കണ്ണൂര്‍: ബസില്‍ വച്ച്‌ തന്നെ ഉപദ്രവിച്ച ആളെ ഓടിച്ചിട്ട് പിടിച്ച്‌ പൊലീസിനെ ഏല്‍പ്പിച്ച്‌ 21 കാരി. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ പിടി ആരതിയാണ് തന്റെ ആത്മധൈര്യം കൊണ്ട് പുതിയ മാതൃക സൃഷ്ടിച്ചത്. കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്ബോഴാണ് ആരതിയ്ക്ക് മോശം അനുഭവമുണ്ടായത്. പ്രതികരിച്ചതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി. എന്നാല്‍ ഇയാളെ വിടാതെ പിന്തുടര്‍ന്ന് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ ആരതി കയറിയത്. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ കണ്ടക്ടറിനോട് കാര്യം പറഞ്ഞപ്പോള്‍ അയാളോട് ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. എന്നാല്‍ ഇയാളെ വിടരുതെന്നും പൊലീസിനെ ഏല്‍പ്പിക്കണമെന്നും ആരതി പറഞ്ഞു. പിങ്ക് പൊലീസിനെ വിളിക്കാനായി ഫോണ്‍ എടുത്തപ്പോഴേക്കും ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി.

ഇയാളെ പിടിക്കാനായി ആരതി പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്ബോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടി തന്റെ അനുഭവം പങ്കുവച്ചത്. നമ്മുടെ സുരക്ഷ നമ്മുടെ കയ്യില്‍ തന്നെയാണെന്നും പൊലീസിനെ വിളിക്കാനോ മറ്റ് സുരക്ഷാ മാര്‍​ഗങ്ങള്‍ തേടാനോ മടി കാണിക്കരുതെന്നും ആരതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക