പുഴയിൽ നിൽക്കുന്ന മെസ്സിയെക്കാൾ 10 അടി ഉയരത്തിൽ കരയിൽ നിൽക്കുന്ന നെയ്മർ: കോഴിക്കോട് ലോകകപ്പ് ഫുട്ബോൾ ജ്വരം മുറുകുന്നു; അർജന്റീനിയൻ ആരാധകർക്ക് മറുപടിയുമായി ബ്രസീലിയൻ ആരാധകർ – വീഡിയോ കാണാം.
പുല്ലാവൂരില്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ കട്ടൗട്ടിന് മറുപടിയുമായി ബ്രസീല്‍ ആരാധകര്‍. നെയ്മറിന്റെ ഒരു പടുകൂറ്റന്‍ കട്ടൗട്ട് നദിക്കരയില്‍ ഉയര്‍ത്തിയാണ് ഇവര്‍ മറുപടി നല്‍കിയിരിക്കുന്നത്. പുഴയ്‌ക്ക് നടുവില്‍ വെച്ചിരിക്കുന്ന മെസ്സിയുടെ കട്ടൗട്ടിന്റെ ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അര്‍ജന്റീനയിലെ മാദ്ധ്യമങ്ങള്‍ പോലും കൊച്ചു കേരളത്തിലെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെയാണ് തങ്ങളും പിന്നോട്ടില്ലെന്ന് പറഞ്ഞുകൊണ്ട് നെയ്മര്‍ ആരാധകര്‍ കരയില്‍ കട്ടൗട്ട് വെച്ചത്.
കോഴിക്കോട് നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ കരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാവൂര്‍ ഗ്രാമത്തില്‍ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ആ കട്ടൗട്ട് പോര്. 30 അടി നീളമുള്ള മെസ്സിയുടെ കട്ടൗട്ട് ആരാധകര്‍ സ്ഥാപിച്ചപ്പോള്‍, നെയ്മര്‍ ആരാധകര്‍ ഒരു പടി മുകളിലേക്ക് പൊങ്ങി. 40 അടി നീളമുള്ള നെയ്മറിന്റെ കട്ടൗട്ടാണ് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്. ഇതിന്റെ വീഡിയോയും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഖത്തറില്‍ ലോകക്കപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 22ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. സൗദി, മെക്‌സിക്കോ, പോളണ്ട് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന കളിക്കേണ്ടത്.