്പിക്കാത്ത പാർട്ടിയോ കോൺഗ്രസ്?

ഷാഫി പറമ്പിൽ മൂന്നുതവണ തുടർച്ചയായി പാലക്കാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഡിബേറ്റുകളിൽ കോൺഗ്രസിനെ ഡിഫൻഡ് ചെയ്യാനുള്ള കഴിവുകൊണ്ടും, പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പ്രാപ്തി കൊണ്ടും പാർട്ടിയുടെ ചാനൽ മുഖമായി തീർന്ന വ്യക്തിത്വമാണ് രാഹുൽ മാങ്കൂട്ടം. എന്നാൽ അനില്‍ ആന്റണി പറഞ്ഞ വാക്കുകളുടെ അർത്ഥം മനസ്സിലാക്കാതെ (ഇംഗ്ലീഷ് അറിയില്ലാത്തതു കൊണ്ടാവാം) അദ്ദേഹത്തിന് എതിരെ വിമർശനം ഉയർത്തുന്നത് മാത്രമല്ല ഇവിടെ പ്രശ്നം. സ്വതന്ത്രമായ ഒരു അഭിപ്രായം പറയാനുള്ള ഒരു ചെറുപ്പക്കാരന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണ്.

അനിൽ കോൺഗ്രസ് വിരുദ്ധമായതൊന്നും പറഞ്ഞിട്ടില്ല. ബിബിസി പോലുള്ള ഒരു ഇംഗ്ലീഷ് വാർത്താ മാധ്യമം നരേന്ദ്രമോദി വിരുദ്ധത പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന് പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടാനുമില്ല. രാജ്യത്തിനുള്ളിൽ സംഘടനാശക്തിയിലൂടെ, രാഷ്ട്രീയ പ്രക്ഷോഭണങ്ങളിലൂടെ തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ പ്രതികരിക്കാനുള്ള കെൽപ്പില്ലാത്തപ്പോൾ അതിന് ബ്രിട്ടീഷ് മാധ്യമത്തെ കൂട്ടുപിടിക്കുന്നതിലെ അനൗചര്യവും ഭാവിയിൽ അത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളും ആണ് അനിൽ ആന്റണി ചൂണ്ടിക്കാട്ടിയത്. അതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ഒരു സംവാദത്തിന് ഉൾപ്പാർട്ടി ചർച്ചയ്ക്കൊ തയ്യാറാവാതെ ഞാനാണ് പ്രസിഡന്റ് എന്ന തീട്ടൂരം നൽകി പ്രസ്താവന ഇറക്കുന്നതും പ്രസിഡന്റിന്റെ ഏറാംമൂളിയായി സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തിയ ഒരാൾക്ക് കോൺഗ്രസിൽ തുടരാൻ അർഹതയില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതും ആണ് യൂത്ത് കോൺഗ്രസ് എന്ന സംഘടനയെ നിലപാടില്ലാത്ത സംഘടനയാക്കി മാറ്റി എന്ന വിമർശനം ഷാഫി നേരിടുവാനുള്ള കാരണം. ഷാഫിക്ക് പിൻ സീറ്റ് ഡ്രൈവിംഗ് നടത്താനാണ് രാഹുൽ മാങ്കൂട്ടത്തെ താൻ മാറുമ്പോൾ അധ്യക്ഷപദവിയിലേക്ക് എത്തിക്കുവാൻ ഷാഫി ആഗ്രഹിക്കുന്നതിന് പിന്നിലാ കാരണമെന്ന് സംഘടനയ്ക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നതിനെ സാധൂകരിക്കുന്നതാണ് മാങ്കൂട്ടത്തിന്റെ പ്രതികരണങ്ങളും.

ഇതെല്ലാം പറയുമ്പോൾ മറ്റൊരു കാര്യമുണ്ട്. വ്യക്തിയെന്ന നിലയിൽ സ്വതന്ത്രമായി പറഞ്ഞ അഭിപ്രായമാണ് അനിലിന്റെത് എങ്കിൽ കുഴപ്പമില്ല. പക്ഷേ വാർത്ത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത് എങ്കിൽ അത് ഏറ്റവും വലിയ കാപട്യവും ആണ്. ഏതായാലും ഇതിനെ ചൊല്ലി ചർച്ചകളും ആശയസംവാദങ്ങളും ഉയരുന്നതാണ് കോൺഗ്രസിന് മുന്നോട്ടുപോക്കിന് നല്ലത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക