ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തില്‍. എക്‌സിക്യൂട്ടീവിന്റെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി ചിഹ്നം അനാവരണം ചെയ്‌തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രം​ഗത്തെത്തിയതിന് പിന്നാലെ ദേശീയ ചി​ഹ്നം പരിഷ്കരിച്ച്‌ അപമാനിച്ചതായും പ്രതിപക്ഷം ആരോപിച്ചു.

ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാല്‍ പുതിയ ശില്‍പത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതെന്നും ആര്‍ജെഡി ട്വീറ്റ് ചെയ്തു. യഥാര്‍ത്ഥ അശോക സ്തംഭത്തിലെ സിംഹങ്ങള്‍ സൗമ്യമായ ഭാവമാണ്. എന്നാല്‍ അമൃത് കാലില്‍ നിര്‍മ്മിച്ചവ രാജ്യത്തെ എല്ലാം തിന്നുന്ന നരഭോജിയുടെ ഭാവം കാണിക്കുന്നെന്ന് ട്വീറ്റില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസും സ്തംഭത്തിനെതിരെ രം​ഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവ​ഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂല്‍ രാജ്യസഭാ വക്താവും പ്രസാര്‍ ഭാരതിയുടെ മുന്‍ സിഇഒയുമായ ജവഹര്‍ സിര്‍കാര്‍ ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറിജിനല്‍ ചിഹ്നം ഭംഗിയുള്ളതും, ആത്മവിശ്വാസമുള്ളതുമാണ്. വലതുവശത്തുള്ളത് മോദിയുടെ പതിപ്പാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച ചിഹ്നം ആക്രമണാത്മകവും അനുപാതരഹിതവുമാണ്. രാജ്യത്തിന് നാണക്കേടാണിത്! ഉടനെ മാറ്റുക- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ ആരോപണത്തെ ബിജെപി തള്ളി. സമൂഹത്തില്‍ എല്ലാം പരിണമിക്കുന്നു, സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളും പരിണമിച്ചു. ഒരു കലാകാരന്റെ ആവിഷ്കാരം സര്‍ക്കാര്‍ നിലപാട് ആയിരിക്കണമെന്നില്ല. എല്ലാത്തിനും നിങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് ബിജെപിയുടെ നേതാവ് ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലുള്ള ചിഹ്നത്തിന് യാതൊരു വ്യത്യാസവുമില്ലെന്ന് ഡിസൈനര്‍മാരായ സുനില്‍ ഡിയോറും റോമിയല്‍ മോസസും പ്രതികരിച്ചു. സിംഹങ്ങളുടെ സ്വഭാവം ഒന്നുതന്നെയാണ്. വളരെ ചെറിയ വ്യത്യാസങ്ങളുണ്ടാകാം. ആളുകള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകാം. ഇതൊരു വലിയ പ്രതിമയാണ്, താഴെ നിന്നുള്ള കാഴ്ച ഒരു വ്യത്യസ്ത പ്രതീതി നല്‍കാമെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദ് എംപിയും ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ തലവനുമായ അസദ്ദുദ്ദീന്‍ ഒവൈസിയും രം​ഗത്തെത്തി. സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാന്‍ പാടില്ലായിരുന്നു. പ്രധാനമന്ത്രി എല്ലാ ഭരണഘടനാ മാനദണ്ഡങ്ങളും ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക