ചൈനീസ് വാഹന ഭീമന്മാരായ ബിവൈഡി ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ എത്തിയത് രണ്ടും കല്‍പ്പിച്ചാണ്.രാജ്യത്തെ ആദ്യ ഇലക്‌ട്രിക് MPV യായ E6ന് ശേഷം SUV യുമായി ബിവൈഡി ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. ആറ്റോ 3 എന്ന് പേരിട്ടിരിക്കുന്ന പുതിയ SUV യുടെ ആദ്യ പ്രദര്‍ശനം നടത്തിയ കമ്ബനി ബുക്കിങ്ങും ആരംഭിച്ച്‌ കഴിഞ്ഞു. ആറ്റോ 3ന്റെ ഇന്ത്യയിലെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈനീസ് വിപണിയിലെത്തിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. E6 ന് പിന്നാലെ ബിവൈഡി പുറത്തിറക്കുന്ന രണ്ടാമത്തെ പാസഞ്ചര്‍ കാറാണ് ആറ്റോ 3.

ചൈനീസ് ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്സിന്റെ സിഎസ് ഇവി, ഹ്യുണ്ടേയ് കോന എന്നീ വാഹനങ്ങളാകും ആറ്റോ 3 യുടെ പ്രധാന എതിരാളികള്‍. ഈ വാഹനങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ആറ്റോ 3 യുടെ വരവ്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,455 എംഎം 1,875 എംഎം 1,615 എംഎം. 2,720 എംഎം വീല്‍ബേസുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 150 എംഎം. എംജി സിഎസിനെക്കാള്‍ 132 എംഎമ്മും ഹ്യുണ്ടേയ് കോനയെക്കാള്‍ 275 എംഎം നീളക്കൂടുതലും ആറ്റോ 3 ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, 18 ഇഞ്ച് ‍ഡയമണ്ട് കട്ട് അലോയ് വീല്‍, പാനോരമിക് സണ്‍റൂഫ്, പവര്‍ അസിസ്റ്റ് അ‍ഡ്ജസ്റ്റബിള്‍ മുന്‍ സീറ്റുകള്‍,ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, വിവിധ ആംഗിളില്‍ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫൊടെയ്‌ന്‍മെന്റ് സിസ്റ്റം, ഇലക്‌ട്രിക് ടെയില്‍ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിങ്ങനെ ഫീച്ചറുകളാല്‍ സമ്ബന്നമാണ് ആറ്റോ 3.

സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം , ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, റഡാര്‍ അടിസ്ഥാനമാക്കിയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം (ADAS), ഫുള്‍ അഡാപ്റ്റീവ് ക്രൂസ് കണ്‍‌ട്രോള്‍, കൊളീഷന്‍ വാണിങ്, ബ്ലൈന്‍ഡ് സ്പോര്‍ട്ട് വാണിങ് ഇങ്ങനെ അത്യാധുനികമായ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുണ്ട് ആറ്റോ 3 യില്‍.

ബിവൈഡിയുടെ ഇ-പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രാജ്യന്തര വിപണിയില്‍ 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്കിന്റെ വകഭേദങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ എത്തുന്നത് 60.48 kWh ന്റെ വകഭേദം മാത്രമാണ്. ഒറ്റചാര്‍ജില്‍ 512 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ബാറ്ററി റേഞ്ച്. കൂടുതല്‍ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3യില്‍ ഉള്‍കോള്ളിച്ചിരിക്കുന്നത്.

പ്രകടനത്തില്‍ പുലിയാണ് BYD ആറ്റോ 3. 240 ബിഎച്ച്‌പി കരുത്തും 310 എന്‍എം ടോര്‍ക്കും നല്‍കുന്ന പെര്‍മനന്റ് മാഗ്‌നെറ്റ് സിങ്ക്രനസ് മോട്ടറാണ് ആറ്റോ 3 ക്കുള്ളത്. 1,750 കിലോഗ്രാം ഭാരമുള്ള SUV 7.3 സെക്കന്‍ഡില്‍ 0-100കിമീ വേഗത്തിലെത്തും. ടൈപ് 2, CCS2 എന്നിവയാണ് ചാര്‍ജിങ് ഒാപ്ഷനുകള്‍. 80 kW DC ഫാസ്റ്റ് ചാര്‍ജര്‍ വഴി 50 മിനിറ്റില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും കഴിയും. ടൈപ് 2 എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

വാഹനം പുറത്തിറങ്ങുന്നതിന്റെ പ്രൊമോഷണല്‍ പാക്കേജിന്റെ ഭാഗമായി മൂന്നു വര്‍ഷത്തേയ്ക്ക് 4 ജി ഡേറ്റ സൗജന്യമായി BYD നല്‍കുന്നുണ്ട്. കൂടാതെ 6 വര്‍ഷം റോഡ്സൈഡ് അസിസ്റ്റന്‍സും 6 സൗജന്യ മെയിന്റനന്‍സ് സര്‍വീസും ലഭിക്കും.വാഹനത്തിന് ആറ് വര്‍ഷം അല്ലെങ്കില്‍ 1.50 ലക്ഷം കിലോമീറ്റര്‍ ആണ് സ്റ്റാന്‍ഡേര്‍ഡ് വാറന്റി . ബാറ്ററിക്ക് എട്ടുവര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്ററും ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക