തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച അധികൃതരുടെ നടപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് നടപടി. റിസർച്ച് സ്കോറിൽ പിന്നിലായിരുന്ന പ്രിയ വർഗീസ് നിയമന അഭിമുഖത്തിൽ ഒന്നാമതെത്തിയതുമായി ബന്ധപ്പെട്ട പരാതിയുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ നിർണായക തീരുമാനം. ഇതു സംബന്ധിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ നൽകിയ വിശദീകരണം ഗവർണർ തള്ളി. വൈസ് ചാൻസലർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകും.

പ്രിയാ വർഗീസിന്റെ നിയമനം ചട്ടങ്ങൾ ലംഘിച്ചാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിഷയത്തിൽ ഇടപെട്ടു. സ്വജനപക്ഷപാതവും നിയമലംഘനവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഗവർണർ പ്രിയയുടെ നിയമന വിവാദത്തിൽ അരമണിക്കൂറിനുള്ളിൽ നിർണായക തീരുമാനം അറിയിക്കുമെന്ന് വൈകിട്ട് അറിയിച്ചു. ഇതിന് പിന്നാലെയാണ് നിയമനം മരവിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാൻസലറായിരിക്കുന്നിടത്തോളം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് നിയമനത്തിന് സ്റ്റേ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനും കത്തയച്ചു. റിസർച്ച് സ്‌കോർ ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, അത് സർവകലാശാല സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുന്നുവെന്നായിരുന്നു വിസിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഇന്റർവ്യൂവിന്റെ രേഖ വിവരാവകാശ നിയമത്തിലൂടെ പുറത്തുവിടാനാകുമോയെന്ന് വ്യക്തമല്ലെന്നും വൈസ് ചാൻസലർ പറഞ്ഞു. ഇത് പുറത്തുവിടാനാകില്ലെന്നാണ് നിയമവൃത്തങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. അതിനായി ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും ഇന്റർവ്യൂവിൽ പങ്കെടുത്ത ആറ് പേരുടെയും അനുമതി വേണമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കി. ഇക്കാര്യത്തിൽ സർവകലാശാലയ്ക്ക് പ്രശ്‌നമില്ലെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് ഗവർണറുടെ നടപടി.

ഈ തീരുമാനത്തിന് പിന്നിൽ ശക്തമായ ഒരു രാഷ്ട്രീയ സന്ദേശവും ഗവർണർ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. തന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ പ്രതിരോധിക്കാൻ തന്നെയാണ് തീരുമാനം എന്ന നിലയിലാണ് ഗവർണർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന ഈ നിലപാട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ ഉന്നത പദവിയിലുള്ള നിയമനം തന്നെ സംശയനിഴലിൽ ആകുന്നത് സിപിഎമ്മിനും തിരിച്ചടിയാണ്. സർക്കാരിനുമേൽ സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളും ആരോപിക്കപ്പെടുവാൻ ഇത് ഇടയാക്കും.

സർവകലാശാലകളിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തോട് താൻ ഒപ്പിട്ടാൽ മാത്രമേ ബില്ലുകൾ നിയമങ്ങൾ ആവുകയുള്ളൂ എന്നാണ് ഇന്നലെ ഗവർണർ പ്രതികരിച്ചത്. സമ്മാനമായി കാലാവധി നീട്ടാൻ സർക്കാർ അയച്ച ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ തിരികെ അയച്ചിരുന്നു. ഓർഡിനൻസിലൂടെ ഭരണം നടത്തുന്നതിനെതിരെ അദ്ദേഹം രൂക്ഷവിമർശനമാണ് ഉയർത്തിയത്. ലോകായുക്ത അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ഉൾപ്പെടെയുള്ളവ ഇനി നിയമസഭയിൽ അവതരിപ്പിക്കണം. ലോകായുക്ത ബില്ലിൽ സിപിഐയ്ക്കും എതിർപ്പുണ്ട്. ഗവർണർ സർക്കാർ പോര് മുറുകുമ്പോൾ സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ് എന്ന ആശങ്കയും നിലനിൽക്കുന്നു.

വിവാദം ഇങ്ങനെ:

തൃശൂർ കേരളവർമ കോളേജിലെ അധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിൽ വൈസ് ചാൻസലറുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് അവരെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയ നടപടി വിവാദമായിരുന്നു. സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാല നിയമനം നൽകാതെ റാങ്ക് ലിസ്റ്റ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.

എന്നാൽ യു.ജി.സി. ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപനപരിചയമില്ലാതെയാണ് പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തിക നൽകിയതെന്ന് പരാതി ഉയർന്നു. യു.ജി.സി. ചട്ടങ്ങൾ പൂർണമായും അവഗണിച്ച് പ്രിയയെ നിയമിക്കുന്ന നടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പരിഗണിച്ച 6 പേരിൽ റിസർച്ച് സ്‌കോറിൽ ഏറ്റവും കുറവ് വന്ന പ്രിയ വർഗീസ് ഇന്റർവ്യൂ മാർക്ക് വന്നപ്പോൾ ഒന്നാമതെത്തിയെന്നാണ് വിവരാവകാശ രേഖ. റിസർച്ച് സ്‌കോറിൽ 651 മാർക്കോടെ ഒന്നാമതെത്തിയ ജോസഫ് സ്‌കറിയയെ പിന്തള്ളി 156 മാർക്ക് മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് ഇന്റർവ്യൂവിന് ശേഷം ഒന്നാമതെത്തി.

വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാർത്ഥിയുടെ വിവിധ ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ച് നൽകുന്ന മാർക്ക് റിസർച്ച് സ്കോറാണ്. എന്നാൽ ഇന്റർവ്യൂവിലെ പ്രകടനമാണ് റാങ്ക് നിശ്ചയിക്കുന്നതെന്നാണ് സർവകലാശാല നൽകിയ വിശദീകരണം. തൃശൂർ കേരള വർമ്മ കോളേജിലെ അധ്യാപികയായ പ്രിയ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറാണ്.

പ്രിയാ വർഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ രേഖ പുറത്തുവന്നത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്രിയ വർഗീസിന് ആവശ്യമായ യോഗ്യതയില്ലെന്ന് പ്രചാരണ സമിതി നേരത്തെ ആരോപിച്ചിരുന്നു. 15 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് അഭിമുഖത്തിൽ 30 മാർക്കും സി.ഗണേഷിന് 28 മാർക്കും നൽകിയത് പ്രിയക്ക് ഒന്നാം റാങ്ക് നൽകാൻ മുൻകൂർ തീരുമാനിച്ചതിന്റെ തെളിവാണെന്ന് പ്രചാരണ സമിതി ചൂണ്ടിക്കാട്ടി. രേഖകൾ ഗവർണർക്ക് സമർപ്പിച്ചതായും അവർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക