തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് ഇത്തവണ കിട്ടിയിട്ടുള്ളത്. അതില്‍ ഏറ്റവും ഒടുവിലായി എസ്എഫ്‌ഐ സംഭാവന ചെയ്തതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം. സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ വിഷയം.

മറ്റു വിഷയങ്ങളൊക്കെ തല്‍ക്കാലം വിട്ട് ഈ വിഷയം നിയമസഭയിലും വലിയ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അക്രമ വിഷയത്തില്‍ ഘടകകക്ഷികള്‍ പോലും സിപിഎമ്മിനൊപ്പമുണ്ടാകില്ല. സിപിഎമ്മിനെ ഈ വിഷയം കടുത്ത പ്രതിരോധത്തിലാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷത്തിന് അടിക്കാന്‍ കൊടുത്ത വടി പോലെയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധമെന്ന വികാരം സിപിഎം നേതാക്കള്‍ക്കുമുണ്ട്. ഈ വിഷയത്തെ സിപിഎമ്മിന്റെ എല്ലാ ഘടകവും തള്ളി എന്ന വാദമുയര്‍ത്തിയാകും സിപിഎം പ്രതിരോധിക്കുക. മുഖ്യമന്ത്രിക്കെതിരെ വിമാന പ്രതിഷേധം ഉയര്‍ത്തിയും ഭരണപക്ഷം പ്രതിരോധക്കോട്ട തീര്‍ക്കും.

എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ആക്രമണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഹൈക്കോടതി പോലും തള്ളിയെന്ന മറുവാദമാകും പ്രതിപക്ഷം ഉയര്‍ത്തുക. പ്രതിഷേധങ്ങളില്‍ കറുപ്പ് കളര്‍ പോലും ഭയന്ന മുഖ്യമന്ത്രിയെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തും.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയും തുടര്‍വിവാദങ്ങളും വലിയ ചര്‍ച്ചയായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ വിഷയങ്ങളും സഭയെ പ്രക്ഷുബ്ദമാക്കും. സ്വപ്‌നയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഇതിനകം പ്രതിപക്ഷം ചോദിച്ചു കഴിഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പകിട്ടിലാണ് നിയമസഭയിലേക്ക് പ്രതിപക്ഷം വരുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് ജനം നല്‍കിയ അംഗീകാരമാണെന്ന വാദവും പ്രതിപക്ഷം ഉയര്‍ത്തും. മറുവശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് അണിനിരന്നിട്ടും ദയനീയ തോല്‍വി ഏറ്റതിന്റെ ജാള്യം ഭരണപക്ഷത്തുമുണ്ടാകും.

എന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ വിമര്‍ശകനായിരുന്ന പിടി തോമസിന്റെ സ്ഥാനത്തേക്ക് ഭാര്യ ഉമ തോമസ് വരുന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. തോമസിന്റ ഓര്‍മ്മകളിലാകും ഉമയുടെ സഭാ പ്രവേശം.

ഉമ തോമസ് കൂടി എത്തുന്നതോടെ യുഡിഎഫിന്റെ വനിതാ എംഎല്‍എമാരുടെ എണ്ണം രണ്ടായി. വടകരയില്‍ നിന്നും വിജയിച്ച കെകെ രമയാണ് മറ്റൊരാള്‍. പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിത എംഎല്‍എയാണ് ഉമ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക