തിരുവനന്തപുരം: സംസ്ഥാനത്ത് വൈന്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ചട്ടങ്ങള്‍ പുറത്തിറങ്ങി. ഈ സാമ്ബത്തിക വര്‍ഷത്തെ മദ്യനയത്തില്‍ പഴങ്ങളില്‍നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് ചട്ടങ്ങളിറക്കിയത്. മൂന്നു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. 50,000 രൂപ വാര്‍ഷിക ഫീസ്. എക്‌സൈസ് വകുപ്പ് തയാറാക്കിയ ചട്ടങ്ങള്‍ നിയമവകുപ്പ് പരിശോധിച്ചശേഷം നികുതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രാബല്യത്തില്‍വരും.

പുതിയ ചട്ടങ്ങള്‍ പ്രകാരം വൈന്‍ ബോട്ടിലിങ് ലൈസന്‍സിന്റെ ഫീസ് 5000 രൂപയാണ്. മൂന്ന് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക. 50,000 രൂപയാകും വാര്‍ഷിക ഫീസ്. വൈന്‍ ഉത്പാദന കേന്ദ്രം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി എക്‌സൈസ് വകുപ്പുമായി കരാറിലേര്‍പ്പെടണമെന്ന് എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ ചട്ടങ്ങളില്‍ പറയുന്നു. ലൈസന്‍സ് അനുവദിച്ചതായി അറിയിപ്പ് കിട്ടി 10 ദിവസത്തിനകം കരാറില്‍ ഏര്‍പ്പെടണം. ഇല്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. ഫീസ് തിരികെ ലഭിക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, വൈന്‍ ഉത്പാദനകേന്ദ്രവും അതുമായി ബന്ധപ്പെട്ട സ്വത്തുവകകളും സര്‍ക്കാരിനു ഈട് നല്‍കണമെന്നും ചട്ടത്തില്‍ പറയുന്നു. എന്തെങ്കിലും കാരണത്താല്‍, നടപടിയുടെ ഭാഗമായി സര്‍ക്കാരിന് ഉടന്‍ ജപ്തിയിലേക്ക് കടക്കാന്‍ ഇതിലൂടെ സാധിക്കും. ഉത്പാദനകേന്ദ്രം സ്ഥാപിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മുഴുവന്‍ വിവരങ്ങള്‍, വൈന്‍ ഉണ്ടാക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, അതിന്റെ ലഭ്യത, സാങ്കേതിക വിവരങ്ങള്‍, അപേക്ഷകന്റെ സാമ്ബത്തിക നില തുടങ്ങിയവ ഉള്‍പ്പെടുന്ന വിശദമായ രേഖകളും ലൈസന്‍സ് ലഭിക്കാനായി സമര്‍പ്പിക്കണം.

വൈന്‍ നിര്‍മ്മാണ യൂണിറ്റിന് അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കാര്‍ഷിക വകുപ്പിലെ അസി.ഡയറക്ടര്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പിലെ അസി.കമ്മിഷണറും പൊതുമരാമത്ത് വകുപ്പിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിലെ ഇന്‍സ്‌പെക്ടറും സമിതിയിലെ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റിയുടെ ശുപാര്‍ശ ഉള്‍പ്പെടുത്തി എക്‌സൈസ് കമ്മിഷണര്‍ക്കു ഡെപ്യൂട്ടി കമ്മിഷണര്‍ ശുപാര്‍ശ നല്‍കണം.

എക്‌സൈസ് കമ്മിഷണര്‍ അപേക്ഷകന്റെ വിവരങ്ങള്‍ പരിശോധിച്ച്‌, മുന്‍പ് അബ്കാരി കേസില്‍ പ്രതിയല്ലെന്നും ധനസ്ഥിതി തൃപ്തികരമെന്നും ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്ബോള്‍ ഡെപ്യൂട്ടി കമ്മിഷണറാണ് ലൈസന്‍സ് പുതുക്കേണ്ടത്. വൈന്‍ നിര്‍മ്മാണ കേന്ദ്രത്തിലെ വിവിധ റൂമുകളിലേക്ക് ഒരു വാതില്‍ മാത്രമേ പാടുള്ളൂ. ഒരു താക്കോല്‍ ഉടമസ്ഥനും ഒരു താക്കോല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും സൂക്ഷിക്കണം. ഉല്‍പ്പാദന കേന്ദ്രത്തിന്റെ ജനലുകള്‍ ഇരുമ്ബ് ഗ്രില്ലുകൊണ്ട് സുരക്ഷിതമാക്കണമെന്നും ചട്ടങ്ങളില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക