ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ഇന്ത്യയിലും ദുബായിലും വച്ച്‌ നിരവധി തവണ അഭിമുഖം നടത്തിയിട്ടുണ്ടെന്ന് മാദ്ധ്യമപ്രവര്‍ത്തക ഷീല ഭട്ട്. ദാവൂദിനെ ആദ്യമായി കാണുമ്ബോള്‍ അയാള്‍ ഒരു ചെറിയ കുറ്റവാളി മാത്രമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ദാവൂദ് ഇബ്രാഹിമുമായി വര്‍ഷങ്ങള്‍ക്ക് മുമ്ബെടുത്ത ചിത്രം ഷീല ഭട്ട് കഴിഞ്ഞ മാസം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. 1993ലെ മുംബയ് സ്ഫോടന പരമ്ബര ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഒന്നിലധികം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകരനാണ് ദാവൂദ് ഇബ്രാഹിം. 1988ല്‍ ദുബായില്‍ വച്ചാണ് ദാവൂദുമായിട്ടുള്ള ചിത്രം എടുത്തതെന്ന് 40 വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുള്ള മാദ്ധ്യമപ്രവര്‍ത്തകയായ ഷീല പറയുന്നു.

‘1970ല്‍ മുംബയിലെ ഒരു മാഫിയ തലവനായ കരിം ലാലയുടെ ഒപ്പമുള്ളവര്‍ സര്‍ക്കാര്‍ റിമാൻഡ് ഹോമിലെ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നു എന്ന വാര്‍ത്ത എഴുതണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ദാവൂദ് ആദ്യമായി വിളിക്കുന്നത്. 1981-82 കാലഘട്ടത്തില്‍ അയാള്‍ വെറുമൊരു സാധാരണ കുറ്റവാളിയായിരുന്നു. ആ ഫോണ്‍ കോളിന് ശേഷമാണ് ആദ്യത്തെ അഭിമുഖം നടന്നത്. അന്ന് ഞാൻ ഭര്‍ത്താവിനൊപ്പമാണ് അയാളെ കാണാൻ പോയത്. മുംബയ് ജയില്‍ റോഡിന് സമീപമുള്ള ടാങ്കര്‍ സ്ട്രീറ്റില്‍ എത്താനാണ് അന്ന് പറഞ്ഞിരുന്നത്. അവിടെ നിന്ന് അവരുടെ കാര്‍ എത്തി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അന്ന് ഞാനും ഭര്‍ത്താവും ദാവൂദും പിന്നെ അയാളുടെ സഹായിയായ ഛോട്ടാ ഷക്കീലുമാണ് അവിടെയുണ്ടായിരുന്നത്. അന്ന് കരീം ലാല ഒരു മോശം വ്യക്തിയാണ് എന്നതല്ലാതെ ഒന്നും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പിന്നീട് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം ബറോഡ ജയിലില്‍ വച്ചാണ് ഞാൻ ദാവൂദിനെ കാണുന്നത്. അവിടെ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. കരീം ലാലയുടെ ബിസിനസ് നടത്തിയിരുന്ന അലംസേബിനെ വെറുതെ വിടില്ലെന്ന് മാത്രമാണ് ദാവൂദ് പറഞ്ഞത്. അതിനെ കുറിച്ച്‌ ഞാൻ ഉടൻ തന്നെ എഴുതി പ്രസിദ്ധീകരിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ അലംസേബ് കൊല്ലപ്പെട്ടു. പിന്നീട് മൂന്ന് വര്‍ഷത്തേയ്ക്ക് ദാവൂദിനെ കുറിച്ച്‌ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.’

‘1987ല്‍ ദാവൂദ് വീണ്ടും വിളിച്ചു. നിരവധി തവണ ചോദിച്ച ശേഷം മയക്കുമരുന്ന് ബിസിനസിനെക്കുറിച്ച്‌ ഒരു അഭിമുഖം നടത്താൻ അപ്പോയിൻമെന്റ് ലഭിച്ചു. അങ്ങനെ 1988ല്‍ ദുബായിലേയ്ക്ക് പോയി. ദാവൂദിനെ കാണാൻ കഴിയുമോ എന്നതിനെക്കാള്‍ ടിക്കറ്റിനായി ചെലവഴിച്ച 3500 രൂപയെപറ്റിയായിരുന്നു എന്റെ ആശങ്ക. ജര്‍ണയില്‍ സിംഗ് ഭിന്ദ്രൻവാലെ, ഛോട്ടാ രാജൻ, വരദരാജൻ മുതലിയാര്‍, യൂസഫ് പട്ടേല്‍, ഹാജി എന്നിവരെ അഭിമുഖം നടത്തിയിട്ടുള്ളതിനാല്‍ എനിക്ക് ഭയം ഉണ്ടായിരുന്നില്ല. പിന്നീട് ദാവൂദിനെ കണ്ടെങ്കിലും ഇന്ന് ഇന്റര്‍വ്യൂ വേണ്ട നമുക്ക് ഭക്ഷണം കഴിക്കാം എന്നാണ് അയാള്‍ പറഞ്ഞത്.’

അടുത്ത ദിവസവും ദാവൂദ് അഭിമുഖം നിഷേധിച്ചെങ്കിലും ഒരുപാട് സമയം സംസാരിച്ചു. ഒരു മോഡല്‍ ആണെന്നാണ് അവിടെ എല്ലാവരോടും ഞാൻ പറഞ്ഞിരുന്നത്. മൂന്നാം ദിവസം അഭിമുഖം നടത്തിയെങ്കിലും അത് റെക്കോര്‍ഡ് ചെയ്യാൻ അനുവദിച്ചില്ല. അന്ന് ഞാൻ എഴുതിയ ഡയറി ദാവൂദ് വാങ്ങി. അതില്‍ അയാള്‍ ചെയ്ത മൂന്ന് കൊലപാതകങ്ങളെ കുറിച്ച്‌ എഴുതിയിട്ടുണ്ടായിരുന്നു. ”ഞാൻ അവരെ കൊന്നില്ലായിരുന്നെങ്കില്‍ അവര്‍ എന്നെ കൊല്ലുമായിരുന്നു. അതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്.” എന്നാണ് അത് കണ്ട് ദാവൂദ് പറഞ്ഞത്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ ഒരിക്കലും അയാളുടെ വാക്കുകള്‍ വളച്ചൊടിച്ച്‌ വാര്‍ത്ത കൊടുക്കില്ലെന്ന് ദാവൂദിന് നല്ല വിശ്വാസമുണ്ടായിരുന്നു.’- ഷീല ഭട്ട് അഭിമുഖത്തില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക