ശശി തരൂരിന്റെ പരിപാടി അറിയിച്ചില്ലെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവും എംപിയുമായ കെ മുരളീധരന്‍ രംഗത്ത്. ഇത്തരം കാര്യങ്ങളില്‍ വിവാദം പാടില്ല. തരൂര്‍ അറിയിച്ചിട്ടു തന്നെയാണ് പരിപാടിക്ക് പോയത്. അഥവാ അറിയിച്ചിട്ടില്ലെങ്കില്‍ കെ പി സി സി അധ്യക്ഷനോടാണ് പരാതി പറയേണ്ടത്, മാധ്യമങ്ങളോടല്ലെന്നുമായിരുന്നു കെ. മുരളീധരന്‍ പറഞ്ഞത്. തരൂര്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂര്‍ പങ്കെടുക്കാതിരുന്നത് ശരിയാണെന്നും മുരളീധരന്‍ പ്രതികരിച്ചു.
എന്നാല്‍ മുരളീധരന്‍ തന്നെ പഠിപ്പിക്കേണ്ടെനന്നായിരുന്നു നാട്ടകം സുരേഷിന്റെ മറുപടി. മാധ്യമങ്ങളെ അറിയിച്ചത് ശരിയായില്ലെന്ന് മുരളീധരന്‍ പറഞ്ഞതും മാധ്യമങ്ങളോടു തന്നെയല്ലേയെന്നും സുരേഷ് ചോദിച്ചു. 14 വര്‍ഷമായി തരൂര്‍ എന്താണ് പാര്‍ട്ടിക്ക് വേണ്ടി ചെയ്തത്?
കെ റെയില്‍ സമരത്തില്‍ പ്രവര്‍ത്തകര്‍ വെയിലും മഴയും കൊണ്ടു നിന്നിട്ടുണ്ട്. അപ്പോള്‍ പിണറായി വിജയനെ പിന്തുണച്ച് സംസാരിക്കുകയാണ് തരൂര്‍ ചെയ്തത്. തരൂര്‍ സംഘടനാ മര്യാദ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കോട്ടയം ഡി സി സി അധ്യക്ഷനായ നാട്ടകം സുരേഷ് പറഞ്ഞു.