കോഴിക്കോട്: സ്വന്തം വീട്ടില്‍ യുവാവ് നടത്തിയ മോഷണത്തില്‍ ഞെട്ടി പൊലീസും നാട്ടുകാരും. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ നടത്തിയ കവര്‍ച്ചയാണ് എല്ലാവരെയും അമ്ബരിപ്പിച്ചിരിക്കുന്നത്. ഇരുപതിനായിരം രൂപയാണ് സനീഷ് കവര്‍ന്നത്.

പൊഫഷണല്‍ കള്ളന്‍മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു സനീഷിന്റെ പ്രവര്‍ത്തികള്‍. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് യുവാവ് സ്വന്തം വീട്ടില്‍ തന്നെ മോഷണത്തിനായി കയറിയത്. വീടിന്‍റെ പിന്‍വശത്തെ ഗ്രില്ല് തകര്‍ത്ത് സനീഷ് അകത്ത് കയറി. കൈയില്‍ കടലാസ് കൈയ്യുറ ധരിച്ച്‌ ഫിങ്കര്‍ പ്രിന്‍റ് പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുറികളിലെ അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ച്‌ വാരിയിട്ടു. തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ഷൂസിന്‍റെ അടയാളം നിലത്ത് പതിപ്പിച്ചു. മുളക് പൊടിയും വിതറി. പ്രൊഫഷണല്‍ കള്ളന്‍മാരുടെ എല്ലാ തന്ത്രങ്ങളും നടപ്പാക്കിയായിരുന്നു സനീഷിന്‍റെ മോഷണം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവര്‍ച്ചയെ കുറിച്ച്‌ അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.

ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങിയത്. നേരത്തെ സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാനാണ് മോഷണം നടത്തിയതെന്ന് സനീഷ് പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സനീഷിനെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക