ഡല്‍ഹി: ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐ.എ.എസ് ഓഫീസര്‍ അവനീഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ‘ജീവിതം നിങ്ങളുടേതാണ്. തീരുമാനം നിങ്ങളുടേതാണ്’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ലഗേജുമായി ആളുകള്‍ ഇറങ്ങുന്നത് വീഡിയോയില്‍ കാണാം. ട്രെയിനില്‍ നിന്നിറങ്ങിയ ആളുകള്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെ വളരെ വേഗത്തില്‍ മറ്റൊരു ട്രെയിന്‍ എത്തുകയായിരുന്നു. എന്നാല്‍, യാത്രക്കാര്‍ ലഗേജുകള്‍ ട്രാക്കിന്റെ മറുവശത്തേക്ക് എറിയുകയും ട്രാക്ക് മുറിച്ച് വേഗത്തില്‍ മറുവശത്തേക്ക് ചാടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഇതിനിടെ ഒരു യുവതിയുടെ സമീപത്ത് ട്രെയിന്‍ എത്തുന്നതും യുവതി ട്രാക്ക് മുറിച്ച് മറുവശത്തേക്ക് ചാടുന്നതും കാണാം. ഭാഗ്യവശാല്‍ യുവതി ട്രെയിനിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടു. സുരക്ഷിതമല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അവനീഷ് ശരണ്‍ കുറിച്ചു. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്.