ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവതി മരിച്ച സംഭവത്തിൽ ഇറാനിൽ പ്രതിഷേധം കനക്കുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും പ്രധാന നഗരമായ മാഷാദിലും വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണാധികാരികൾക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ സ്ത്രീകൾ തങ്ങൾ ധരിച്ചിരുന്ന ഹിജാബ് വലിച്ചൂരിയെറിഞ്ഞും പ്രതിഷേധിച്ചതായി ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു.

മരിച്ച മഹ്സ അമിനി താമസിച്ചിരുന്ന കുർദിസ്ഥാനിൽ പ്രതിഷേധവുമായി എത്തിയവർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അഞ്ചൂറോളം പേരാണ് ഞായറാഴ്ച ഈ പ്രദേശത്ത് പ്രതിഷേധവുമായി ഒത്തുകൂടിയത്. ചിലർ കാറിന്റെ ചില്ലുകൾ തകർക്കുകയും മോട്ടോർബൈക്കുകൾ കത്തിക്കുകയും ചെയ്തു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി, മഹ്‌സയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽ മഹ്‌സ ക്രൂര മർദനത്തിന് ഇരയായെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്‌തെ ഇര്‍ഷാദ്(ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്‌സയെ കസ്റ്റഡിയിൽ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.

മഹ്സയെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് ടെഹ്റാൻ പൊലീസ് മേധാവി ജനറൽ ഹുസൈൻ റഹ്മി അറിയിച്ചു. മഹ്സയുടെ മരണത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ടെഹ്റാനിലേക്ക് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തുകയാണ്. ചലച്ചിത്ര, കായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും മഹ്സയുടെ മരണത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക