ദോഹ: ഫിഫ ലോകകപ്പിൽ സ്വിറ്റ്സര്‍ലൻഡിന്റെ പ്രതിരോധക്കോട്ട 83–ാം മിനിറ്റിൽ തകർത്തെറിഞ്ഞ് ബ്രസീലിനു വിജയം. കാസെമിറോയുടെ തകർപ്പൻ ഗോളിൽ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ ബ്രസീല്‍ ജി ഗ്രൂപ്പില്‍ ആറു പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരം ജയിച്ച സ്വിറ്റ്സർലൻഡ് മൂന്നുപോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് കാസെമിറോ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചത്. റോഡ്രിഗോയുടെ അസിസ്റ്റിൽനിന്നായിരുന്നു ബ്രസീലിന്റെ ഗോൾ പിറന്നത്. ബോക്സിന് അകത്തുനിന്ന് കാസെമിറോയുടെ അതിമനോഹരമായ ഷോട്ട് സ്വിസ് പ്രതിരോധ താരത്തിന്റെ ദേഹത്തുതട്ടിയ ശേഷം വലയിലെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരുക്കേറ്റു പുറത്തായ നെയ്മാറുടെ അഭാവം മുഴച്ചുനിൽക്കുന്ന കളിയാണ് ആദ്യ പകുതിയിൽ ബ്രസീലിന്റേത്. വേഗത കുറഞ്ഞ മുന്നേറ്റങ്ങൾ പലതും സമ്മര്‍ദങ്ങളില്ലാതെയാണ് സ്വിസ് താരങ്ങൾ പ്രതിരോധിച്ചത്. 12–ാം മിനിറ്റിൽ ബ്രസീലിനു ഗോൾ നേടാൻ ലഭിച്ച സുവർണാവസരവും പാഴാക്കി. പക്വെറ്റയിൽനിന്ന് ഫ്ലിക് പാസായി പന്തു ലഭിച്ച റിചാർലിസന് സ്വിസ് പോസ്റ്റിനു മുൻപിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചു. എന്നാൽ പന്ത് വിനീഷ്യസിനു കട് ബാക്ക് ചെയ്തു നൽകാനാണ് താരം ശ്രമിച്ചത്. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദി പന്തു രക്ഷപെടുത്തി.

കാസെമിറോയുടേയും ഫ്രെ‍ഡിന്റേയും വൺ ടച്ച് പാസ് റിചാർലിസന് വീണ്ടുമൊരു അവസരം ഒരുക്കി നൽകിയെങ്കിലും നീക്കം ഗോൾകിക്കിൽ അവസാനിച്ചു. ആദ്യ പകുതിയുടെ 20 മിനിറ്റുകൾ പിന്നിടുമ്പോഴും ബ്രസീലും സ്വിറ്റ്സർലൻഡും ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു. 27–ാം മിനിറ്റിൽ വിനീസ്യൂസിന്റെ വോളി സ്വിസ് ഗോളി യാൻ സോമർ രക്ഷിച്ചു. 25 വാര അകലെനിന്ന് റാഫീഞ്ഞ എടുത്ത ഷോട്ടും യാൻ സോമർ‌ പിടിച്ചെടുത്തു. 37–ാം മിനിറ്റിൽ മിലിറ്റാവോയുടെ ഒരു ഗോൾ ശ്രമം സ്വിസ് താരം ഷാക്ക ബ്ലോക്ക് ചെയ്തു. റാഫിഞ്ഞയെടുത്ത കോർണറിൽനിന്ന് ഗോൾ നേടാനുള്ള തിയാഗോ സില്‍വയുടെ ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. സ്വിസ് പ്രതിരോധ താരം നികോ എല്‍വെദിയുടെ ബ്ലോക്കിൽ പന്തു ഗോൾ പോസ്റ്റിലെത്തിയില്ല. ആദ്യപകുതി അവസാനിച്ചപ്പോൾ സ്റ്റേഡിയം 974ൽ ഗോൾ പിറന്നില്ല. ആദ്യ പകുതിയിൽ ഒരു ഗോൾ ശ്രമം മാത്രമാണ് സ്വിറ്റ്സർലൻഡിൽനിന്നുണ്ടായത്.

ഗോൾ നേടുക ലക്ഷ്യമിട്ട് രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ലുകാസ് പക്വെറ്റയെ പിൻവലിച്ച് ബ്രസീൽ റോ‍‍ഡ്രിഗോയെ ഇറക്കി. 53–ാം മിനിറ്റിൽ സ്വിസ് താരം സിൽവൻ വിഡ്മർ ബ്രസീൽ പോസ്റ്റിനു സമീപത്തുനിന്ന് നൽകിയ ലോ ഫീൽഡ് പാസിൽ റീഡർ സ്ലൈഡ് ചെയ്തെങ്കിലും കണക്ട് ചെയ്യാൻ സാധിച്ചില്ല. എന്നാൽ റീബൗണ്ടിൽ ജിബ്രിൽ സോയെ അലെക്സ് സാന്ദ്രോ ബ്ലോക്ക് ചെയ്തു. 63–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനീയർ ബ്രസീലിനായി വല കുലുക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ റഫറി ഓഫ് സൈ‍ഡ് വിളിച്ചു. കാസെമിറോയുടെ പാസിലാണ് ബ്രസീലിന്റെ ഗോൾ നേടിയത്. ഗോൾ നിഷേധിച്ചതോടെ ഗാലറിയിലെ ആയിരക്കണക്കിന് ബ്രസീൽ ആരാധകർക്കും നിരാശ.

മത്സരം 70 മിനിറ്റ് പിന്നിട്ടതോടെ റിചാർലിസനെയും റാഫിഞ്ഞയെയും പിൻവലിച്ച് ബ്രസീൽ ഗബ്രിയേൽ ജെസ്യൂസിനെയും ആന്റണിയെയും ഗ്രൗണ്ടിലിറക്കി. സെർബിയയ്ക്കെതിരെ രണ്ടു ഗോളടിച്ച റിചാർലിസൻ കാര്യമായൊന്നും ചെയ്യാനാകാതെയാണ് സ്വിറ്റ്സർലൻഡിനെതിരായ കളിയിൽ ഗ്രൗണ്ട് വിട്ടത്. രണ്ടാം പകുതിയില്‍ സ്വിറ്റ്സർലൻഡും ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി. 75–ാം മിനിറ്റിൽ റോഡ്രിഗോയുടെ ഫ്രീകിക്ക് സ്വിസ് പോസ്റ്റില്‍ ഭീഷണിയാകാതെ പുറത്തേക്കുപോയി. 83–ാം മിനിറ്റിൽ കാസെമിറോ മത്സരത്തിലെ ആദ്യ ഗോൾ നേടി. ബോക്സിന് അകത്തുനിന്ന് കാസെമിറോയുടെ അതിമനോഹരമായ ഷോട്ട് സ്വിസ് പ്രതിരോധ താരത്തിന്റെ ദേഹത്തുതട്ടിയ ശേഷം ഗോളി യാൻ സോമറിനെ കാഴ്ചക്കാരനാക്കിയാണു വലയിലെത്തിയത്.

87–ാം മിനിറ്റിൽ റോഡ്രിഗോയുടെ ഷോട്ട് സ്വിസ് ഗോളി ബാറിനു മുകളിലൂടെ തട്ടിയകറ്റി.‌ കോർണർ ലക്ഷ്യത്തിലെത്തിക്കാനും അവര്‍ക്കു സാധിച്ചില്ല. ഗോൾ നേടിയതോടെ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സ്വിസ് ബോക്സിലേക്കു ബ്രസീൽ തുടർച്ചയായി പന്തെത്തിച്ചു. എന്നാൽ രണ്ടാമതൊരു ഗോൾ നേടാൻ ബ്രസീലിനു സാധിച്ചില്ല. ആറു മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ ബ്രസീലിന് ഒരു ഗോൾ വിജയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക