ജലസ്രോതസുകള്‍ മലിനമാകുന്നത് തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘മലംഭൂതം’ ബോധവത്കരണ പദ്ധതിക്ക് തുടക്കമായി. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും ശുചിത്വമിഷന്‍റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് മലംഭൂതം. യുനിസെഫ്-വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാമ്ബത്തിക സാങ്കേതിക സഹായത്തോടെയാണ് ക്യാമ്ബയിന്‍ നടപ്പിലാക്കുന്നത്.

‘തെളിനീരൊഴുകും നവകേരളം’- പ്രചാരണ പദ്ധതിയുടെ തുടര്‍ച്ചയായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മലംഭൂതം എന്ന പേരില്‍ സംഘടിപ്പിക്കുന്ന വിജ്ഞാന വ്യാപന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിച്ചു. തെളിനീരൊഴുകും നവകേരളത്തിന്‍റെ ഭാഗമായുള്ള പരിശോധനയില്‍ കേരളത്തിലെ പൊതു ജലാശയങ്ങളില്‍ 80% മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമാണെന്നു കണ്ടെത്തിയിരുന്നു. കിണറുകളിലും ഇത്തരം മാലിന്യങ്ങളുടെ അളവ് വര്‍ധിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കുവാനും ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റേയും, ജലസ്രോതസുകള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വിവര-വിജ്ഞാന-വ്യാപന ക്യാമ്ബയിനായ മലംഭൂതത്തിന് സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച്‌ ജനങ്ങളെ ക്യാമ്ബയിനിലൂടെ ബോധവത്കരിക്കും. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഓരോ ജില്ലയിലും 2 വീതം സംസ്ഥാനത്ത് 28 പ്ലാന്‍റുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും. ഓരോ ജില്ലയ്ക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ഒരു ഫീക്കല്‍ സ്ലഡ്ജ് മാനേജ്മെന്‍റ് പ്ലാന്‍ ഉണ്ടാക്കും. 2016-ല്‍ വെളിയിട വിസര്‍ജ്നമുക്ത പ്രദേശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെങ്കിലും കക്കൂസ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കാരിക്കാനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രണ്ടാംനിര പ്രശ്നങ്ങള്‍ നേരിടുന്ന പ്രദേശമാണ് കേരളം. കക്കൂസിനോട് അനുബന്ധമായി നിര്‍മിക്കുന്ന സെപ്റ്റിക് ടാങ്കുകളില്‍ നിര്‍മാണത്തിലെ അശാസ്ത്രീയതമൂലം പലപ്പോഴും മനുഷ്യ വിസര്‍ജ്യത്തിന്റെ ശാസ്ത്രീയ സംസ്കരണം നടക്കുന്നില്ല. അതിനാല്‍ സെപ്റ്റിക് ടാങ്കുകളില്‍ നിന്നും ചുരുങ്ങിയത് 3 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിസര്‍ജ്യാവശിഷ്ടം ശേഖരിച്ച്‌ ശാസ്ത്രീയരീതിയില്‍ സംസ്ക്കരിക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ സംസ്ക്കരിക്കാതിരുന്നാല്‍ സെപ്റ്റിക് ടാങ്കുകളില്‍ നിന്നും പുറന്തളപ്പെടുന്ന ജലത്തിനോടൊപ്പം മനുഷ്യവിസര്‍ജ്യം കൂടികലര്‍ന്ന് ഗുരുതര ജലമലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. സംസ്ഥാനം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. വീടുകളിലെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് 3 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാലിന്യം ശേഖരിച്ച്‌ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.കക്കൂസ് മാലിന്യം ഉള്‍പ്പെടെ മലിനജലം സംസ്‌കരിക്കാനുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്ഥലം കണ്ടെത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കും. നഗരസഭയുടെ മുട്ടത്തറയിലെ മലിനജല സംസ്‌കരണ പദ്ധതി മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മലംഭൂതം ക്യാമ്ബയിന്‍ ലോഗോ പ്രകാശനവും ബോധവത്കരണ വീഡിയോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക