അഹമ്മദാബാദ്: ഡ്യൂട്ടിയിലുള്ള പൊലീസുകാരന് നേരെ കാര്‍ ഓടിച്ചുകയറ്റി ബോണറ്റിലിരുത്തി ഓടിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി യുവനേതാവിനെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എ.എ.പി യുവജന വിഭാഗം നേതാവ് യുവരാജ് സിങ് ജഡേജയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. സമരം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അസിസ്റ്റന്‍റ് സ്കൂള്‍ ടീച്ചേഴ്സ് ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയാണ് ജഡേജ പൊലീസ് ആസ്ഥാനത്ത് എത്തിയത്. പിന്നീടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ജഡേജ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട കോണ്‍സ്റ്റബിളിന് നേരെ ജഡേജ കാറോടിച്ച്‌ കയറ്റി. ഇതോടെ പൊലീസുകാരന്‍ വാഹനത്തിന്‍റെ ബോണറ്റിലേക്ക് വീണു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ജഡേജയുടെ കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അറസ്റ്റ് ചെയ്ത ജഡേജയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ. റാണ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ജഡേജയെ ഭയക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും എ.എ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ റിക്രൂട്ട്മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങള്‍ക്ക് ജഡേജ തുടക്കമിട്ടിരുന്നു. ക്രമക്കേട് നടന്ന ക്ലാര്‍ക്ക് റിക്രൂട്ട്‌മെന്റിനുള്ള രണ്ട് പരീക്ഷകള്‍ അദ്ദേഹത്തിന്റെ പരാതികളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക