വളര്‍ത്തുമൃഗങ്ങളായ പുള്ളിപ്പുലിയെയും, കരിമ്ബുലിയെയും ഉപേക്ഷിച്ച്‌ യുക്രൈനിലെ ഒരു ഇന്ത്യന്‍ ഡോക്ടര്‍ ഒടുവില്‍ യുദ്ധഭൂമി വിടാന്‍ ഒരുങ്ങുന്നു. ആന്ധ്രാ സ്വദേശിയായ ഡോ. ഗിരികുമാര്‍ പാട്ടീലാണ് യുക്രൈന്‍ വിടാന്‍ ഒരുങ്ങുന്നത്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസില്‍ ഓര്‍ത്തോപീഡിക് സര്‍ജനാണ് അദ്ദേഹം.

യുദ്ധം കടുത്തപ്പോഴും, ഒപ്പമുള്ളവരെല്ലാം നാട്ടിലേയ്ക്ക് തിരികെ വന്നപ്പോഴും, ഡോ. ഗിരികുമാര്‍ പാട്ടീല്‍ താന്‍ ഓമനിച്ച്‌ വളര്‍ത്തുന്ന പുലികളെ ഉപേക്ഷിച്ച്‌ എവിടേക്കും പോകാന്‍ തയ്യാറായില്ല. ഇപ്പോള്‍ യുദ്ധഭൂമിയില്‍ അതിജീവനം ദുഃഷ്‌കരമായപ്പോഴാണ്, രാജ്യം വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു. രണ്ട് മാസത്തിലേറെയായി അദ്ദേഹം സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ വളര്‍ത്തുമൃഗങ്ങള്‍ക്ക് കാവലിരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ അസാന്നിധ്യത്തില്‍ അവയുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ 80 ലക്ഷം രൂപ മുടക്കി ഡോക്ടര്‍ ഒരു ബോംബ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുകയാണ്. ”ഞാന്‍ 200 മീറ്റര്‍ നീളമുള്ള ഒരു ബോംബ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുകയാണ്. ഏകദേശം 80 ലക്ഷം രൂപ ഞാന്‍ ഇതിനായി ചെലവഴിച്ചു”-അദ്ദേഹം പറയുന്നു.

യുക്രൈനിലും, റഷ്യയിലുമുള്ള മൃഗശാലകള്‍ പുലികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ബോംബുകളില്‍ നിന്നും, മിസൈലുകളില്‍ നിന്നും അവയെ സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം കണ്ടില്ല. യാഷ എന്ന് പേരുള്ള ആണ്‍ പുള്ളിപ്പുലിക്ക് 20 മാസവും, സബ്രീന എന്ന് പേരിട്ടിരിക്കുന്ന കരിമ്ബുലിയ്ക്ക് ആറ് മാസവുമാണ് പ്രായം. ഇതുകൂടാതെ അദ്ദേഹത്തിന് മൂന്ന് വളര്‍ത്തുനായ്ക്കളുമുണ്ട്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്. ഇത് നിര്‍മ്മിക്കുന്നതിനായി അദ്ദേഹം തന്റെ കാറടക്കമുള്ള സകല സ്വത്തുക്കളും വിറ്റു. ആറ് പേരടങ്ങുന്ന ഒരു സംഘം ഒരു മാസത്തിലേറെയായി ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനുള്ള ജോലിയിലാണ്. ഷെല്‍ട്ടറിന്റെ പണി പൂര്‍ത്തിയായാല്‍, പുലികളെ നോക്കാന്‍ ഒരു കെയര്‍ ടേക്കറെയും നിയമിക്കാന്‍ അദ്ദേഹം ആലോചിക്കുന്നു.

മക്കളെ പോലെ സ്‌നേഹിക്കുന്ന അവയുടെ സുരക്ഷാ ഉറപ്പാക്കിയതിന് ശേഷം മാത്രമേ താന്‍ നാട് പിടിക്കൂ എന്ന തീരുമാനത്തിലാണ് അദ്ദേഹം. വെടിവെപ്പും ബോംബ് വര്‍ഷവും നടക്കുമ്ബോഴും തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങാനായി അദ്ദേഹം ദിവസവും മാര്‍ക്കറ്റില്‍ പോകുമായിരുന്നു. അടുത്തിടെ സൈനികര്‍ അദ്ദേഹത്തെ കുറ്റവാളിയാണെന്ന് തെറ്റിദ്ധരിക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, അധികാരികളെ കണ്ട്, എന്ത് വിലകൊടുത്തും തന്റെ വളര്‍ത്ത് മൃഗങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഏതെങ്കിലും മൃഗശാലയില്‍ അവയെ തത്കാലം പാര്‍പ്പിക്കാനാണ് തീരുമാനം. ഈ ആവശ്യവുമായി സെന്‍ട്രല്‍ സൂ അതോറിറ്റി ഇന്ത്യയിലെ വിവിധ മൃഗശാലകളെ സമീപിച്ചിരുന്നു. അതില്‍ മൈസൂര്‍ മൃഗശാലാ അധികൃതര്‍ പുലികളെ പാര്‍പ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധഭൂമിയില്‍ നിന്ന് അവയെ കൊണ്ടുവരുന്നത് ഒട്ടും എളുപ്പമാവില്ല. മൃഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പാട്ടീല്‍.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക