ചെന്നൈ: തമിഴ്നാടിനെ വിഭജിച്ച്‌ കൊങ്കുനാട് എന്ന കേന്ദ്രഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ ഭയപ്പെടുന്നതെന്തിനെന്ന് ബിജെപി. തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റം അനിവാര്യമാണെന്നും, ഇത് ജനങ്ങളുടെ ആഗ്രഹമാണെന്നും തമിഴ്നാട് ബിജെപി ഉപാധ്യക്ഷന്‍ എന്‍ നാഗേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹം നടക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും എന്‍ നാഗേന്ദ്രന്‍ വ്യക്തമാക്കുന്നു.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖല കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്ന പ്രചാരണത്തില്‍ വിവാദം കനക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ തുടക്കമിട്ട പ്രചാരണമാണ് സംസ്ഥാന വിഭജനമെന്ന വലിയ വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. ജാതിവോട്ടുകള്‍ നിര്‍ണ്ണായകമായ മേഖലയിലാണ് പുതിയ സംസ്ഥാന രൂപീകരണാവശ്യം ശക്തമായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്താണ് കൊങ്കുനാട്?

ദ്രാവിഡ ശൗര്യത്തിന്‍റെ കണ്ണാടിയാണ് കൊങ്കു. ചേരസാമ്രാജ്യവും മധുര നായ്കരും ജാതിവേരുകള്‍ പടര്‍ത്തി ഭരിച്ച മണ്ഡലം. തേവര്‍, ഗൗണ്ടര്‍, വണ്ണിയാര്‍ സമുദായങ്ങള്‍ ചേര്‍ന്ന് അണ്ണാഡിഎംകെയുടെ കോട്ട കാക്കുന്ന മേഖല. ചെന്നൈ ആസ്ഥാനമായി തൊണ്ടൈനാടും ചോളനാടും പാണ്ഡ്യനാടും വികസിച്ചപ്പോഴും പടിഞ്ഞാറന്‍ മേഖല ഒഴിവാക്കപ്പെടുന്നുവെന്ന പരാതി നേരത്തെയുള്ളതാണ്. കോയമ്ബത്തൂര്‍ തലസ്ഥാനമായി പുതിയ സംസ്ഥാനമെന്ന ഉറവിടമറിയാത്ത ചര്‍ച്ചയാണ് പുതിയ വിവാദം. സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന ക്യാംപെയ്ന്‍ തമിഴ് ദിനപത്രങ്ങളിലെ തലക്കെട്ടായതാണ് രാഷ്ട്രീയവിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, സേലം, ദിണ്ടിഗല്‍, കാരൂര്‍, ഈറോഡ്, ധര്‍മ്മപുരി, കൃഷ്ണഗിരി, നാമക്കല്‍ എന്നീ പത്ത് ജില്ലകളാണ് കൊങ്കുനാട്ടില്‍ വരിക. നിലവില്‍ 10 ലോക്സഭാ മണ്ഡലങ്ങളുണ്ടിവിടെ. 61 നിയമസഭാ മണ്ഡലങ്ങളും. 90 നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്ത് കൊങ്കുനാടായി മാറ്റി ഒരു കേന്ദ്രഭരണപ്രദേശം രൂപീകരിക്കാനാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ നടക്കുന്നത്. തേനി മണ്ഡലവും കൊങ്കുനാടിനൊപ്പം ചേര്‍ക്കണമെന്നാണ് വാദം. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് തേനി.

എന്തുകൊണ്ട് കൊങ്കുനാട്?

അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമാണ് കൊങ്കുനാട്. ഒ പനീര്‍സെല്‍വത്തിന്‍റെയും പളനിസ്വാമിയുടെയും അടക്കം അണ്ണാഡിഎംകെയുടെ സുരക്ഷിത മണ്ഡലങ്ങളുള്ള മേഖലയാണിത്.

വട്ടപൂജ്യമായിരുന്ന സംസ്ഥാനത്ത് ബിജെപിക്ക് രണ്ട് എംഎല്‍എമാരെ ഇത്തവണ ലഭിച്ച ഇടം. ഡിഎംകെ വന്‍മുന്നേറ്റം നടത്തിയപ്പോഴും അണ്ണാഡിഎംകെയുടെ വോട്ട്ബാങ്ക് സുരക്ഷിതമായി കാത്ത മേഖല. വണ്ണിയാര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള ഇടം. പിഎംകെയുടെ അടക്കം പിന്തുണ. എന്‍ഡിഎ സഖ്യകക്ഷികളുടെ സുരക്ഷിത ഇടമാണ് എന്തുകൊണ്ടും കൊങ്കുനാട്.

പുതിയ കേന്ദ്രസഹമന്ത്രി എല്‍ മുരുകന്‍, ബിജെപി തമിഴ്നാട് പുതിയ അധ്യക്ഷന്‍ അണ്ണാമലൈ എന്നിവരും കൊങ്കുമേഖലയില്‍ നിന്നുള്ളവരാണ്. കൊങ്കുനേതാക്കള്‍ എന്നാണ് ഇവരെ ബിജെപി വിശേഷിപ്പിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാന വിഭജനമെന്ന ആവശ്യം ബിജെപിയുടെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ ഉയരുന്നതിന് കാരണവും ഇത് തന്നെ. കൊങ്കുനാട് രൂപീകരണത്തില്‍ ഡിഎംകെ ഭയപ്പെടുന്നത് എന്തിനെന്നാണ് ബിജെപിയുടെ ചോദ്യം . കോയമ്ബത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനമെന്നാണ് ആവശ്യം. എന്നാല്‍ ഇങ്ങനെ ഒരു ചര്‍ച്ച പോലും വിലയ്ക്കെടുക്കുന്നില്ലെന്ന നിലപാടിലാണ് ഡിഎംകെ. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം തന്നെ കത്തിച്ച്‌ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് തമിഴ് സംഘടനകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക