റഷ്യന്‍ സൈന്യത്തിനെതിരെ പോരാടുന്ന യുക്രൈനിലെ വനിതാ ഷാര്‍പ്പ് ഷൂട്ടര്‍ ലോകമെങ്ങും ചര്‍ച്ചയാകുന്നു. യുക്രൈനില്‍ “ലേഡി ഡെത്ത്” എന്ന് വാഴ്ത്തപ്പെട്ട യുവതിയാണ് ഇപ്പോള്‍ രാജ്യത്തെ താരം. ചാര്‍ക്കോള്‍ എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഷാര്‍പ്പ് ഷൂട്ടറുടെ മറ്റുവിവരങ്ങലെല്ലാം നിഗൂഢമാണ്. അതേസമയം, വ്ളാഡിമിര്‍ പുടിന്റെ കശാപ്പുകാരോട് “അവസാനം വരെ” പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്ന യുവതിയുടെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.
2017ലാണ് യുവതി യുക്രൈന് സൈന്യത്തിന്റെ ഭാഗമാകുന്നത്. നാവികസേനയില്‍ ചേര്‍ന്ന ചാര്‍ക്കോള്‍ ഡൊനെറ്റ്സ്കിലും ലുഹാന്‍സ്കിലും ക്രെംലിന് അനുകൂല വിഘടനവാദികളുമായി പോരാടുകയും ചെയ്തു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിരവധി പര്യടനങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം, ജനുവരിയില്‍ ചാര്‍ക്കോള്‍ യുക്രേനിയന്‍ സായുധ സേനയില്‍ നിന്ന് വിരമിച്ചു. ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന് തന്റെ സൈനികരോട് യുക്രൈന് ആക്രമിക്കാന്‍ ഉത്തരവിടുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് യുവതി സൈനിക സേവനത്തില്‍ നിന്നും വിരമിച്ചത്. എന്നാല്‍, റഷ്യ തന്റെ മാതൃരാജ്യത്തെ ആക്രമിച്ചതോടെ ചാര്‍ക്കോള്‍ വീണ്ടും ആയുധമെടുക്കാന്‍ തയ്യാറായി.
റിയര്‍ അഡ്മിറല്‍ മൈഖൈലോ ഓസ്ട്രോഗ്രാഡ്സ്കിയുടെ 35-ാമത്തെ കാലാള്‍പ്പട ബ്രിഗേഡിനൊപ്പം മുന്‍നിരയിലേക്ക് മടങ്ങാന്‍ യുവതി സന്നദ്ധത പ്രകടിപ്പിച്ചു. റഷ്യന്‍ സൈന്യത്തെ രാജ്യത്ത് നിന്നും പുറത്താക്കാന്‍ പൊരുതുമെന്ന് അവര്‍ പ്രഖ്യാപിച്ചു. “ഈ ആളുകള്‍ മനുഷ്യരല്ല. ഫാസിസ്റ്റുകള്‍ പോലും ഈ യക്ഷികളെപ്പോലെ നികൃഷ്ടരായിരുന്നില്ല. നമുക്ക് അവരെ തോല്‍പ്പിക്കണം.”
യുക്രേനിയന്‍ വംശജനായ സ്നൈപ്പര്‍ ല്യൂഡ്മില പാവ്ലിചെങ്കോയോടാണ് ചാര്ക്കോളിനെയും യുക്രൈന് ജനത ഉപമിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ 309 നാസികളെ കൊന്നുതള്ളിയ പാവ്ലിചെങ്കോ ലേഡി ഡെത്ത് എന്ന വിളിപ്പേര് നേടി. ചരിത്രത്തിലെ യുദ്ധകഥകളില്‍ ഏറ്റവും വിജയകരമായ ചരിത്രം അവശേഷിപ്പിച്ച പാവ്‍ലിചെങ്കോയെ ഇന്നും റഷ്യക്കാര്‍ ഓര്‍ക്കുന്നത് ആദരവോടെയും അഭിമാനത്തോടെയും. അതിര്‍ത്തികള്‍ ഭേദിച്ചുകടന്നുവന്ന ശത്രുക്കളെ ചെറുത്തുനിന്നും അവരെ നാമാവശേഷമാക്കിയും റഷ്യയെ തലയുയുര്ത്തിനില്ക്കാന് പ്രാപ്തയാക്കിയതില്‍ പാവ്ലിചെങ്കോയുടെ പങ്ക് ചെറുതല്ല.
1941 ജൂണിലാണ് പാവ്ലിചെങ്കോ റെഡ് ആര്‍മിയുടെ 25-ാം റൈഫിള്‍ ഡിവിഷനില്‍ അംഗമായി ചേരുന്നത്.രണ്ടായിരത്തോളം വനിതാ പോരാളികളില്‍ ഒരാളായി. അവരില്‍ യുദ്ധം തീര്‍ന്നപ്പോള്‍ അവശേഷിച്ചത് അഞ്ഞൂറുപേര്‍ മാത്രം. റഷ്യന്‍ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലായി രണ്ടാം ലോകമഹായുദ്ധത്തില്‍ ഏതാണ്ട് എട്ടു ലക്ഷത്തോളം വനിതകള്‍ പങ്കെടുത്തെന്നാണു കണക്ക്. ഭൂരിപക്ഷം പേരും മെഡിക്കല്‍ യൂണിറ്റുകളിലായിരുന്നു. വീറിനും കരുത്തിനും പിന്നിലല്ലാത്തവര്‍ യുദ്ധമുഖത്ത് പുരുഷന്മാരോടൊപ്പം ശത്രുസൈന്യത്തെ നെഞ്ചുവിരിച്ചു നേരിട്ടു.
അതേ സോവിയറ്റ് യുദ്ധവീര്യത്തിന്റെ പാരമ്ബര്യവും പേറിയാണ് ചാര്‍ക്കോളും റഷ്യന്‍ സൈനികരെ കൊന്നു തള്ളുന്നത്. വ്യക്തിജീവിതത്തിലെ താന്‍ ആരെണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത ഈ യുദ്ധവീര പക്ഷേ യുക്രൈനികളുടെ ആവേശമായി മാറിയിരിക്കുകയാണ്.