വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ വൈദികരെയടക്കം പ്രതിയാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നതെന്നും സര്‍ക്കാരിന്‍റേത് വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ആണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് രണ്ടാം പ്രതിയും. ഇവര്‍ ഉള്‍പ്പെടെ അന്‍പതോളം വൈദികരാണ് പ്രതിപ്പട്ടികയില്‍. ആര്‍ച്ച്‌ ബിഷപ്പും വൈദികരും ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്കു പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു. പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്തു നേരിട്ടെത്തിയവരല്ല. എന്നാല്‍ ഇവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച്‌ മുല്ലൂരിലെത്തുകയും സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുള്ളത്. നേരത്തേ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരെ പ്രതിചേര്‍ത്തു വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒന്‍പത് കേസുകളും തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക