മലപ്പുറം : പൊന്മുണ്ടത്ത് നിന്ന് പുതുപറമ്ബിലേക്കായിരുന്നു തിരൂര്‍ സ്വദേശിയുടെ കുടുംബസമേതമുള്ള യാത്ര. എട്ട് കിലോമീറ്റര്‍ മാത്രമുള്ള ദൂരം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സഞ്ചാരം. എന്നാല്‍ ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറയിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നില്‍ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രം.

രാത്രി സമയം ആള്‍ പാര്‍പ്പില്ലാത്ത സ്ഥലത്ത് നിന്ന് ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച്‌ റോഡിലേക്ക് തിരിച്ച്‌ നടന്നു വന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടര്‍ന്നു. പിറ്റേന്ന് രാവിലെ പ്രദേശവാസികള്‍ ചേര്‍ന്ന് പ്രയാസപ്പെട്ടാണ് കാര്‍ റോഡിലേക്ക് എത്തിച്ചത്. വടം ഉപയോഗിച്ച്‌ വാഹനത്തില്‍ കെട്ടി വലിച്ചു കയറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമാന സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടൊയോട്ട ഫോര്‍ച്യൂണറില്‍ കേരളം സന്ദര്‍ശിക്കാനെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ തോട്ടിലേക്ക് പതിച്ചിരുന്നു. കഴിഞ്ഞ മെയ്യില്‍ കുറുപ്പന്തറയിലാണ് സംഭവം. കുറപ്പന്തറ – കല്ലറ റോഡില്‍ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് കാര്‍ വീണത്.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയതായിരുന്നു വിനോദസഞ്ചാരികളുടെ കുടുംബം. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ഇവര്‍. ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴികള്‍ക്കായി അവര്‍ ഗൂഗിള്‍ മാപ്പ് പിന്തുടരുകയായിരുന്നു. വാഹനം കുറുപ്പന്തറ കടവില്‍ എത്തിയപ്പോള്‍ നേരെ പോകാന്‍ മാപ്പ് നിര്‍ദേശിച്ചു. എന്നാല്‍, ഡ്രൈവര്‍ നിര്‍ദേശം പാലിച്ചതോടെ കാര്‍ തോട്ടിലേക്ക് ഇറങ്ങുകയായിരുന്നു.

ഡ്രൈവറെ തടയാന്‍ നാട്ടുകാര്‍ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് മഴ പെയ്തതിനാല്‍ തോട്ടില്‍ വെള്ളം നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവം കണ്ടു നിന്ന നാട്ടുകാര്‍ ഓടിയെത്തി വാതില്‍ തുറന്ന് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ടൊയോട്ട ഫോര്‍ച്യൂണറും രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കുടുങ്ങി. ഒടുവില്‍ ലോറി വിളിച്ച്‌ എസ്‌യുവിയെ രക്ഷപ്പെടുത്തുകയായിരുന്നു നാട്ടുകാര്‍.

പിന്നാലെ വന്ന മറ്റൊരു കാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. കുമരകം- കമ്ബം- തേനി മിനി ഹൈവേയുടെ ഭാഗമായ ഈ റോഡിലൂടെ ആലപ്പുഴയിലേക്കും മറ്റും വിനോദ സഞ്ചാരികളുമായി എത്തുന്ന റോഡ് പരിചിതമല്ലാത്ത ഡ്രൈവര്‍മാര്‍ക്ക് ദിശ തെറ്റുന്നതും തോട്ടിലേക്ക് വാഹനം ഓടിയിറങ്ങുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഏതാനും മാസം മുമ്ബ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഈ ഭാഗത്ത് തോട്ടില്‍ പതിച്ചിരുന്നു. തോട്ടിലൂടെ ഒഴുകിയ യാത്രക്കാരെ നാട്ടുകാരാണ് അന്നും രക്ഷപ്പെടുത്തിയത്. കുറുപ്പന്തറ ഭാഗത്തു നിന്നു കല്ലറ വഴി ആലപ്പുഴയിലേക്കും കുമരകത്തേക്കും മറ്റും പോകുന്നതിനായി എത്തുന്ന വാഹനങ്ങള്‍ കൊടുംവളവ് അറിയാതെ നേരെ മുന്നോട്ടോടി തോട്ടിലേക്ക് ഇറങ്ങുന്നതാണ് അപകടത്തിനു കാരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക