കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്ത് ഒളിവിലായിരുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു തിങ്കളാഴ്ച കേരളത്തില്‍ മടങ്ങിയെത്തുമെന്ന് അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു. മടക്കയാത്രാ രേഖ ഹാജരാക്കിയാല്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചതോടെയാണ് നീക്കം. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി.

മുന്‍കൂര്‍ജാമ്യം നേടാനുള്ള ശ്രമങ്ങള്‍ക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാന്‍ വിജയ് ബാബു തയ്യാറായത്. ജോര്‍ജിയയില്‍നിന്നു വിജയ് ബാബു ഇന്നലെ ദുബായില്‍ മടങ്ങിയെത്തിയിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടതോടെ എംബസിയുടെ പ്രത്യേക യാത്രാനുമതി തേടിയാണ് നാട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ആദ്യം കോടതിയുടെ അധികാരപരിധിയില്‍ വരട്ടെ, അതിനുശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞത്.

കൊച്ചിയിലേക്കുള്ള ചൊവ്വാഴ്ചത്തെ വിമാന യാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവിന്റെ പേരുണ്ടായിരുന്നില്ല. ഇന്നുതന്നെ മടങ്ങിയെത്തിയില്ലെങ്കില്‍ വൈകിട്ട് 5ന് ശേഷം റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌.നാഗരാജു അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലയാണ് ടിക്കറ്റ് കോടതിയില്‍ ഹാജരാക്കിയത്.

ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകളാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. മെയ് മാസം മുപ്പതിനുള്ള ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിശദമായ യാത്രരേഖകള്‍ നാളെ ഹാജരാക്കമെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് കേസെടുക്കുന്നതിന് മുന്‍പായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോര്‍ജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ധാരണയില്‍ എത്താത്ത രാജ്യമാണ് ജോര്‍ജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു.

ഈ മാസം മെയ് 19 ന് പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നു. ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ നീക്കം. എന്നാല്‍ ആ ശ്രമം പാളി. ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെ. എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിച്ചതോടെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക