ചലച്ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയിച്ച മഞ്ഞിൽ പുതഞ്ഞ വീടുകൾക്ക് സമാനമായ രീതിയിലാണ് കാനഡയിലെ ഒന്റാറിയോയിലെ ഏറി തടാകക്കരയിലുള്ള വീടുകൾ. കൂമ്പാരമായി വീണു കിടക്കുന്ന മഞ്ഞിനും ശക്തമായ ശീതക്കാറ്റിനുമൊപ്പം തടാകത്തിലെ ഉയർന്ന തിരമാലകൾ കൂടിച്ചേർന്നതോടെ ജലാശയത്തിന് അഭിമുഖമായിരിക്കുന്ന കെട്ടിടങ്ങൾക്കു മേലെ മഞ്ഞു പുതച്ചതാണ് ഈ അപൂർവമായ കാഴ്ചയ്ക്ക് കാരണം.

വീടുകൾക്ക് മേലെ വന്നു പതിച്ച മഞ്ഞും ജലകണങ്ങളും അതിശൈത്യത്തെ തുടർന്ന് ഉറഞ്ഞു പോവുകയായിരുന്നു. കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും തിരിച്ചറിയാനാവാത്ത വിധം മഞ്ഞുമൂടിയിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതോടെ ഏതോ ഹിമയുഗത്തിലെത്തിയ പ്രതീതിയാണ് ഈ പ്രദേശം നൽകുന്നത്. അപൂർവമായ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി ധാരാളം ആളുകൾ തീരമേഖലയിലേക്കെത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇഞ്ചുകളോളം ഘനത്തിലാണ് കെട്ടിടങ്ങളുടെ ഭിത്തികളലും മേൽക്കൂരകളിലും ഐസ് മൂടിയിരിക്കുന്നത്. ഇത് കെട്ടിടങ്ങളെ എങ്ങനെ ബാധിക്കുമെന്നും മഞ്ഞുരുകി തുടങ്ങുമ്പോൾ സ്ഥിതി എന്തായിരിക്കുമെന്നുമുള്ള ആശങ്കയിൽ കഴിയുകയാണ് പ്രദേശവാസികൾ. പറ്റിച്ചേർന്നിരിക്കുന്ന മഞ്ഞ് കട്ടകളായി വലിയ ശബ്ദത്തോടെ താഴേക്ക് പതിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ പൂർണമായി മഞ്ഞുരുകിയ ശേഷം മാത്രമേ വീടുകളുടെ അവസ്ഥ വിലയിരുത്താനാകൂ.

അതേസമയം ശക്തമായ ശീതക്കാറ്റുമൂലം പ്രദേശത്തെ ആയിരക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി വിതരണവും മുടങ്ങിയിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് വൈദ്യുതി വിതരണം കാര്യമായി മുടങ്ങിയത്.15,000 കുടുംബങ്ങൾ അന്നേദിവസം വൈദ്യുതി ഇല്ലാതെ ദുരിതത്തിലായി. രണ്ടാഴ്ചയ്ക്കുള്ളിൽ താപനില അല്പം ഉയരുന്നതോടെ മഞ്ഞുരുകി തുടങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിനോടൊപ്പം മഴ പെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് വെള്ളപ്പൊക്കം ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക