ഗാന്ധിനഗര്‍ : ഹിരാബെന്‍ മോദിയുടെ 100-ാം ജന്മദിനാഘോഷങ്ങള്‍ക്കായി തിരക്കുകളെല്ലാം മാറ്റിവെച്ച്‌ അമ്മയ്ക്കരികില്‍ പറന്നെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി അവരുടെ കാലുകള്‍ കഴുകി പ്രത്യേക പൂജകളും നടത്തി.

പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ താമസിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച്‌ വഡ്‌നഗറിലെ ഹട്‌കേശ്വര്‍ ക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. തികച്ചും സാധാരണ ദിനം പോലെ തന്നെ കടന്ന് പോകേണ്ടതായിരുന്നു അമ്മയുടെ ഈ ജന്മജദിനം എന്നാല്‍ പ്രധാനമന്ത്രി തിരക്കുകളെല്ലാം മാറ്റിവെച്ച്‌ അരികിലെത്തിയതോടെ നൂറാം പിറന്നാള്‍ ദിനം അമ്മയ്ക്കും മകനും ഏറെ മധുരം പകരുന്നതയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജന്മദിനത്തില്‍ തന്റെ അമ്മയെ കുറിച്ച്‌ വികാര നിര്‍ഭരമായ കുറിപ്പും മോദി പങ്കുവെച്ചിട്ടുണ്ട്. 1923 ജൂണ്‍ 18ന് ഗുജറാത്തിലെ വിസ്നഗര്‍ ഗ്രാമത്തിലാണ് ഹീരാബേന്‍ മോദി ജനിച്ചത്. ‘സ്പാനിഷ് ഫ്ളു ബാധിച്ച്‌ വളരെ ചെറുപ്പത്തില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ട വ്യക്തിയാണ് അമ്മ. നമുക്കെല്ലാം സാധിക്കുന്നത് പോലെ അമ്മയുടെ മടിയില്‍ കിടക്കാനോ, അമ്മയോട് ചെറിയ കാര്യങ്ങള്‍ക്ക് വാശി പിടിക്കാനോ, ഒന്നും അമ്മയ്ക്ക് സാധിച്ചില്ല.

വളരെ ചെറുപ്പം മുതല്‍ തന്നെ വീടിന്റെ ചുമതലകള്‍ ഏറ്റെടുത്ത അമ്മ വിവാഹ ശേഷവും പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായി. ഒരു ജനല്‍ പോലും ഇല്ലാത്ത, ശൗചാലയം പോലുമില്ലാത്ത വീട്ടിലാണ് അമ്മ കഴിഞ്ഞത്. എനിക്ക് നീന്താന്‍ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ട് അലക്കാനുള്ള തുണികളെല്ലാം ഞാന്‍ കുളത്തില്‍ കൊണ്ടുപോയി അലക്കുമായിരുന്നു. അങ്ങനെ അലക്കലും കുളത്തിലെ നീന്തലും ഞാന്‍ ഒരുമിച്ച്‌ നടത്തി.

മഴക്കാലത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടിലെ വാസം ദുഷ്‌കരമായിരുന്നു. വീട് ചോര്‍ന്നൊലിക്കും. അന്ന് ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങള്‍ നിരത്തും. ഈ വെള്ളം അമ്മ പല വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. മഴ വെള്ള സംഭരണത്തിന്റെ ഇതിലും നല്ല ഉദാഹരണം മറ്റെന്താണ് ?’

‘ഇന്നും അമ്മയെ കാണാന്‍ പോയാല്‍ സ്വന്തം കൈകൊണ്ട് തയാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാന്‍ തരുന്നത്. ഞാന്‍ അത് കഴിച്ച്‌ കഴിഞ്ഞാല്‍ കൊച്ചു കുഞ്ഞിന്റേത് എന്ന പോലെ എന്റെ മുഖം തൂവാല കൊണ്ട് തുടച്ചുതരും എന്റെ അമ്മ’ എന്നായിരുന്നു മോദിയുടെ കുറിപ്പ്.

വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം ഗുജറാത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളും അദ്ദേഹം നിര്‍വഹിക്കും. സര്‍ദാര്‍ എസ്റ്റേറ്റിന് സമീപമുള്ള ലെപ്രസി ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളടക്കം നാല് ലക്ഷത്തോളം പേരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഗുജറാത്ത് സന്ദര്‍ശനമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക