പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടിയിലേ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. അതുകൊണ്ടാണ് തീരുമാനം മരവിപ്പിച്ചതെന്നും ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എങ്ങനെയാണ് പാര്‍ട്ടിയില്‍ ചര്‍ച്ച കൂടാതെ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പരിശോധിക്കേണ്ട കാര്യമാണെന്നും ഗോവിന്ദന്‍ പരസ്യ നിലപാടെടുത്തു.

എന്നാല്‍ പെന്‍ഷന്‍ പ്രായം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ച ചെയ്താണ് നടപ്പാക്കിയതെന്ന് വ്യവസായമന്ത്രി പി.രാജീവ് പ്രതികരിച്ചു. എം.വി.ഗോവിന്ദന്റെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരാളുടെ അസംതൃപ്തിയല്ലല്ലോ പ്രശ്നം എന്നായിരുന്നു മറുപടി. പെന്‍ഷന്‍ പ്രായം സംബന്ധിച്ച റിപ്പോര്‍ട്ട് പൊതുവേ നല്ല മാറ്റങ്ങള്‍ക്ക് സഹായകമായ ഒന്നാണെന്നും രാജീവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ കേന്ദ്രങ്ങളിൽ അത്ഭുതം

മുഖ്യമന്ത്രിയായ ശേഷം പാർട്ടിക്കും മുകളിലായിരുന്നു പിണറായി വിജയൻ എന്ന നിലയിലാണ് സിപിഎമ്മിൽ കാര്യങ്ങൾ നീങ്ങിയിരുന്നത്. കൊടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരുന്നപ്പോഴും, എ വിജയരാഘവൻ താൽക്കാലികമായി ആ ചുമതല വഹിച്ചപ്പോഴും കമ്മ്യൂണിസ്റ്റ് ആശയധാരയ്ക്ക് വിരുദ്ധമായ നിലപാടുകൾ പിണറായി സർക്കാരിൽ നിന്നുണ്ടായപ്പോൾ ഒരിക്കലും പാർട്ടി സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പരസ്യമായി ഇത്തരം ഒരു എതിർപ്പ് ഉയർന്നിരുന്നില്ല. എന്നാൽ കൊടിയേരി മാറി ഗോവിന്ദൻ മാസ്റ്റർ പദവിയിൽ എത്തുമ്പോൾ ഇതാവില്ല സ്ഥിതി എന്ന വ്യക്തമായ സൂചനയാണ് ഇന്നത്തെ പ്രതികരണം നൽകുന്നത്. പാർട്ടി ഭരണത്തിൽ കൂടുതൽ പിടിമുറുക്കുന്ന കാഴ്ച വിദൂരമല്ല എന്ന് വേണം ഈ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാൻ.

തന്റെ ഒന്നാം സർക്കാരിന്റെ കാലഘട്ടത്തിലേതുപോലെ പിണറായി വിജയനും ഇപ്പോൾ ശക്തൻ അല്ല. ആഭ്യന്തരവകുപ്പിന്മേൽ നിയന്ത്രണമില്ല, സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കുറിച്ചുയരുന്ന ആരോപണങ്ങൾ, വിലക്കയറ്റം, പാർട്ടിയിൽ ഉണ്ടാകുന്ന ക്രിമിനൽ വൽക്കരണം, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, കെ റയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളോടുള്ള ജനകീയ എതിർപ്പ് എന്നിവ മുഖ്യമന്ത്രിയെ ദുർബലനാക്കിയിരിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ വിദേശ സന്ദർശനങ്ങൾ പോലും രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്. അതുകൊണ്ടുതന്നെ പിണറായി വിജയനുവേണ്ടി പാർട്ടി നഷ്ടം സഹിക്കുന്ന സാഹചര്യം പ്രതിരോധിക്കുവാൻ എം വി ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറി പ്രാപ്തനാണോ എന്നതാണ് ഇനി കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക