ഞായറാഴ്ച മറാക്കാനയിൽ നടക്കാൻ പോകുന്നത് ലോകഫുട്ബോളിലെ സ്വപ്ന പോരാട്ടം: കോപ്പാ അമേരിക്ക ഫൈനലിൽ ബ്രസീൽ അർജൻറീനയെ നേരിടും.
ബ്രസീലിയ: ഞായറാഴ്ച പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തില്‍ കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീല്‍- അര്‍ജന്റീന സ്വപ്ന പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച പോരാട്ടത്തിലാണ് കൊളംബിയയെ അര്‍ജന്റീന മറികടന്നത്. കളിയുടെ തുടക്കത്തില്‍ ഗോളടിച്ച് അര്‍ജന്റീന മുന്നിലെത്തിയ മത്സരത്തില്‍ 61-ാം മിനിറ്റിലെ ഗോളുമായി കൊളംബിയ ഒപ്പമെത്തിയതിനൊടുവിലാണ് പെനാല്‍റ്റിയിലേക്ക് നീങ്ങിയത്.
ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ മൂന്ന് തകര്‍പന്‍ സേവുകളാണ് അര്‍ജന്റീനക്ക് ജയം സമ്മാനിച്ചത്. നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത കഴിഞ്ഞ ദിവസം നേടിയിരുന്നു.
കിക്കോഫ് കഴിഞ്ഞ്ഏഴാം മിനുറ്റില്‍ തന്നെ അര്‍ജന്റീന മത്സരത്തില്‍ മുന്നിലെത്തി. ബോക്സിനുള്ളില്‍ മെസി മറിച്ചുനല്‍കിയ പന്തില്‍ ലൗറ്റാരോ മാര്‍ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒപ്പമെത്താന്‍ എല്ലാ അടവും പുറത്തെടുക്കുന്ന കൊളംബിയയെയാണ് പിന്നീട് കണ്ടത്. 36-ാം മിനുറ്റില്‍ റീ-ബൗണ്ടില്‍ നിന്ന് ബോറിയോസ് തൊടുത്ത ഷൂട്ടും രണ്ട് മിനുറ്റുകള്‍ക്കുള്ളില്‍ മിനയുടെ തകര്‍പ്പന്‍ ഹെഡറും പോസ്റ്റില്‍ തട്ടിയവസാനിച്ചു. ഇതോടെ അര്‍ജന്റീനയുടെ ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിലും കൊളംബിയ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളി കാര്യമായി. ലിയോണല്‍ മെസിയായിരുന്നു ലക്ഷ്യം. അര്‍ജന്റീനന്‍ താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു. ഇതിനിടെ 61-ാം മിനുറ്റില്‍ കൊളംബിയ മത്സരത്തില്‍ ഒപ്പം പിടിച്ചു. കര്‍ഡോണ അതിവേഗമെടുത്ത ഫ്രീകിക്കില്‍ അര്‍ജന്റീനന്‍ താരങ്ങളെ കബളിപ്പിച്ച് ലൂയിസ് ഫെര്‍ണാണ്ടോ ഡയസായിരുന്നു ഫിനിഷിംഗിലൂടെ വല ചലിപ്പിച്ചത്. പിന്നീട് ഗോള്‍ നേടാനുള്ള ഇരു ടീമുകളുടേയും ശ്രമം വിജയിക്കാതെ ഇരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.