കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ വേദിയില്‍ ഇരിപ്പിടം കിട്ടാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന പരിപാടി നിലത്തിരുന്നാണ് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കണ്ടത്.

ജോഡോ യാത്ര കഴിയുന്നതുവരെ താന്‍ സ്റ്റേജില്‍ കയറില്ലെന്ന് കെ.പി.സി.സി പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന പരിപാടി നിലത്തിരുന്നാണ് മുരളീധരന്‍ കണ്ടത്. ‘നടക്കാത്തവര്‍ വേദിയിലും, നടക്കുന്നവര്‍ മുഴുവന്‍ പുറത്തുമാണ്. നടക്കാത്തവര്‍ വേദിയില്‍ തിക്കിത്തിരക്കുന്നത് കാരണം ഇനി മുഴുവന്‍ നിലത്തിരിക്കാനാണ് തീരുമാനം. സ്റ്റേജില്‍ ഇനി കയറില്ല. രാഹുല്‍ ഗാന്ധിക്ക് ഒപ്പം കേരള അതിര്‍ത്തി വരെ നടക്കും,’ കെ. മുരളീധരന്‍ ടി.വിയോട് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുല്‍ ഗാന്ധിയുടെ യാത്ര തമിഴ്നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ പ്രവേശിച്ചത് മുതല്‍ കെ. മുരളീധരന്‍ യാത്രക്കൊപ്പം നടക്കുന്നുണ്ട്. ഇത്ര ദിവസമായിട്ടും ഒരു വേദിയിലും മുന്‍ കെ.പി.സി.സി അധ്യക്ഷന് ഇടം കിട്ടിയില്ല. ഇതാണ് മുരളീധരന്‍ എം.പിയുടെ കടുത്ത അമര്‍ഷത്തിന് കാരണമായത്. സെപ്റ്റംബര്‍ 10 ശനിയാഴ്ച രാത്രിയോടെയാണ് ജോഡോ യാത്ര കേരള അതിര്‍ത്തിയായ പാറശ്ശാല ചെറുവാരകോണത്തെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജാഥയെ സ്വീകരിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.

കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയ ക്രമം. തിരുവനന്തപുരം ജില്ലയില്‍ സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക