ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ ചെ‌ലവാക്കുന്നത് ലക്ഷങ്ങള്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി 46.9 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് പോലും കണക്കിലെടുക്കാതെയാണ് സർക്കാർ ഇത്തരം പോരാട്ടങ്ങൾക്കായി നികുതിപ്പണത്തിൽ നിന്ന് കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ തുനിയുന്നത് എന്നത് ആക്ഷേപകരമാണെന്ന് പറയാതെ വയ്യ.

ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച്‌ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീര്‍ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നല്‍കും. നരിമാന്റെ ക്ലര്‍ക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ 11 ബില്ലുകളാണ് പാസാക്കിയത്. ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി അടക്കമുള്ള നാല് ബില്ലുകള്‍ക്കും കഴിഞ്ഞ വര്‍ഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. കേരള നിയമസഭാ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമോപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക