എറണാകുളം: സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധങ്ങള്‍ കടുക്കുമ്പോൾ വിശ്വസിച്ച്‌ വെച്ചിരിക്കുന്നത് ഒന്നും സത്യമല്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റെയും മിണ്ടാട്ടം മുട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. സില്‍വര്‍ ലൈനിന്റെ വലയില്‍ പെട്ടവര്‍ക്ക് ബാങ്കുകളില്‍ നിന്നും ലോണ്‍ നിഷേധിക്കപ്പെടുന്നതായാണ് പരാതികള്‍ ഉയരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിച്ച പ്രദേശങ്ങളിലാണ് ബാങ്കുകാര്‍ ലോണ്‍ നിഷേധിക്കുന്നത്. ഇതോടെ വായ്പ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ഇരുട്ടടിയായി.

അങ്കമാലിയില്‍ അതിരടയാളക്കല്ല് നിക്ഷേപിച്ച പ്രദേശങ്ങളിലെ നാട്ടുകാരാണ് ഏറ്റവും ഒടുവില്‍ പരാതി ഉന്നയിച്ചത്. വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമേ വായ്പ നല്‍കുവെന്നാണ് ബാങ്കുകളുടെ നിലപാട്. എന്നാല്‍ അനുമതി പത്രം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെന്ന് റവന്യുവകുപ്പ് വിശദീകരണം നല്‍കിയതോടെയാണ് വായ്പയ്‌ക്കായി അപേക്ഷിച്ചവര്‍ വെട്ടിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലരും വീട് പുതുക്കി പണിയാന്‍ പഴയത് പൊളിച്ചു മാറ്റിയിരുന്നു. സില്‍വന്‍ ലൈന്‍ പദ്ധതിക്കായി സര്‍വ്വെ തുടങ്ങും മുമ്ബായിരുന്നു സംഭവം. വായ്പ നല്‍കുമെന്ന ബാങ്കിന്റെ വാഗ്ദാനത്തിന്മേലാണ് പലരും വീട് പൊളിച്ചത്. എന്നാല്‍ ഇതിനിടെ കെ റെയിലിന്റെ പേരില്‍ ഉദ്യോഗസ്ഥരെത്തി കല്ലിട്ടതോടെ ബാങ്കുകാര്‍ മലക്കം മറിഞ്ഞു. ഈടായി ഭൂമി നല്‍കാന്‍ എതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. എന്നാല്‍ ഇത് നല്‍കാന്‍ റവന്യുവകുപ്പ് തയ്യാറാകാതെ വന്നതോടെ വീട്ടുകാര്‍ പെരുവഴിയിലായി.

വിഷയത്തില്‍ നേരത്തെ തന്നെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിലപാട് അറിയിച്ചിരുന്നു. അതിരടയാള കല്ല് സര്‍വ്വേയുടെ ഭാഗം മാത്രമാണെന്നും കല്ല് നാട്ടിയതിന്റെ പേരില്‍ വായ്പ നിഷേധിക്കരുതെന്നും ധനമന്ത്രി നിര്‍ദേശിച്ചു. അത്തരം നീക്കങ്ങള്‍ നടത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുറ്റി നാട്ടിയതിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെടുന്ന വീട്ടുകാര്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക