ബംഗളൂരു: ജീവിക്കാന്‍ മാര്‍ഗ്ഗമില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി മലയാളി ട്രാന്‍സ് വുമണ്‍ റിഹാന. ജീവിക്കാന്‍ തന്റെ മുന്നില്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് റിഹാന നല്‍കിയ ദയാവധ അപേക്ഷയില്‍ പറയുന്നു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് കര്‍ണാടകയിലെത്തുന്നത്. ബംഗളൂരുവില്‍ വെച്ച്‌ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. പലരുടെയും സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ ചെയ്തത്.

ബംഗളൂരുവില്‍ ജോലി തേടി. ടെക്സ്റ്റൈല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ ജോലി തേടിയെങ്കിലും ലഭിച്ചില്ല. പ്ലസ് ടു വിദ്യാഭ്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ, കോളജ് പഠനം പൂര്‍ത്തിയാക്കിയാല്‍ നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല. സ്വത്വത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങളും അതിക്രമങ്ങളും റിഹാനയെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാടകയ്ക്ക് ഒരു വീട് കിട്ടാനും ഇവര്‍ ഏറെ വിഷമിച്ചു. ഇതിനിടെ ഉപജീവനത്തിനായി ഭിക്ഷാടനം തുടങ്ങിയിരുന്നു റിഹാന. ലൈംഗികത്തൊഴിലിനോട് താല്പര്യമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഭിക്ഷാടനം തുടങ്ങിയത്. പക്ഷെ, അധികം വൈകാതെ ജീവിക്കാന്‍ കൈയ്യില്‍ പണമില്ലാതെ ആയി. ജീവിക്കാന്‍ മറ്റ് വഴിയൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ കര്‍ണാടകയിലെ കൂര്‍ഗില്‍ ജില്ലാ ഭരണകൂടത്തിന് മുമ്ബാകെ ദയാവധത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

മരിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല, എന്നാല്‍ ജീവിക്കാന്‍ ഇനിയൊരു വഴിയും മുന്നിലില്ല എന്ന തോന്നലാണ് ഇത്തരമൊരു അപേക്ഷ നല്‍കുന്നതിലേക്ക് തന്നെയെത്തിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നു. ഭരണകൂടം റിഹാനയുടെ അപേക്ഷ സ്വീകരിച്ചിരുന്നില്ല. എന്നാല്‍, അപേക്ഷ സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞുവെന്നും ഇതോടെയാണ് അവര്‍ തന്റെ അപേക്ഷ സ്വീകരിക്കാന്‍ തയ്യാറായതെന്നും റിഹാന പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക