ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എമാര്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത നീക്കം തുടങ്ങിയിരിക്കെ കോണ്‍ഗ്രസിലും ആശങ്ക. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല എന്നാണ് വിവരം. ഇവരെ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ഫോണില്‍ വിളിച്ചെങ്കിലും കിട്ടുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിസന്ധിയുടെ ആഴം മനസിലാക്കി ഹൈക്കമാന്റ് വേഗത്തില്‍ ഇടപെട്ടു. മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ മഹാരാഷ്ട്രയിലേക്ക് നിയോഗിച്ചു. പ്രത്യേക സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യുക എന്നതാണ് കമല്‍നാഥിന്റെ ദൗത്യം. അദ്ദേഹം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച വൈകീട്ട് ഏകനാഥ് ഷിന്‍ഡെയെയും മറ്റു ശിവസേന എംഎല്‍എമാരെയും കാണാതായതോടെയാണ് മഹാരാഷ്ട്രയില്‍ വിവാദത്തിന് തുടക്കമായത്. പിന്നീട് ഇവര്‍ ഗുജറാത്തിലെ സൂറത്തിലുള്ള ഹോട്ടലിലുണ്ട് എന്ന് വിവരം ലഭിച്ചു. ഷിന്‍ഡെയുമായി ബിജെപി നേതാക്കല്‍ ബന്ധപ്പെടുന്നുവെന്നാണ് വാര്‍ത്തകള്‍. ഷിന്‍ഡെക്കൊപ്പം ഇരുപതിലധികം ശിവസേന എംഎല്‍എമാരുണ്ട്.

പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ യോഗം വിളിച്ചെങ്കിലും ഹാജരായവര്‍ കുറവായിരുന്നു. ഈ സാഹചര്യത്തില്‍ മിലിന്ദ് നര്‍വേക്കറെയും രവീന്ദ്ര പഥകിനെയും സൂറത്തിലേക്ക് ശിവസേന അയച്ചെങ്കിലും ഇവര്‍ക്ക് വിമത എംഎല്‍എമാരെ കാണാന്‍ സാധിച്ചില്ല. നിലവിലെ സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥയാണ്. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെട്ടത്.

അഞ്ച് പേരെ ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചില്ല. ഇവര്‍ വിമത പക്ഷം ചേരുമോ എന്നാണ് ആശങ്ക. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രത്യേക യോഗം ചേര്‍ന്നു. ബാലാസാഹിബ് തൊറാട്ടിന്റെ മുംബൈയിലെ റോയല്‍ സ്‌റ്റോണ്‍ ബംഗ്ലാവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. അശോക് ചവാനും തൊറാട്ടും മറ്റുചില നേതാക്കളും സംബന്ധിച്ചു. തൊട്ടുപിന്നാലെയാണ് കമല്‍നാഥിനെ മഹാരാഷ്ട്രയിലേക്കുള്ള നിരീക്ഷകനായി ഹൈക്കമാന്റ് അയച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വൈകീട്ട് മുംബൈയില്‍ ചേരാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി എച്ച്‌കെ പാട്ടീല്‍ അറിയിച്ചു.

ഷിന്‍ഡെക്കും അദ്ദേഹത്തിന്റെ കൂടെയുള്ള എംഎല്‍എമാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ 33 എംഎല്‍എമാര്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് നടക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക