ഇന്ത്യന്‍ റെസ്റ്റോറന്‍റുകള്‍ പിന്തുടരുന്ന ജാതീയത ട്വിറ്റില്‍ ചര്‍ച്ചയാവുന്നു. പീലിരാജ (@peeleraja) എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ ബെംഗളൂരുവിലെ ബ്രാഹ്മിണ്‍ പേര് വെച്ചുള്ള റെസ്റ്റോറന്‍റുകളും ഭക്ഷണപദാര്‍ഥങ്ങളും ഷെയര്‍ ചെയ്തതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയിലും സൊമാറ്റോയിലുമൊക്കെ ‘ബ്രാഹ്മിണ്‍’ എന്ന് തുടങ്ങുന്ന നിരവധി ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാണ്. മിക്ക ഇന്ത്യന്‍ സമൂഹങ്ങളിലും ഇപ്പോഴും ജാതിവ്യവസ്ഥ ഒരു മാറ്റവുമില്ലാതെ ആഴത്തില്‍ നിലനില്‍ക്കുന്നതായി ഇവര്‍ വാദിക്കുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അനുഭവിക്കുന്ന ജാതീയതയെപ്പറ്റി ഫോട്ടോ പങ്കുവെച്ച ട്വിറ്റര്‍ യൂസര്‍ വ്യക്തമാക്കുന്നു. “ബ്രാഹ്മണ പാചകരീതി എന്നൊരു പാചകരീതിയൊന്നുമില്ല. മത്സ്യവും മാംസവും ഉള്‍പ്പെടെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാചകരീതിയാണ് ഇവിടെയുള്ളത്. ബ്രാഹ്മണര്‍ക്ക് പ്രത്യേകമായി നിങ്ങളുടെ ഭക്ഷണരീതിയില്‍ മാറ്റമൊന്നും വരുത്താന്‍ സാധിക്കില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ റെസ്റ്റോറന്‍റുകളെയും ഭക്ഷണപദാര്‍ഥങ്ങളെയും ബ്രാഹ്മിന്‍ എന്ന് ചേര്‍ത്ത് വിളിക്കുന്നത് വെറും ജാതീയമായ ചിന്തയല്ലാതെ മറ്റൊന്നുമല്ല,” ട്വിറ്റര്‍ യൂസര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രാഹ്മിണ്‍സ് തട്ട് ഇഡ്‌ലി, ബ്രാഹ്മിന്‍സ് എക്‌സ്‌പ്രസ്, അമ്മാസ് ബ്രാഹ്മിന്‍ കഫേ, ബ്രാഹ്മിന്‍ ടിഫിന്‍സ് & കോഫി എന്നിവയെല്ലാം സൊമാറ്റോയിലെ ഭക്ഷണശാലകളുടെ പേരുകളാണ്. ബ്രാഹ്മിണ്‍സ് ഉപഹാര്‍, ബ്രാഹ്മിണ്‍സ് സ്പെഷ്യല്‍ പുലിയോഗരെ, ബ്രാഹ്മിണ്‍സ് കിച്ചന്‍ തുടങ്ങി നിരവധി പേരിലുള്ള ഭക്ഷണശാലകള്‍ സ്വിഗ്ഗിയിലും ഉണ്ട്. ഭക്ഷണശാലകള്‍ മാത്രമല്ല, ചില ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും ജാതി ചേര്‍ത്ത് കൊണ്ട് പേരിട്ടിട്ടുണ്ട്. സാധാരണ ഭക്ഷണങ്ങള്‍ തന്നെയാണ് ഇവിടെയെല്ലാം വിളമ്ബുന്നത്. എന്നാല്‍ പേരില്‍ മാത്രം ജാതി ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവില്‍ മാത്രമല്ല, രാജ്യത്ത് മറ്റിടങ്ങളിലും ഇത്തരം ഭക്ഷണശാലകളുണ്ടെന്ന് ട്വിറ്റര്‍ യൂസര്‍മാര്‍ വ്യക്തമാക്കുന്നു. ബ്രാഹ്മണ ഭക്ഷണം എന്നത് ജാതീയമായ കാഴ്ചപ്പാട് വീണ്ടും പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഇത്തരം അഭിപ്രായങ്ങളോട് വിയോജിച്ച്‌ കൊണ്ടുള്ള കമന്‍റുകളും പോസ്റ്റിനടിയില്‍ വരുന്നുണ്ട്.

ആദ്യമായിട്ടല്ല, ബെംഗളൂരുവില്‍ ബ്രാഹ്മിന്‍ ഭക്ഷണശാലകളും ഇത്തരത്തില്‍ പേരുകളുള്ള ഭക്ഷണ പദാര്‍ഥങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്. സമാനമായ ഒരു സാഹചര്യത്തില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കാറ്ററിംഗ് സ്ഥാപനം ശുദ്ധമായ ‘ബ്രാഹ്മിണ്‍ ലഞ്ച് ബോക്സ്’ വില്‍പന തുടങ്ങിയിരുന്നു. ‘ബ്രാഹ്മിണ്‍ ലഞ്ച് ബോക്സ്’ നിങ്ങളുടെ വീട്ടിലെത്തിക്കും എന്നതായിരുന്നു പരസ്യവാചകം. അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ബി കാര്‍ത്തിക് നവയാന മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഈ പരസ്യ ബാനറിന്‍െറ ചിത്രം പങ്കുവെച്ചിരുന്നു. അന്നും കാര്യമായി ചര്‍ച്ചകള്‍ നടന്നിരുന്നു.

ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാഹ്മിണ്‍ ലഞ്ച് ബോക്സ് വീട്ടില്‍ എത്തിച്ച്‌ നല്‍കാമെന്നായിരുന്നു വാഗ്ദാനം. മുന്‍കൂട്ടി ഓര്‍ഡര്‍ എടുത്താണ് ഭക്ഷണം എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. ജെപി നഗര്‍, ബിടിഎം ലേഔട്ട്, പുത്തേനഹള്ളി, ബിലേകഹള്ളി തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലുമൊക്കെ ഭക്ഷണം എത്തിക്കുമെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നത്. ബെംഗളൂരുവില്‍ ബ്രാഹ്മണ ഭക്ഷണമെന്ന ടാഗ് ലൈന്‍ പ്രോത്സാഹിപ്പിക്കുന്നത് ഈയടുത്ത് തുടങ്ങിയ കാര്യമല്ലെന്ന് ഈ പരസ്യം സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക