ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ച്‌ കെട്ടിത്തൂക്കിക്കൊന്ന കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. സിപിഐ നേതാവും പീരുമേട് എംഎല്‍എയുമായ വാഴൂര്‍ സോമന്റെ ഇടപെടലും കുട്ടിയുടെ മാതാപിതാക്കള്‍ക്കു മേല്‍ സിപിഎം ചെലുത്തുന്ന സമ്മര്‍ദ്ദവും ഇതിന്റെ വ്യക്തമായ സൂചനകളാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

ബാലികയുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ ചട്ടവിരുദ്ധമായി ഇടപെട്ടതാണ് വന്‍ വിവാദത്തില്‍ എത്തിയിരിക്കുന്നത്. സിആര്‍പിസി-174 പ്രകാരം കേസെടുത്ത സംഭവത്തില്‍ പുറത്ത് നിന്ന് ആര്‍ക്കും ഇടപെടാനോ പോസ്റ്റുമോര്‍ട്ടം നടപടി തടസപ്പെടുത്താനോ നിയമം അനുവദിക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള മെഡിക്കോ ലീഗല്‍ കോഡ് പ്രകാരവും ഇത്തരം ഇടപെടല്‍ തെറ്റാണ്. അസ്വാഭാവിക മരണങ്ങളില്‍ നിര്‍ബന്ധമായും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിയമം അട്ടിമറിക്കാനാണ് എംഎല്‍എ ശ്രമിച്ചത്. പോസ്റ്റുമോര്‍ട്ടം വേണ്ടെന്നു വയ്ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഡിവൈഎസ്പിയേയും സിഐയേയും വിളിച്ചതായി, പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷന് മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ പറയുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായി. സിപിഎം പ്രവര്‍ത്തകനായ പ്രതി അര്‍ജുനെ സംരക്ഷിക്കാന്‍ കേസിന്റെ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് വാഴൂര്‍ സോമന്റെ വെളിപ്പെടുത്തല്‍.

വണ്ടിപ്പെരിയാറില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും ക്രൂരമായ ദളിത് പീഡനമാണ്. മൂന്നു വര്‍ഷമായി കുരുന്നിനെ പീഡിപ്പിച്ച ശേഷം ഇതിനിടയില്‍ തന്നെ കെട്ടിത്തൂക്കിക്കൊല്ലുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതാവായിരുന്ന പ്രതിയെ ആദ്യം പോലീസ് പിടികൂടിയപ്പോള്‍ ഇയാളെ ഇറക്കാനും എംഎല്‍എ ശ്രമിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭയപ്പെടുത്തി വരുതിയിലാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. ഇടത് യൂണിയന്‍ നേതാക്കളിടപെട്ടാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്.

കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും പ്രതി പാര്‍ട്ടിപ്രവര്‍ത്തകനാണോയെന്ന് അറിയില്ലെന്നും ഇന്നലെ പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തരം ഭീഷണികളുടെ ഫലമായാണ്. പ്രതിക്കെതിരെ ആദ്യം ശക്തമായി പ്രതികരിച്ച അച്ഛനാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. പ്രതി അര്‍ജുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ലയത്തിലെ കുട്ടികളെ പാര്‍ട്ടി പരിപാടികളിലെത്തിക്കുന്ന സംഘാടകനുമാണ്. പെണ്‍കുട്ടിയുടെ പിതാവ് ഇടത് യൂണിയന്റെ ചുമതലയുള്ളയാളാണ്. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം തടയാന്‍ ഇടപെട്ട ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നാണ് മറ്റ് രാഷ്ട്രീയകക്ഷികളുടെ പ്രധാന ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക