കോട്ടയം: കെ.എം. മാണിയുടെ സ്‌നേഹത്തിന്‌ അതിര്‍വരമ്ബുകളില്ലായിരുന്നെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി എം.പി. രാഷ്‌ട്രീയമോ ജാതിമത വ്യത്യാസങ്ങളോ ആശയഭേദങ്ങളോ ആ സ്‌നേഹത്തിനു തടസമായില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന “കെ.എം. മാണി സ്‌മൃതിസംഗമ”ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തിലും കെ.എം. മാണിയുടെ ജീവിതത്തിലും ഏറെ സ്‌ഥാനമുള്ള കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച സ്‌മൃതിസംഗമത്തിലേക്ക്‌ നിരവധി ആളുകളാണ്‌ അണമുറിയാതെ ഒഴുകിയെത്തിയത്‌. മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച “കെ.എം. മാണി സ്‌മൃതിസംഗമം” കേരളാ കോണ്‍ഗ്രസിനും പുതുചരിത്രമായി. പാര്‍ട്ടി പിറവിയെടുത്ത തിരുനക്കര മൈതാനത്തു പ്രത്യേകം തയാറാക്കിയ വേദിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി എം.പി. രാവിലെ ഒന്‍പതിനു കെ.എം. മാണിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തിയതോടെയാണു സ്‌മൃതിസംഗമത്തിനു തുടക്കമായത്‌. തുടര്‍ന്നു കെ.എം. മാണിയുടെ ചിത്രത്തില്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍ പുഷ്‌പം അര്‍പ്പിച്ചു. ചീഫ്‌ വിപ്പ്‌ പ്രഫ.എന്‍. ജയരാജ്‌, തോമസ്‌ ചാഴികാടന്‍ എം.പി, ജോബ്‌ മൈക്കിള്‍ എം.എല്‍.എ, പ്രമോദ്‌ നാരായണന്‍ എം.എല്‍.എ, സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജ്‌, കോട്ടയം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം തുടങ്ങിയവര്‍ പുഷ്‌പാര്‍ച്ച നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനു പിന്നാലെ സംസ്‌ഥാന സ്‌റ്റിയറിങ്‌ കമ്മറ്റിയംഗങ്ങളും സംസ്‌ഥാന കമ്മറ്റിയംഗങ്ങളും പുഷ്‌പങ്ങള്‍ അര്‍പ്പിച്ചു. കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകര്‍ ചടങ്ങിനെത്തിയിരുന്നു. രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക-ആത്മീയ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. അനുസ്‌മരണ സമ്മേളനങ്ങളുടെ പതിവു രീതികളില്‍നിന്നു വ്യത്യസ്‌തമായിട്ടായിരുന്നു ചടങ്ങ്‌. രാഷ്‌ട്രീയത്തിനതീതമായി കെ.എം. മാണി എന്ന നേതാവിനെ അനുസ്‌മരിക്കാനാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചതെന്നു പരിപാടിയുടെ ജനറല്‍ കണ്‍വീനറായ മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.

രാവിലെ ഏഴിനു ജോസ്‌ കെ. മാണിയും കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും പാലാ കത്തീഡ്രല്‍ പള്ളിയിലെത്തി കെ.എം. മാണിയുടെ കബറിടത്തിലെ പ്രാര്‍ഥനകളിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു. ഇന്നു മുതല്‍ 15 വരെ എല്ലാ ജില്ലയിലും കേരളത്തിനു പുറത്തും അനുസ്‌മരണച്ചടങ്ങുകള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും കാരുണ്യ ഭവനം നിര്‍മിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക