സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറ്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നു

പെലെയുടെ കഥ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹവായി ദ്വീപിലെ അഗ്നിപര്‍വതങ്ങളുടെ ദേവതയുടെ പേരാണ് പെലെ. ഹവായി ദ്വീപിനെ കാത്തുരക്ഷിക്കുന്ന ദൈവം അതിലെ ഒരു മണല്‍ത്തരി പോലും നഷ്ടമാകാതെ നോക്കും എന്നാണ് പ്രദേശവാസികളുടെ വിശ്വാസം. പിന്നീട് കാല്‍പന്തുകളിയുടെ ഇതിഹാസമായി മാറിയ അഞ്ചടി എട്ടിഞ്ചുകാരന്‍ പെലെ എന്ന പേരിന് വിശ്വപ്രസിദ്ധി നേടിക്കൊടുത്തു. ഇനി ആ താരകം ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മ്മ. ഷൂ പോളിഷുകാരനായി എരിഞ്ഞു തീരുമായിരുന്ന ഒരു ജീവിതത്തെ കഠിനാധ്വാനം കൊണ്ടു സുവര്‍ണതാരകമായി ജ്വലിപ്പിച്ച അത്ഭുത പ്രതിഭാസമായിരുന്നു പെലെ.

1940 ഒക്‌ടോബര്‍ 23നു ഡോണ്ടിഞ്ഞോ എന്ന ജോവ റിമോസ് ദൊ നാസിമെന്റോയുടെയും സെലസ്റ്റെ അരാന്റെസിന്റെയും മകനായി ബ്രസീലിലെ ട്രെസ് കോറസ്യൂസ് നഗരത്തിലാണ് എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ പിറന്നത്. ഏറ്റവുമധികം ഗോള്‍ നേട്ടവുമായി, നാലു ലോകകപ്പ് കളിക്കുകയും മൂന്നു കപ്പുകള്‍ നേടുകയും ചെയ്ത ലോക റെക്കോര്‍ഡിട്ട് അയാള്‍ ഫുട്ബോളിന്റെ അധിപനായി. ആരാധകര്‍ കറുത്ത മുത്തെന്നും രാജാവെന്നും വാഴ്ത്തി.

പ്രഫഷനല്‍ ഫുട്ബോള്‍ താരമായിരുന്നു പെലെയുടെ പിതാവ് ഡോണ്ടിഞ്ഞോ. യുഎസ് ശാസ്ത്രജ്ഞനായ തോമസ് ആല്‍വ എഡിസനില്‍ നിന്നാണ് എഡ്സന്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പേരു ലഭിച്ചത്. നഗരങ്ങളില്‍ ജീവിതം തേടി നടന്ന ഡോണ്ടിഞ്ഞോ ഒടുവില്‍ ബൌറുവിലാണ് അഭയം കണ്ടെത്തിയത്. അവിടെ സെപ്‌റ്റംബര്‍ ഏഴ് എന്ന തെരുവീഥിയില്‍ ‘ഡിക്കോ’ എന്ന ഓമനപ്പേരോടെ എഡ്സന്‍ എന്ന ആ ബാലന്‍ ആദ്യത്തെ പന്തുതട്ടി. ഏഴാം വയസ്സു മുതല്‍ പെലെയുടെ കാലില്‍ കാന്തം പോലെ പന്തൊട്ടിയിരുന്നു. പക്ഷേ, പിതാവ് പരുക്കുമൂലം കളി നിര്‍ത്തിയപ്പോള്‍ നിരത്തിലും റെയില്‍വേ സ്‌റ്റേഷനിലും ഷൂ പോളിഷുകാരനായി ഡിക്കോ. ഇടതുകയ്യില്‍ പന്തും വലതു കയ്യില്‍ ഷൂ പോളിഷ് കിറ്റുമായി അവന്‍ അലഞ്ഞു.

തെരുവോരങ്ങളില്‍, ഷൂ ഇടാത്തവരുടെ നഗ്നപാദ ടീമുകളില്‍ അവന്‍ കളി തുടര്‍ന്നു. കടലാസ് പന്തുകളും ഓറഞ്ചുമൊക്കെ തട്ടിത്തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ അവനു മറ്റൊരു പേരുകൂടിയിട്ടു: പെലെ- പാദം, അഴുക്ക്, മണ്ണ് എന്നിങ്ങനെ അര്‍ഥങ്ങള്‍. ബൌറു മേയര്‍ സ്‌പോണ്‍സര്‍ ചെയ്‌ത ബോയ്‌സ് ടൂര്‍ണമെന്റില്‍ പതിനൊന്നാം വയസ്സില്‍ പെലെ എന്ന ഗോളടിയന്ത്രം പിറന്നു. കൂട്ടുകാരിട്ട ഇരട്ടപ്പേരുമായി അവന്‍ ലോകമാകെ അലയടിക്കാന്‍ തുടങ്ങി. ലക്ഷക്കണക്കിന് ആളുകളുടെ ശ്വാസവും നിശ്വാസവുമായി പെലെ. അച്ഛന്റെ കൂട്ടുകാരനും 1934ല്‍ ബ്രസീല്‍ ലോകകപ്പ് ടീമംഗവുമായിരുന്ന വാര്‍ഡര്‍ ഡി ബ്രിട്ടോയാണ് പെലെയിലെ ‘മാന്ത്രികസിദ്ധി’യെ ദീര്‍ഘദര്‍ശനം ചെയ്തത്. സബ്‌ജൂനിയര്‍ കളിക്കാര്‍ക്കായി പരിശീലനത്തിനെത്തിയപ്പോള്‍ പെലെയിലെ ലോകോത്തര ഫുട്‌ബോളറെ ബ്രിട്ടോ തിരിച്ചറിഞ്ഞു.

പതിനഞ്ചാം വയസ്സില്‍ ബ്രസീലിലെ സാന്റോസ് ക്ലബ്ബിലേക്ക് എത്തിപ്പെട്ടു പയ്യന്‍. ട്രൗസറും ബനിയനും മാത്രം ഇട്ടിരുന്ന പെലെ ആദ്യമായി ഫുള്‍പാന്റും ഷര്‍ട്ടും ഷൂസും ധരിച്ചു. പ്രതിഭയുടെ മേല്‍ പ്രയത്നം കൊണ്ട് ചിന്തേരിട്ട നാളുകളായിരുന്നു പിന്നീട്. ആദ്യം ജൂനിയര്‍, അമച്വര്‍ ടീമുകളില്‍. പിന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനല്‍ കളിക്കാരനായി ഫുള്‍ടീമില്‍. പതിനാറാം വയസ്സില്‍ പ്രഫഷനല്‍ ടീമിലെ സ്‌ഥിരാംഗം. പതിനേഴാം വയസ്സില്‍ ദേശീയ ടീമിലെ പത്താം നമ്ബര്‍ ജഴ്‌സിയിലേക്കു സ്ഥാനക്കയറ്റം. ഫുട്‌ബോളില്‍ പത്താം നമ്ബര്‍ കളിക്കാര്‍ അതോടെ പെലെയുടെ പ്രതിനിധികളായി നിറഞ്ഞാടി. സാന്റോസ് ക്ലബ്ബിനു വേണ്ടി 18 വര്‍ഷം കളിച്ച പെലെ കരിയറിലെ അവസാന കാലത്ത് 2 വര്‍ഷം അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്മോസിനു വേണ്ടിയും ജഴ്സിയണിഞ്ഞു.

പെലെയെ വിശ്വതാരമാക്കിയതു സാന്റോസ് ഫുട്‌ബോള്‍ ക്ലബാണ്. 1956 സെപ്‌റ്റംബര്‍ ഒന്‍പതിനാണു പെലെ സാന്റോസിനുവേണ്ടി ബൂട്ടണിഞ്ഞത്. എഫ്‌സി കൊറിന്തിയന്‍സിനെതിരായ മത്സരത്തില്‍ നാലു ഗോള്‍ നേടി. അക്കൊല്ലം സാന്റോസ് സ്‌റ്റേറ്റ് ലീഗ് ജേതാക്കളുമായി. പിന്നാലെ ബ്രസീലിയന്‍ കപ്പ് ആറു തവണയും ലോക ക്ലബ് ചാംപ്യന്‍ഷിപ്പ് രണ്ടു തവണയും സാന്റോസ് നേടി. ക്ലബിലെ മികച്ച പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ് 1957ല്‍ ബ്രസീലിന്റെ ദേശീയ ടീമില്‍ പെലെ ഇടം പിടിച്ചത്. 18 വര്‍ഷത്തിനിടയില്‍ 1124 മത്സരങ്ങളില്‍നിന്നായി 1265 ഗോളുകള്‍ സാന്റോസിനായി അടിച്ചുകൂട്ടി. പെലെ 1000 ഗോള്‍ തികച്ച ദിവസത്തിന്റെ ഓര്‍മയ്ക്കായി നവംബര്‍ 19 ‘പെലെ ദിനം’ ആയി സാന്റോസ് ആചരിക്കുന്നു.

1958ല്‍ ആദ്യ ലോകകപ്പ് കളിക്കുമ്ബോള്‍ പെലെയ്ക്കു പ്രായം 17 വയസ്സ്. സെമി ഫൈനലില്‍ ഹാട്രിക്, ഫൈനലില്‍ 2 ഗോള്‍, ആകെ 4 മത്സരങ്ങളില്‍നിന്ന് നേടിയത് 6 ഗോള്‍. ആ വര്‍ഷം ഫൈനലിലെ ഗോളുകള്‍ കണ്ട സ്വീഡനിലെ കമന്റേറ്റര്‍മാര്‍ ‘വിസ്‌മയം’ എന്നാണ് പെലെയുടെ കളിയെ വാഴ്ത്തിയത്. ശവപ്പെട്ടിക്കുള്ളില്‍ നിന്നുപോലും ഗോളടിക്കാന്‍ കഴിയുന്നവന്‍ എന്ന വിശേഷണവും ചാര്‍ത്തിക്കിട്ടി. 1959ല്‍ മാത്രം 103 മത്സരങ്ങളിലാണ് പെലെ ഇറങ്ങിയത്. ശരാശരിക്കണക്കില്‍ ഓരോ 3 ദിവസവും ഒരു കളി വീതം. കരിയറിലാകെ 1363 കളികളില്‍ പെലെ 1279 ഗോള്‍ നേടിയെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ കണക്ക്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡും പെലെയ്ക്കാണ്. 92 കളികളില്‍ 77 ഗോള്‍.

ബ്രസീലിനൊപ്പം 3 ലോകകപ്പ് നേട്ടങ്ങളിലും (1958,1962,1970) പങ്കാളിയായി. 1962ല്‍ പെലെയെ ‘ദേശീയ സ്വത്ത്’ ആയി ബ്രസീല്‍ പ്രഖ്യാപിച്ചു. ‘റീപ്ലേ’യുടെ ധാരാളിത്തം ഇല്ലെന്നതാണ് ഈ സാംബാ നര്‍ത്തകന്റെ പ്രത്യേകത. ആവര്‍ത്തിക്കപ്പെടാത്ത, അനുകരിക്കാനാവാത്ത കേളീവൈഭവം. നീണ്ട പാസ്സുകള്‍. കണിശതയാര്‍ന്ന പന്തടക്കം. എതിരാളിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള ബുദ്ധി. സഹതാരത്തിന്റെ പാഞ്ഞുവരുന്ന പാസ് നെഞ്ചിലേക്ക് ആവാഹിച്ച്‌, നൊടിയിടയില്‍ കാലുകൊണ്ട് പോസ്റ്റിലേക്കു വെടിയുണ്ട കണക്കെ പായിക്കാനുള്ള മികവ്. പന്ത് ഹെഡ് ചെയ്‌ത് ഗോളാക്കുന്നതിലും ഉണ്ടായിരുന്നു ‘പെലെ ടച്ച്‌’. അതിനാല്‍ത്തന്നെയാണു മൂന്നു പതിറ്റാണ്ടിലധികം ബ്രസീലുകാര്‍ ഉറ്റവുമധികം ഉച്ചരിച്ച വാക്കായും പെലെ മാറിയത്.

ഫുട്ബോള്‍ കൂട്ടുകളിയുടെ ചന്തമാണെന്നു സ്ഥാപിക്കപ്പെട്ടതും പെലെയുടെ കാലത്താണ്. ഗരിഞ്ച, വീവ, ജെര്‍സീന്യോ, പെലെ എന്നിവര്‍ പരസ്‌പരം പന്തുകൈമാറി കളിക്കളം ഇളക്കിമറിച്ച കാലം ഫുട്ബോളിന്റെ സുവര്‍ണകാലമെന്നു ഫുട്ബോള്‍ പ്രേമികള്‍ കോള്‍മയിര്‍ കൊള്ളുന്നു. ഡബിള്‍ പാസിന്റെ ഉപജ്‌ഞാതാവായിരുന്നു പെലെ. ബ്രിട്ടിഷുകാര്‍ സിസര്‍കട്ട് എന്ന് പറഞ്ഞൊതുക്കിയെങ്കിലും പിന്നിലേക്കും കണ്ണുനട്ട്, മലക്കം മറിഞ്ഞുള്ള ആ സ്‌കോറിങ് ഫുട്ബോള്‍ കൊണ്ടു സൃഷ്ടിച്ച മനോഹര കവിതകള്‍ തന്നെയായിരുന്നു. വിശ്വവിജയങ്ങളിലും താരപരിവേഷത്തിലും അഹങ്കരിക്കാതെ, വിനയത്തോടെയും പുഞ്ചിരിയോടെയും താനൊരു മനുഷ്യനാണെന്നു പെലെ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടുമിരുന്നു.

കളി നിര്‍ത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും പ്രായമേശാത്ത ബ്രാന്‍ഡായിരുന്നു പെലെ. കുട്ടികളുടേതു പോലെ നൈര്‍മല്യമുള്ള ചിരപരിചിതമായ ചിരിയാല്‍ പന്തുലകത്തിനപ്പുറം അയാള്‍ നിറഞ്ഞുകവിഞ്ഞു. ചരിത്രത്തില്‍ ഇതുവരെ ഫുട്ബോള്‍ കളിച്ചവര്‍ക്കും കളിക്കുന്നവര്‍ക്കും ഇനി കളിക്കാനിരിക്കുന്നവര്‍ക്കും മികവിന്റെ മാറ്റുരച്ചു നോക്കാനുള്ള ഉരകല്ലായി പെലെ എന്ന രണ്ടക്ഷരം. 1.73 മീറ്റര്‍ മാത്രം ഉയരമുള്ള പെലെ, ഒറ്റയാള്‍ പട്ടാളമായി മൈതാനത്തു ‘തലപ്പൊക്കം’ കാട്ടിയപ്പോള്‍ യുദ്ധങ്ങള്‍ ആയുധങ്ങള്‍ താഴ്ത്തി സമാധാനപ്പെട്ടു. 1967ല്‍ നൈജീരിയ സന്ദര്‍ശിച്ചപ്പോള്‍, ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ടിരുന്ന രണ്ടു ചേരികളും പെലെയുടെ കളി കാണാന്‍ മാത്രമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പെരുമ കറുത്ത മുത്തിനു സ്വന്തം.

ഇന്ത്യയിലും പന്തു തട്ടിയിട്ടുണ്ട് പെലെ. 1977 സെപ്‌റ്റംബര്‍ 24ന് കൊല്‍ക്കത്തയിലായിരുന്നു പെലെയുടെ കളി. മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ക്ലബാണു പെലെയുടെ വരവിനു വഴിയൊരുക്കിയത്. പെലെ ആയിരം ഗോള്‍ തികച്ച ദിവസം ബ്രസീലില്‍ ദേശീയോത്സവമായിരുന്നു. റിയോയിലെ പള്ളിയില്‍ മുഴങ്ങിയ കൂട്ടമണിയുടെ ശബ്ദം രാജ്യം മുഴുവനും മുഴങ്ങിപ്പടര്‍ന്നിരുന്നു. ഇനി ഈ ഓര്‍മ്മകളെല്ലാം ലോകമുള്ള കാലത്തോളം ഫുട്ബോള്‍ പ്രേമികള്‍ വാഴ്ത്തിപ്പാടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക