ആള്‍ദൈവം ചമഞ്ഞ് ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. വെള്ളായണിയിലാണ് കുടുംബത്തെ കബളിപ്പിച്ച്‌ സ്വര്‍ണവും പണവും തട്ടിയത്. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ വിദ്യ എന്ന ആള്‍ദൈവവും സംഘവും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നത്. വെള്ളായണി കൊടിയില്‍ വീട്ടില്‍ വിശ്വംഭരനും മക്കളുമാണ് തട്ടിപ്പിനിരകളായത്.

സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ പൂട്ടിവച്ച്‌ പൂജിച്ചാലേ ഫലം കിട്ടൂവെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. സ്വര്‍ണവും പണവും തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വിശ്വംഭരന്റെ കുടുംബം തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവമായ വിദ്യയേയും സംഘത്തേയും അഭയം പ്രാപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യയും നാലംഗ സംഘവും 2021ല്‍ ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ വച്ച്‌ പൂജിച്ചാല്‍ മാത്രമേ ദേവി പ്രീതിപ്പെടു എന്നു പറഞ്ഞു വിശ്വസിപ്പിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നും മറുപടി. പിന്നീടത് ഒരു വര്‍ഷമായി.ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല. നഷ്ടമായവ വീണ്ടെടുക്കാന്‍ ഈ കുടുംബം സ്റ്റേഷനുകള്‍ കയറി ഇറങ്ങുകയാണ് ഇപ്പോള്‍.

നരബലി, നഗ്നപൂജ മുതലായി കേട്ട് കേൾവി മാത്രമുള്ള ആഭിചാരപ്രക്രിയകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായി നടക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയാണ് പുതിയ തട്ടിപ്പ് വാർത്ത. തലസ്ഥാനം നഗരിയിൽ പോലും ആൾദൈവങ്ങൾ ഇത്തരം പൊള്ളത്തരങ്ങളുടെ പേരിൽ നിരവധി ആളുകളെ ചൂഷണം ചെയ്യുന്നു. മാനഹാനി ഓർത്ത് പലരും പലതും വെളിപ്പെടുത്തുന്നില്ല. സംസ്ഥാന സർക്കാരും നിയമപാലകരും വിചാരിച്ചാലും ഇത്തരം ദുഷ്പ്രവണതകൾക്ക് തടയിടുക സാധ്യമല്ല. സമൂഹം ജാഗ്രത പാലിക്കുക എന്നതാണ് ഇതിൽ പരമപ്രധാനമായ പ്രതിരോധ മാർഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക