ഏറ്റുമാനൂർ: നീണ്ടൂർ എസ്കെവി ഗവ. ഹൈസ്കൂളിലെ മോഷണക്കേസിലെ പ്രതികളായ 2 പൂർവവിദ്യാർഥികളെ 24 മണിക്കൂറിനുള്ളിൽ പൊലീസ് സാഹസികമായി പിടികൂടി. ഡോഗ് സ്ക്വാഡിലെ അപ്പു എന്ന നായയുടെ മികവാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. സ്കൂൾ പരിസരത്തെയും വസ്തുക്കളുടെയും ഉപേക്ഷിച്ച തുണികളുടെയും മണം പിടിച്ചെത്തിയ നായ പ്രതികൾ ഒളിച്ചു താമസിച്ച വീടിനു സമീപമെത്തി. വിവരമറിഞ്ഞ് ഇവിടെ നിന്നു 3 പേർ ഓടി. പൊലീസ് പിന്നാലെ പാഞ്ഞ് 2 പേരെ കയ്യോടെ പിടികൂടി.

നീണ്ടൂർ സ്വദേശികളായ ധനുരാജ് (21), അരവിന്ദ രാജു (20) എന്നിവരാണു പിടിയിലായത്. ഇവർ മുൻപ് മോഷണം, കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.സ്കൂൾ ഓഫിസ് കുത്തിത്തുറന്ന് 4 ലാപ്ടോപ്പുകളും 2 ഡിജിറ്റൽ ക്യാമറകളുമാണ് മോഷ്ടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂളിനു സമീപത്തെ എസ്എൻഡിപി കെട്ടിടത്തിനു പിറകിലെ ശുചിമുറിയിൽ നിന്നാണ് 2 ലാപ്ടോപ്പുകൾ കണ്ടെത്തിയത്. രണ്ടാമത്തെ നിലയിൽ നിന്നു മൂന്നാമത്തെ ലാപ്ടോപ്പും താമസമില്ലാത്ത മറ്റൊരു വീട്ടിൽ നിന്നു നാലാമത്തെ ലാപ്ടോപ്പും കണ്ടെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ പണിയായുധങ്ങൾ സൂക്ഷിക്കുന്ന മുറിയായിരുന്നു ഇത്.

എസ്എൻഡിപി കെട്ടിടത്തിലെ ട്യൂഷൻ സെന്റർ രണ്ടാഴ്ചയായി അവധിയായിരുന്നു. ഈ മുറി വൃത്തിയാക്കാനും വാടക കൊടുക്കാനുമെത്തിയ ട്യൂഷൻ അധ്യാപകൻ കോതനല്ലൂർ അജിത്താണ് ശുചിമുറിയിൽ ലാപ്ടോപ് അടങ്ങിയ ബാഗ് ആദ്യം കണ്ടത്. തുടർന്നു പൊലീസിനെ അറിയിച്ചു.

എസ്ഐ കെ.കെ.പ്രശോഭിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു വിരലടയാള വിദഗ്ധരെയും ഡോഗ് സ്ക്വാഡിനെയും വരുത്തി. അപ്പു എന്ന നായയാണ് വന്നത്. മണം പിടിച്ച അപ്പു കെട്ടിടത്തിൽ നിന്ന് ഇറങ്ങി സ്കൂളിന്റെ മുന്നിലൂടെയുള്ള വഴിയേ ഓടി. ഏകദേശം അരക്കിലോമീറ്റർ പിന്നിട്ട് ഡപ്യൂട്ടിക്കവലയിലെത്തി. ഈ സമയം ഇവിടെ നിന്ന 3 പേർ നായയെയും പൊലീസിനെയും കണ്ട് ഓടി. ഇവരുടെ പിന്നാലെ പൊലീസും പാഞ്ഞു.

പൊലീസിനു പിന്നാലെ സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്നു. പാടത്തുകൂടിയും കാടുപിടിച്ച സ്ഥലങ്ങളിലൂടെയും ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോൾ എസ്ഐ ആദ്യ പ്രതിയെ പിടികൂടി. വീണ്ടും രണ്ടര കിലോമീറ്റർ ഓടിയ ശേഷമാണ് രണ്ടാമത്തെയാളെ പിടിച്ചത്.എസ്ഐ പ്രശോഭിനു പുറമേ ഏറ്റുമാനൂർ എസ്എച്ച്ഒ സി.ആർ.രാജേഷ്കുമാർ, എസ്ഐ മാത്യു പി.പോൾ, എഎസ്ഐമാരായ സിനോയ്, മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ഡെന്നി പി.ജോയ്, പ്രവീൺ, ജ്യോതികൃഷ്ണൻ, ഡോഗ് സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ, സജി കുമാർ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക