കൊച്ചി: കളമശേരി സ്ഫോടനത്തിന് തലേദിവസം പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണിലേക്ക് എത്തിയ വിളി ആരുടേയത്? ഈ കോളിനുശേഷം മാര്‍ട്ടിൻ അസ്വസ്ഥനായിരുന്നതായി ഭാര്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. അതിനിടെ കേസ് അന്വേഷണം കൂടുതല്‍ ആഴത്തിലേക്ക് കേരള പൊലീസിന് കൊണ്ടു പോകാൻ പ്രതിസന്ധികള്‍ ഏറെയാണ്. വിദേശ ബന്ധം അടക്കം അന്വേഷിക്കണമെന്നതാണ് വെല്ലുവിളി. അതുകൊണ്ട് തന്നെ അന്വേഷണം മാര്‍ട്ടിനില്‍ മാത്രമൊതുങ്ങുമെന്ന വിലയിരുത്തലും സജീവമാണ്.

ഭാര്യയുടെ മൊഴി പൊലീസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. വിളിച്ച ആള്‍ക്ക് സ്ഫോടനത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ഫോണ്‍ കോളിനുശേഷം മാര്‍ട്ടിൻ അസ്വസ്ഥനായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ദേഷ്യപ്പെടുകയും നാളെ ഒരിടംവരെ പോകാനുണ്ടെന്നും അതിനുശേഷം ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും പ്രതി പറഞ്ഞിരുന്നതായാണ് ഭാര്യയുടെ മൊഴി. പതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഇതിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാകും. മാര്‍ട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാള്‍ക്കുകൂടി അറിവുണ്ടായിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസില്‍ എൻ.ഐ.എ. അന്വേഷണം ദുബായിലേക്ക് കടക്കുകയാണ്. സ്‌ഫോടനം ആസൂത്രണം ചെയ്തത് ദുബായില്‍ വച്ചാണെന്ന് പ്രതി മാര്‍ട്ടിൻ ഡൊമിനിക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ദുബായില്‍ മാര്‍ട്ടിൻ ജോലിചെയ്തിരുന്ന സ്ഥലത്തടക്കം അന്വേഷണത്തിനാണ് എൻ.ഐ.എ. ഒരുങ്ങുന്നത്. ദുബായില്‍നിന്നാണ് മാര്‍ട്ടിൻ ബോംബ് നിര്‍മ്മാണം പഠിച്ചതെന്ന് ഉറപ്പിച്ച എൻ.ഐ.എ. ഈ സമയത്ത് ആരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. ദുബായിയില്‍ മാര്‍ട്ടിന്റെ പരിചയക്കാരില്‍നിന്ന് പൊലീസ് അന്വേഷണസംഘം പ്രാഥമികമായി ശേഖരിച്ച വിവരങ്ങളും എൻ.ഐ.എ. പരിശോധിച്ചു.

ദുബായിലെ സുഹൃത്തുകളുടെ പ്രതികരണവും പുറത്തു വന്നിട്ടുണ്ട്. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല. ഇത്തരമൊരാള്‍ ഒരു സ്‌ഫോടനം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഗള്‍ഫിലെ സുഹൃത്തുക്കള്‍ പറയുന്നത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നില്‍ ഡൊമനിക്കാണെന്ന് ഇവരും വിശ്വസിക്കുന്നില്ല. ദുബായ് സിലിക്കണ്‍ ഒയാസിസിലെ കമ്ബനിയിലായിരുന്നു ജോലി. രണ്ട് മാസം മുൻപായിരുന്നു ഡൊമിനിക് മാര്‍ട്ടിൻ കേരളത്തിലേക്ക് പോയത്. ഒരു ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് അത്യാവശ്യമായി അവധിയെടുക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം അവധി വീണ്ടും നീട്ടി വാങ്ങി. ഈ മാസം 30 ന് മടങ്ങിയെത്തുമെന്നായിരുന്നു കമ്ബനി അധികൃതരെ അറിയിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇതേ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു ഡൊമിനിക് മാര്‍ട്ടിൻ.

ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 29 വരെ റിമാൻഡ് ചെയ്തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരേയുള്ള ആരോപണം ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തമായി വാദിക്കാനാണ് തീരുമാനമെന്നും അഭിഭാഷകന്റെ ആവശ്യമില്ലെന്നും മാര്‍ട്ടിൻ അറിയിച്ചത് കോടതി അംഗീകരിച്ചു. ഡൊമിനിക്ക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനായുള്ള അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച്‌ തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാകും അപേക്ഷ നല്‍കുക. കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ഡൊമിനിക്ക് വിദേശത്ത് ജോലി ചെയ്തിരുന്ന കാലയളവിലെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതിയില്‍നിന്നു ലഭിച്ച മൊഴികളും തെളിവുകളും പരിശോധിച്ചുറപ്പിച്ച ശേഷമാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതി നല്‍കിയ മൊഴികള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ബോംബ് നിര്‍മ്മിക്കുന്നതിനായി സാമഗ്രികള്‍ വാങ്ങിയതായി പ്രതി വെളിപ്പെടുത്തിയ സ്ഥലങ്ങളിലും തിങ്കളാഴ്ച പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക